രാജ്യത്തെ റെയിൽവേ സ്റ്റേഷനുകളിൽ സൗജന്യ വൈഫൈ സേവനം നിർത്താനൊരുങ്ങി ഗൂഗിൾ. മൊബൈൽ ഡാറ്റാ പ്ലാനുകൾ ആളുകൾക്ക് ഉപയോഗിക്കാവുന്ന രീതിയിലേക്കെത്തിയെന്നും കണക്ടിവിറ്റി സൗകര്യങ്ങൾ മെച്ചപ്പെട്ടുവെന്നും ചൂണ്ടിക്കാട്ടിയാണ് ഗൂഗിൾ റെയിൽവേ സ്റ്റേഷനുകളിലെ സൗജന്യ പദ്ധതി നിർത്താൻ ഒരുങ്ങുന്നത്.
കൂടുതൽ ഉപയോക്താക്കൾ മൊബൈൽ ഡാറ്റ ഉപയോഗിക്കുന്നതിനാൽ, ഗൂഗിൾ സ്റ്റേഷൻ പദ്ധതിയിലൂടെ സൗജന്യ വൈഫൈ സേവനം നല്‍കുന്നത് തങ്ങള്‍ക്കും പങ്കാളികൾക്കും ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ടെന്നാണ് ഗൂഗിൾ പറയുന്നത്.
2015ലാണ് ഗൂഗിൾ റെയിൽവേ സ്റ്റേഷനുകളിൽ സൗജന്യ വൈഫൈ നൽകുന്ന പദ്ധതി ആരംഭിക്കുന്നത്. അഞ്ച് വർഷം മുന്നത്തെ കാലം അപേക്ഷിച്ച് മൊബൈൽ ഡാറ്റാ സേവനങ്ങൾ വിലകുറഞ്ഞതും എളുപ്പമുള്ളതുമായി മാറിയെന്നും ഗൂഗിൾ പറയുന്നു.
2019 ലെ ട്രായ് പ്രകാരം കഴിഞ്ഞ 5 വർഷത്തിനുള്ളിൽ മൊബൈൽ ഡാറ്റ നിരക്കുകൾ 95 ശതമാനം കുറഞ്ഞു. ഇപ്പോൾ ജിബി നിരക്കിൽ ഏറ്റവും വിലകുറഞ്ഞ മൊബൈൽ ഡാറ്റയാണ് ഇന്ത്യയിലുള്ളത്.
ഇന്ന് ഇന്ത്യൻ ഉപയോക്താക്കൾ എല്ലാ മാസവും ശരാശരി 10 ജിബി ഡാറ്റയ്ക്കടുത്താണ് ഉപയോഗിക്കുന്നത്.
കേന്ദ്ര സർക്കാർ ചെയ്തതിനു സമാനമായി, നിരവധി സർക്കാരുകളും പ്രാദേശിക സ്ഥാപനങ്ങളും ഇപ്പോൾ ഇന്‍റർനെറ്റ് പദ്ധതികൾ ആരംഭിച്ചിട്ടുണ്ടെന്നും ഗൂഗിൾ തങ്ങളുടെ ബ്ലോഗിലൂടെ പറഞ്ഞു.
ഇത്തരം പദ്ധതികൾ ആരംഭിച്ചത് ആളുകള്‍ക്ക് എളുപ്പത്തിലും കുറഞ്ഞ നിരക്കിലും ഇന്‍റർനെറ്റ് ലഭ്യമാക്കാനിടയാക്കിയിട്ടുണ്ടെന്നും ഗൂഗിൾ ചൂണ്ടിക്കാട്ടി.
രാജ്യത്തുടനീളം 400 റെയിൽവേ സ്റ്റേഷനുകളിൽ സൗജന്യ വൈ ഫൈ സേവനം ഏർപ്പെടുത്തുന്ന 'ഗൂഗിൾ സ്റ്റേഷൻ' പദ്ധതി 2015 സെപ്റ്റംബറിലാണ് ഗൂഗിൾ പ്രഖ്യാപിച്ചത്. ജൂൺ 2018 ഓടെയായിരുന്നു പദ്ധതി വിജയകരമായി പൂർത്തീകരിക്കുന്നത്.
click and follow Indiaherald WhatsApp channel