ഉമ്മൻ ചാണ്ടിയില്ലാതെ കോൺഗ്രസ്; ഉപതെരഞ്ഞെടുപ്പിൽ എന്താകും ഫലം? കോൺഗ്രസ് സ്ഥാനാർഥിയായി ഉമ്മൻ ചാണ്ടിയുടെ കുടുംബത്തിൽ നിന്ന് തന്നെ ഒരാളെത്തുമെന്നും അത് ചാണ്ടി ഉമ്മൻ തന്നെയായിരിക്കുമെന്നാണ് കോൺഗ്രസ് പ്രവർത്തകർ ഉൾപ്പെടെ പറയുന്നത്. മറുവശത്ത് എൽഡിഎഫിനായി ജെയ്ക് സി തോമസ് തന്നെ പോരാട്ടത്തിനിറങ്ങുമോയെന്നും അതോ റജി സഖറിയോ മറ്റാരെയെങ്കിലുമോ എൽഡിഎഫിനായി എത്തുമോയെന്നുമാണ് ഇടത് അനുകൂലികൾ ഉറ്റുനോക്കുന്നത്. കഴിഞ്ഞ 53 വർഷമായി ഉമ്മൻ ചാണ്ടിയാണ് പുതുപ്പള്ളിയിലെ എംഎൽഎയെങ്കിലും പുതുപ്പള്ളി നിയോജക മണ്ഡലത്തിൽപ്പെടുന്ന ഭൂരിഭാഗം തദ്ദേശ സ്ഥാപനങ്ങളും നിലവിൽ എൽഡിഎഫിനൊപ്പമാണ്. അതുകൊണ്ട് തന്നെ ഉമ്മൻ ചാണ്ടിയില്ലാതെ തെരഞ്ഞെടുപ്പിനിറങ്ങുന്ന കോൺഗ്രസിന് കാര്യങ്ങൾ അത്ര എളുപ്പമായേക്കില്ല.
പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിലേക്ക് കടക്കുമ്പോൾ സ്ഥാനാർഥി പട്ടികയിൽ ആരൊക്കെയാകും എന്ന ചർച്ചകളും സോഷ്യൽ മീഡിയയിൽ സജീവമായിരിക്കുകയാണ്.1970ൽ തൻറെ ഇരുപതാം വയസിലാണ് ഉമ്മൻ ചാണ്ടി പുതുപ്പള്ളിയിൽ ആദ്യമായി മത്സരിക്കുന്നത്. അന്ന് ഇടതുപക്ഷത്തിൻറെ സിറ്റിങ് സീറ്റിൽ 7128 വോട്ടുകൾക്കായിരുന്നു വിജയം. പിന്നീട് ഭൂരിപക്ഷം മൂന്നിരട്ടിവരെ വർധിപ്പിച്ചാണ് ഉമ്മൻ ചാണ്ടിയെ പുതുപ്പള്ളി നിയമസഭയിലേക്ക് അയച്ചത്. പിന്നീട് രണ്ട് തവണ മാത്രമാണ് അദ്ദേഹത്തിൻറെ ഭൂരിപക്ഷം പതിനായിരത്തിൽ താഴെയെത്തിയത്. 1987 ൽ വിഎൻ വാസവനെതിരേ 9164 , 2021ൽ ജെയ്ക് സി തോമസിനെതിരെ 9044 എന്നിവ. 2011ൽ ഉമ്മൻ ചാണ്ടിയ്ക്ക് 33,255 വോട്ടുകളുടെ വരെ ഭൂരിപക്ഷം ലഭിച്ചിരുന്ന മണ്ഡലത്തിലാണ് ജെയ്ക് കഴിഞ്ഞതവണ മികച്ച പ്രകടനം നടത്തിയത്.
അതുകൊണ്ട് തന്നെ ജെയ്ക്കിനെ സിപിഎം വീണ്ടും രംഗത്തിറക്കിയാൽ അത്ഭുതപ്പെടാനൊന്നുമില്ല. ജെയ്ക്കിന് പുറമെ മുൻപ് ഉമ്മൻ ചാണ്ടിക്കെതിരെ മത്സരിച്ചിട്ടുള്ള റജി സഖറിയുടെ പേരും ഉയർന്ന് കേൾക്കുന്നുണ്ട്. 2021ലെ നിയമസഭ തെരഞ്ഞെടുപ്പിൽ ഉമ്മൻ ചാണ്ടിയ്ക്ക് ശക്തമായ വെല്ലുവിളിയായിരുന്നു ജെയ്ക് സി തോമസ് ഉയർത്തിയത്. ഉമ്മൻ ചാണ്ടിയുടെ വിയോഗത്തെത്തുടർന്ന് നടക്കുന്ന തെരഞ്ഞെടുപ്പ് ആയതിനാൽ തന്നെ സഹതാപ തരംഗവും വോട്ടായി മാറുമെന്നതിൽ സംശയമില്ല. തെരഞ്ഞെടുപ്പ് ഒരുക്കങ്ങളിലേക്കു വൈകാതെ കടക്കുമെന്ന് രമേശ് ചെന്നിത്തല കഴിഞ്ഞദിവസം പറഞ്ഞിരുന്നു.
ഏതു ഘട്ടത്തിലും സി പിഎം തെരഞ്ഞെടുപ്പിനു തയാറാണെന്ന് എൽഡിഎഫ് കൺവീനർ ഇപി ജയരാജനും വ്യക്തമാക്കി കഴിഞ്ഞു. പുതുപ്പള്ളി നിയോജക മണ്ഡലത്തിൽപ്പെടുന്ന എട്ട് പഞ്ചായത്തുകളിൽ രണ്ടെണ്ണം മാത്രമാണ് ഇപ്പോൾ യുഡിഎഫ് ഭരിക്കുന്നത്. ആറ് പഞ്ചായത്ത് എൽഡിഎഫിനൊപ്പം ആണ്. ഇത് നിയമസഭാ തെരഞ്ഞെടുപ്പിലും പ്രതിഫലിക്കുമോയെന്നാണ് ഇടത് അനുകൂലികൾ ഉറ്റുനോക്കുന്നത്. വാകത്താനം, പുതുപ്പള്ളി, പാമ്പാടി, മണർക്കാട്, കൂരോപ്പട, അകലകുന്നം പഞ്ചായത്തുകളിൽ എൽഡിഎഫും അയർക്കുന്നം, മീനടം പഞ്ചായത്തിൽ യുഡിഎഫുമാണ് ഭരണത്തിൽ.
Find out more: