അങ്ങനെ മലയാളികളുടെ വീട്ടിലെ സ്വീകരണ മുറികളിൽ ഇനി മുതൽ ബിഗ്‌ബോസ് താരങ്ങളുടെ ബഹളങ്ങളും ഉയരും. കഴിഞ്ഞ ഞായറാഴ്ചയാണ് എല്ലാവരും ബിഗ്‌ബോസ് വീട്ടിലെത്തിയത്. ആഘോഷാരവങ്ങളും നൃത്തചുവടുകളും സംഗീതമേളങ്ങളോടെയുമാണ് ഓരോ താരങ്ങളും വീട്ടിലേക്ക് കടന്നത്. ബിഗ് ബോസ് മലയാളം സീസൺ രണ്ടിൽ പതിനേഴ് മത്സരാർഥികളാണ് മാറ്റുരക്കാൻ എത്തുന്നത്.

 

    എത്തിയവരിൽ കൂടുതൽ പേരും സോഷ്യൽ മീഡിയയിലൂടെ ശ്രദ്ധ നേടിയവരും ഹാസ്യരംഗങ്ങൾ കൈകാര്യം ചെയ്യുന്നവരുമാണ്. സൈബർ ലോകത്തെ മിന്നു താരമായി എത്തിയത് ടിക് ടോക്കിൽ ഹീറോയായ ഫുക്രു എന്ന വ്യക്തിയാണ്. കൊട്ടാരക്കര സ്വദേശിയായ ഫുക്രുവിന്റെ യഥാർത്ഥ പേര് കൃഷ്ണ ജീവ് എന്നാണ്. കണ്ടും കെട്ടും മടുത്ത പഴകിയ ടിക്ടോക് വീഡിയോകളിൽ നിന്ന് വ്യത്യസ്തമായി സ്വന്തം രൂപവും ശബ്ദവും കോർത്തിണക്കി ഒരു പിടിപിടിച്ചപ്പോൾ ഫുക്രു ടിക്ടോക്കിലെ ശ്രദ്ധേയനായി.

 

    ഫുക്രുവിനെ കൂടാതെ സോഷ്യൽ മീഡിയയുടെ കണ്ടെത്തലായി ബിഗ് ബോസിൽ എത്തിയ മറ്റൊരു താരമാണ് ഒമർ ലുലുവിന്റെ ഹാപ്പി വെഡ്ഡിംഗിലെ 'പരീക്കുട്ടി'. പരീക്കുട്ടിയെന്ന പെരുമ്പാവൂരുകാരനെ സോഷ്യൽ മീഡിയക്ക് സുപരിചിതനാക്കിയത് ടിക് ടോക്ക് ആണ്. നിരവധി ആൽബങ്ങളിലും പരീക്കുട്ടി പാടിയിട്ടുണ്ട്. മഞ്ജു പത്രോസാണ് സോഷ്യൽ മീഡിയ ഇഷ്ടപ്പെടുന്ന മറ്റൊരു ബിഗ്‌ബോസ് താരം. കൊച്ചിക്കാരിയായ മഞ്ജു പത്രോസ് വെറുതെ അല്ല ഭാര്യ എന്ന ഫാമിലി റിയാലിറ്റി ഷോയിലൂടെ എത്തി ടെലിവിഷനിലെ കോമഡി പരമ്പരയിലൂടെയും നിരവധി ചിത്രങ്ങളിലൂടെയും ശ്രദ്ധേയയായി.

 

    സോഷ്യൽ മീഡിയ വിവാദത്തിൽ ചില പ്രസ്താവനകളുടെ പേരിൽ വിവാദങ്ങളുടെ കേന്ദ്രസ്ഥാനത്ത് നിന്നിട്ടുള്ളയാളാണ് ബിഗ്‌ബോസിലെത്തിയ പ്രൊഫ. രജത്കുമാർ. വൻ മേക്കോവറിലാണ് രജിത് കുമാർ ബിഗ് ബോസ് വേദിയിൽ എത്തിയത്. തൂവെള്ളത്താടിയും വെളുത്ത വസ്ത്രങ്ങളുമായാണ് അദ്ദേഹം മുൻപ് വേദികളിൽ പ്രത്യക്ഷപ്പെട്ടിരുന്നതെങ്കിൽ അതെല്ലാം മാറ്റി താടി കളഞ്ഞ് തലമുടിയും മീശയും കറുപ്പിച്ചിട്ടുണ്ട് അദ്ദേഹം. 'ബൈപോളാർ മസ്താനി' എന്ന ഇൻസ്റ്റഗ്രാം അക്കൗണ്ടിലെ രേഷ്മ നായരാണ് മറ്റൊരു താരം. മോഡലിങ് ,ഇംഗ്ലീഷ് അദ്ധ്യാപികയാണ്,ജെമ്മോളജിസ്റ് തുടങ്ങിയ മേഖലകളിലും രേഷ്മ സ്റ്റാറാണ്.

 

    അഭിനയ രംഗത്ത് ഏറെ ശ്രദ്ധേയയായ തെസ്നി ഖാൻ ആണ് മറ്റൊരു ബിഗ് ബോസ് താരം. കൊച്ചിൻ കലാഭവനിലൂടെ  കലാജീവിതത്തിന്റെ തുടക്കമിട്ട തെസ്നി ഡെയ്സി എന്ന ചിത്രത്തിലൂടെയാണ് ചലച്ചിത്ര രംഗത്തേക്ക് എത്തുന്നത്.സീരിയലുകളിലും വെള്ളിമൂങ്ങ എന്ന സിനിമയിലെ പഞ്ചായത്തു പ്രസിഡന്റായും ശ്രദ്ധ നേടിയ വീണാ നായരാണ് മറ്റൊരു ശ്രദ്ധേയ താരം. ട്രോളുകളിലൂടെ മലയാളികൾക്ക് പരിചിതയായ വീണ നർത്തകി എന്ന നിലയിലാണ് ആദ്യം ശ്രദ്ധ പിടിച്ചുപറ്റിയത്. എയർഹോസ്റ്റസും മോഡലുമായ അലെസാൻഡ്ര ജോൺസണും സോഷ്യൽ മീഡിയയിൽ മ്യൂസിക്കൽ വീഡിയോയിലൂടെയും ഷോർട്ഫിലിമിലൂടെയും ശ്രദ്ധ നേടിയിട്ടുണ്ട്.

 

    മർച്ചന്റ് നേവി ഓഫീസറിൽ നിന്നും മോഡലിങ്ങിലേക്ക് കടന്നുവന്ന സുജോ മാത്യുവും സോഷ്യൽ മീഡിയയിൽ ശ്രദ്ധേയനാണ്. ബഡായി ബംഗ്ളാവിലൂടെ  ശ്രദ്ധേയ ആര്യ, അവതാരകയും അഭിനേത്രേയിയുമായ എലീന പടിക്കൽ, റേഡിയോ ജോക്കി രഘു, പാഷാണം ഷാജി അഥവാ സാജു നവോദയ,  സീരിയൽ നടൻ പ്രദീപ് ചന്ദ്രൻ, ഗായകൻ സോമദാസ്‌ , ചലച്ചിത്ര സംവിധായകനായ സുരേഷ് കൃഷ്ണൻ എന്നിവരാണ് മറ്റു മത്സരാർത്ഥികൾ.

 

    അതേസമയം മത്സാരാർത്ഥികൾ കഴിഞ്ഞ തവണത്തെ അത്ര പോരെന്നും എന്നാൽ ഇനിയങ്ങോട്ട് എപ്പിസോഡുകൾ മുന്നോട്ട് പോകുമ്പോൾ മത്സാരാർത്ഥികളെ വിലയിരുത്താമെന്നും ഇതിനോടകം സോഷ്യൽ മീഡിയ ചർച്ച ആരംഭിച്ചു കഴിഞ്ഞു. കൂടാതെ പെർലിഷ് പോലെ ആരെങ്കിലും ഇതിൽ ഉണ്ടാവുമോ എന്നും ബിഗ്‌ബോസ് പേക്ഷകർ ചോദിക്കുന്നു. ഇപ്പോൾ എല്ലാവരും വല്യ സന്തോഷത്തിലാണെങ്കിലും വരും ദിവസങ്ങളിൽ അടി ഉണ്ടാകുമെന്നുള്ള പ്രതീക്ഷയാണ് പ്രേക്ഷകർക്കുള്ളത്. 

మరింత సమాచారం తెలుసుకోండి: