വി മുരളീധരൻറെ തറവാട്ട് സ്വത്തല്ല: മന്ത്രി മുഹമ്മദ് റിയാസ്! കേരളത്തിന് അർഹമായ തുക കേന്ദ്രമന്ത്രി വി മുരളീധരൻറെ തറവാട്ടിൽ സ്വത്തിൽ നിന്ന് തരാൻ അല്ല ആവശ്യപ്പെട്ടത്. നമ്മൾ നികുതിയായി കൊടുത്ത പണം തിരിച്ചു തരാൻ ആണ് പറഞ്ഞത്. അത് എന്തോ ഔദാര്യം പോലെയാണ് അദ്ദേഹം കണക്കാക്കുന്നതെന്നും മന്ത്രി മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയായി പറഞ്ഞു. കേന്ദ്രത്തിനോട് കേരളത്തിൻറെ അവകാശമാണ് ചോദിച്ചതെന്ന് മന്ത്രി പിഎ മുഹമ്മദ് റിയാസ്. ജനാധിപത്യത്തെക്കുറിച്ച് മുരളീധരൻ അധികം പറയേണ്ട. അദ്ദേഹം പറഞ്ഞ അതേ രീതിയിൽ മറുപടി പറയാൻ എൻറെ രാഷ്ട്രീയ സംസ്‌കാരം അനുവദിക്കുന്നില്ല. നമോ പൂജ്യ നിവാരണ പദ്ധതിയുടെ ഭാഗമായി കേന്ദ്രമന്ത്രിയായ അദ്ദേഹം ജനങ്ങൾ തെരഞ്ഞെടുത്ത സർക്കാരിനെ അട്ടിമറിക്കാനുള്ള ശ്രമമാണ് നടത്തുന്നത്.
കേരളത്തിൻറെ വികസന പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് അദ്ദേഹത്തിൻറെ നിലപാട് എന്താണ്. ഏതെങ്കിലും ഒരു വികസന പ്രവർത്തനത്തോട് കേന്ദ്രമന്ത്രിയെന്ന നിലയിൽ സഹകരിച്ചിട്ടില്ലയെന്നു മാത്രമല്ല അത് മുടക്കാനാണ് ശ്രമിച്ചിട്ടുള്ളതെന്നും റിയാസ് വിമർശിച്ചു. അതേസമയം നാടിൻറെ ഭാവി ഭദ്രമാണ് എന്നാണ് നവകേരള സദസ്സിനെത്തുന്ന വൻജനസഞ്ചയം സാക്ഷ്യപ്പെടുത്തുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് പറഞ്ഞിരുന്നു. 11 ജില്ലകൾ താണ്ടി നവകേരള സദസ്സ് ആറന്മുളയിലെത്തുമ്പോൾ എല്ലായിടത്തും കണ്ടത് ഒരേ കാഴ്ചയാണ്. നമ്മുടെ നാടിൻറെ രക്ഷക്ക് മുന്നിട്ടിറങ്ങണം എന്ന ലക്ഷ്യത്തോടെ ജനം തടിച്ചുകൂടുകയാണ്. നിങ്ങൾ ധൈര്യമായി മുന്നോട്ടൂ പോകൂ, ഞങ്ങൾ കൂടെയുണ്ട് എന്ന കൃത്യമായ സന്ദേശമാണ് അവർ സർക്കാരിന് പകരുന്നത്.
പത്തനംതിട്ട ജില്ലാ സ്റ്റേഡിയത്തിൽ ആറന്മുള മണ്ഡലം നവകേരള സദസ്സിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. കാലാവസ്ഥ പ്രതികൂലമായിട്ടും വലിയ ജനാവലിയാണ് ആറന്മുളയിലെ ഈ വേദിയിൽ എത്തിയിരിക്കുന്നത്. കഴിഞ്ഞ 29 ദിവസവും ഇതേ കാഴ്ചയാണ് ഞങ്ങൾ കണ്ടത്. കേരളം നെഞ്ചേറ്റിയ പരിപാടിയാണിന്ന് നവകേരള സദസ്സ്. നമ്മുടെ നാട് പുറകോട്ട് പോകരുത്, കാലാനുസൃതമായ പുരോഗതി നേടണം എന്ന വികാരമാണ് ഈ പരിപാടിയുടെ ഭാഗമാവാൻ എല്ലാവരെയും പ്രേരിപ്പിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
തൻറെ തറവാട്ട് സ്വത്തിൽ നിന്ന് എടുത്തു തരാൻ പറ്റില്ല എന്ന രീതിയിലാണ് അദ്ദേഹം പറയുന്നത്. അവകാശപ്പെട്ട പണമാണ് ചോദിച്ചത്. ജനിച്ചുവളർന്ന നാട് നശിച്ചുകാണാനുള്ള വികൃത മനസ്സായി മുരളീധരൻറെ മനസ്സ് മാറിയെന്നതാണ് യാഥാർത്ഥ്യം. കേരളത്തിൻറെ എന്തെങ്കിലും വികസന പ്രശ്‌നം വന്നാൽ കേന്ദ്രമന്ത്രി അത് മുടക്കാനാണ് ശ്രമിക്കുന്നത്. അതുകൊണ്ടാണ് അദ്ദേഹത്തെ കേരള സംസ്ഥാന വികസനം മുടക്കു വകുപ്പ് മന്ത്രി എന്ന് വിളിച്ചതെന്നും റിയാസ് പറഞ്ഞു.
Find out more: