ആവശ്യങ്ങൾ അംഗീകരിക്കാമെന്ന് ഉറപ്പ് നൽകിയതിനെ തുടർന്ന് ദയാബായി സമരം അവസാനിപ്പിക്കുമെന്ന് മന്ത്രിമാർ! സമരസമിതിയുമായി മന്ത്രിമാർ നടത്തിവന്ന ചർച്ചയ്ക്കൊടുവിലാണ് തീരുമാനം. സമരം അവസാനിപ്പിക്കാമെന്ന് ദയാബായി അറിയിച്ചെന്ന് മന്ത്രിമാരായ ആർ ബിന്ദുവും വീണ ജോർജും അറിയിച്ചു.എൻഡോസൾഫാൻ ദുരിത ബാധിതർക്ക് നീതി ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് സാമൂഹ്യ പ്രവർത്തക ദയാബായി നടത്തിവന്ന സമരം അവസാനിപ്പിച്ചേക്കും. എൻഡോസ‌ൾഫാൻ ദുരിത ബാധിതർക്കായി പഞ്ചായത്തുകൾ തോറും ദിനപരിചരണ കേന്ദ്രങ്ങൾ തുടങ്ങുക, മെഡിക്കൽ കോളേജ് പൂർണ സജ്ജമാക്കുക, എയിംസ് പരിഗണനാപ്പട്ടികയിലേക്ക് കാസർകോഡിനേയും ഉൾപ്പെടുത്തുക എന്നീ ആവശ്യങ്ങൾ ഉയർത്തിയായിരുന്നു ദയാബായിയുടെ സമരം.




 സമരസിമതിയുടെ 90 ശതമാനം ആവശ്യങ്ങളും നടപ്പിലാക്കാൻ കഴിയുന്നതാണെന്ന് മന്ത്രിമാർ ചർച്ചയ്ക്ക് ശേഷം പ്രതികരിച്ചു. മന്ത്രിമാർ ദയാബായിയെ ആശുപത്രിയിലെത്തി കാണും. സമരം അവസാനിപ്പിക്കാൻ മുഖ്യമന്ത്രിയുടെ നിർദേശപ്രകാരമാണ് മന്ത്രിമാർ സമരസമിതിയുമായി ചർച്ച നടത്തിയത്.ആരോഗ്യ വകുപ്പും ഈ വിഷയത്തിൽ കൃത്യമായി ഇടപെടുന്നുണ്ടെന്നും സർക്കാർ വ്യക്തമാക്കി. ജില്ലയിൽ ന്യൂറോളജിസ്റ്റുകളുടെ തസ്തിക സൃഷ്ടിച്ച് സേവനം ലഭ്യമാക്കി. കൂടാതെ, കാർഡിയോളജിസ്റ്റ്, കാത്ത് ലാബ്, സി സി യു, ഇ ഇ ജി മെഷീൻ എന്നീ സൗകര്യങ്ങളും ലഭ്യമാക്കുകയുണ്ടായി. കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ സ്പെഷ്യൽ ന്യൂ ബോൺ കെയർ യൂണിറ്റ് സാധ്യമാക്കി. നെഗറ്റീവ് പ്രഷർ സംവിധാനമുള്ള പീഡിയാട്രിക് വാർഡ് സജ്ജമാക്കി.മെഡിക്കൽ കോളജിനനുവദിച്ച 272 തസ്തികകളിൽ പകുതി ഇപ്പോൾ നിയമനം നടത്തി കഴിഞ്ഞു. ചർച്ചയിൽ എൻഡോസൾഫാൻ ദുരിതബാധിതർക്കായി കാസർകോട് ജില്ലയിൽ സർക്കാർ സ്വീകരിച്ച നടപടികൾ മന്ത്രമാർ വിശദീകരിച്ചു.






   2017 ജൂണിൽ, റവന്യു ഭവന നിർമ്മാണ വകുപ്പ് മന്ത്രിയെ അധ്യക്ഷനാക്കി ജില്ലാതല സെൽ രൂപീകരിച്ചു. സന്നദ്ധ സംഘടനകളെയും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെയും ഏകോപിപ്പിച്ച് ദുരിതബാധിതരുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണുക എന്നതാണ് ജില്ലാതല സെല്ലിൻറെ ചുമതല. ദുരിത ബാധിതരെ കണ്ടെത്തുന്നതിനായി 2011, 2013, 2017,2 019 വർഷങ്ങളിൽ ജില്ലയിൽ 38 മെഡിക്കൽ ക്യാമ്പുകൾ നടത്തിയിരുന്നു. ആകെ 6727 പേർ അടങ്ങുന്ന ദുരിതബാധിതരുടെ ഇതിൻറെ ഭാഗായി പട്ടിക തയ്യാറാക്കി. നാളിതുവരെ ആകെ 477,69,04,899 രൂപ ഇവരുടെ ക്ഷേമത്തിനായി അനുവദിച്ചിട്ടുണ്ട്.




  ന്യൂറോ വിഭാഗം ഉൾപ്പെടെയുള്ള സ്പെഷ്യാലിറ്റി ചികിത്സ ഇവിടെ ലഭ്യമാണ്. മെഡിക്കൽ കോളേജിന് 160 കോടി രൂപ സർക്കാർ അനുവദിച്ചു. പുതിയ കെട്ടിടം നിർമ്മാണം പുരോഗമിക്കുകയാണ്. പഴയ കെട്ടിടത്തിൻറെ നിർമ്മാണം പൂർത്തിയാക്കുന്നതിന് 23 കോടി രൂപ അനുവദിച്ചിട്ടുണ്ട്. മെഡിക്കൽ കോളജിനനുവദിച്ച 272 തസ്തികകളിൽ പകുതി ഇപ്പോൾ നിയമനം നടത്തി. അത്യാധുനിക സംവിധാനത്തോടു കൂടിയുള്ള ഇന്റഗ്രേറ്റഡ് പബ്ലിക് ഹെൽത്ത് ലാബ് പൂർത്തീകരിച്ച് വരികയാണ്. ഒഴിഞ്ഞുകിടക്കുന്ന മുഴുവൻ തസ്തികകളും നികത്താൻ നടപടി സ്വീകരിച്ചു വരികയാണെന്നും സർക്കാർ പറയുന്നു.കാസർഗോഡ് സർക്കാർ മെഡിക്കൽ കോളേജിൽ 2022 ജനുവരി മൂന്ന് മുതൽ ഒപി ആരംഭിച്ചു.

Find out more: