മുദ്രാ വാക്യങ്ങളുടെ നരിവേട്ട! കഥയും കഥാപാത്രങ്ങളും സാങ്കൽപ്പികമാണ് എന്നു പറഞ്ഞാണ് എല്ലാ സിനിമയും ആരംഭിക്കുക. എന്നാൽ നരിവേട്ട പൂർണമായും സാങ്കൽപ്പികമല്ല. കഥയ്ക്കും കഥാപാത്രങ്ങൾക്കും ജീവിച്ചിരിക്കുന്നവരോ മരിച്ചവരോ ആയി സാമ്യമുണ്ട്. 2003 ഫെബ്രുവരി 19ന് വയനാട്ടിലെ മുത്തങ്ങയിൽ നടന്ന സംഭവങ്ങളെ കഥാകാരന്റെ ഭാവന കൂടി ചേർത്തുവെച്ച് അവതരിപ്പിക്കുകയാണ് നരിവേട്ട. ഫെബ്രുവരിയിലാണ് സംഭവങ്ങളെന്ന് സിനിമ സൂചിപ്പിക്കുന്നില്ല. സിനിമയിൽ കഥ നടക്കുന്നത് 2003 നവംബറിലെ രണ്ടാം വാരത്തിൽ മൂന്നു ദിവസങ്ങളിലായാണ്. മുത്തങ്ങയ്ക്ക് പകരം സിനിമ ചീയമ്പത്തേക്ക് കഥയേയും കഥാപാത്രങ്ങളേയും മാറ്റിയിട്ടുണ്ട്. മുത്തങ്ങ സമര കാലത്ത് പരക്കെ പറയപ്പെട്ടിരുന്ന സംശയങ്ങളാണ് സിനിമയുടെ അടിത്തട്ടിലൂടെ സഞ്ചരിക്കുന്നത്. അടിച്ചമർത്തുകയോ ചോദ്യം ഉയർത്തുകയോ ചെയ്യുന്ന സമൂഹത്തിന് നേരെ അധികാരി വർഗ്ഗം എല്ലായ്‌പോഴും പ്രയോഗിക്കുന്ന അതേ വാക്കുകൾ തന്നെയാണ് ഭൂമിക്കു വേണ്ടി സമരം ചെയ്യുന്ന ആദിവാസികളുടെ നേരേയും ആരോപിക്കുന്നത് മാവോയിസ്റ്റുകളുടെ സാന്നിധ്യവും സഹായവുമുണ്ടെന്നത്! ഇഷ്ഖിൽ നിന്നും നരിവേട്ടയിലെത്തുമ്പോൾ അനുരാജ് മനോഹറെന്ന സംവിധായകൻ തന്റെ സ്ഥാനം അരക്കെട്ടുറപ്പിക്കുന്നുണ്ട്.




മാത്രമല്ല ടൊവിനോ തോമസ് എന്ന നടനിലെ വ്യത്യസ്ത ഭാവങ്ങൾ അതിമനോഹരമായി ക്യാമറയിലേക്ക് പകർത്താനും വർഗ്ഗീസ് പീറ്ററെന്ന യുവാവിന്റെ മനസ്സും അയാളുടെ ചിന്തകളും കാഴ്ചക്കാരിലേക്ക് എത്തിക്കാനും സിനിമയ്ക്ക് സാധിക്കുന്നു. സി കെ ജാനുവിനെ സി കെ ശാന്തയായും എം ഗീതാനന്ദനെ മധുവുമായി അവതരിപ്പിക്കുന്ന സിനിമയിൽ ഇവരെ പ്രേക്ഷകർ പെട്ടെന്ന് തിരിച്ചറിയും. പൊലീസുകാർ ഉൾപ്പെടെ പൊതുസമൂഹത്തിന് പെട്ടെന്ന് തിരിച്ചറിയാനാവാത്ത ചില കഥാപാത്രങ്ങളേയും യാഥാർഥ്യത്തിൽ നിന്നുതന്നെയാണ് കഥാകൃത്ത് കൊണ്ടുവന്നിരിക്കുന്നത്. വർഗ്ഗീസെന്ന കഥാപാത്രമായി ടൊവിനോ അസാമാന്യമായ പ്രകടനമാണ് കാഴ്ചവെച്ചിരിക്കുന്നത്. വയനാടും തിരുനെല്ലിക്കാടും ചീയമ്പവും വള്ളിയൂർക്കാവ് ഉത്സവവുമൊക്കെ വരുന്ന ഫ്രെയിമിലേക്ക് പരകായ പ്രവേശനം ചെയ്യേണ്ടിയിരിക്കുന്ന കുട്ടനാട്ടുകാരൻ യുവാവിന് വർഗ്ഗീസ് എന്നതിനേക്കാൾ മികച്ചൊരു പേര് നൽകാനില്ല.





 ഒരു പേരിനേയും പല സംഭവങ്ങളേയും ഒരേ പശ്ചാതലത്തിലേക്ക് കൊണ്ടുവന്ന് എഴുത്തുകാരൻ അബിൻ ജോസഫ് എന്തൊരു മാന്ത്രികതയാണ് തന്റെ സൃഷ്ടിയിൽ കാഴ്ചവെച്ചിരിക്കുന്നത്! ടൊവിനോയുടെ വർഗ്ഗീസാണ് സിനിമയിലെ പ്രധാന കഥാപാത്രം. വലിയ ലക്ഷ്യങ്ങളെ കുറിച്ച് സംസാരിക്കുകയും ചെറിയ നേട്ടങ്ങൾ കൈവിട്ടു കളയുകയും ചെയ്യുന്ന വർഗ്ഗീസ് വെറും പൈങ്കിളിയോ സ്വപ്‌നസഞ്ചാരിയോ തൊഴിലില്ലായ്മയുടെ എല്ലാ തീക്ഷ്ണാനുഭവങ്ങളേയും യാതൊരു ഉളുപ്പുമില്ലാതെ സ്വീകരിക്കയോ ചെയ്യുന്ന യുവാവ് മാത്രമാണ് ആദ്യ ഭാഗത്ത്. വലിയ കാര്യങ്ങൾ സംസാരിക്കുമ്പോഴും അയാൾ എവിടേയും എത്തുന്നില്ല. അതുകൊണ്ടാണ് സ്വപ്‌നങ്ങൾക്കായി സഞ്ചരിച്ചാൽ ലോകം നിങ്ങളോടൊപ്പം നിൽക്കുമെന്ന പൗലോ കൊയ്‌ലോയുടെ വാചകം വർഗ്ഗീസ് പറയുമ്പോൾ 'നിന്റെ പൗലോ കൊയ്‌ലോയ്ക്ക് പുര നിറഞ്ഞു നിൽ്ക്കുന്ന കാമുകി ഇല്ലായിരുന്നുവെന്ന്' അവന്റെ കാമുകിക്ക് പറയേണ്ടി വരുന്നത്.




തിരക്കഥയുടെ ശക്തിയും സംഭാഷണത്തിന്റെ മികവും സംവിധായകന്റെ കഴിവും അഭിനേതാക്കളുടെ ശക്തമായ പ്രകടനങ്ങളും അവസരത്തിനൊത്തുള്ള വരികളുള്ള ഗാനങ്ങളും അതിനൊരുക്കിയ സംഗീതവും പശ്ചാതലത്തിന് ഏറ്റവും മികച്ചത് നൽകുന്ന സംഗീതവും ഷോട്ടുകളും സീനുകളും ചേർ്ത്തുവെച്ച എഡിറ്റിംഗും ദൃശ്യങ്ങളെ അതാവശ്യപ്പെടുന്ന തീവ്രതയിൽ വെള്ളിത്തിരയിലേക്ക് കൊണ്ടുവന്ന ക്യാമറയുമെല്ലാം ചേർന്ന് നരിവേട്ടയെ തിയേറ്റർ അനുഭവത്തിലൂടെ കാഴ്ചപ്പെടുത്തേണ്ട സിനിമകളുടെ പട്ടികയിലാണ് കൊണ്ടുനിർത്തുന്നത്. അക്ഷരങ്ങളെ ദൃശ്യങ്ങളിലേക്ക് പരിവർത്തിപ്പിച്ച് സിനിമയ്ക്ക് മാത്രം കാഴ്ചവെക്കാൻ കഴിയുന്ന ചില അത്ഭുതങ്ങളും മാന്ത്രിക നിമിഷങ്ങളുമുണ്ട്. അത്തരത്തിലുള്ള അത്ഭുതങ്ങൾ നിറയെ ഒതുക്കിവെച്ച ചലച്ചിത്രമാണ് നരവേട്ടയെന്നും വായിക്കാവുന്ന നരിവേട്ട. നരവേട്ടയെന്നെഴുതി നരയ്ക്ക് ശേഷമുള്ള വള്ളിയെ മറ്റൊരു രീതിയിലും നിറത്തിലും കൊടുത്ത് രണ്ടർഥങ്ങൾ കൊടുത്ത അതേ മാന്ത്രികത തന്നെ സിനിമ മുഴുവൻ നിലനിർത്തുന്നുണ്ട് അണിയറ പ്രവർത്തകർ.

Find out more: