ഏകാധിപത്യമെന്ന് നേതാക്കൾ; സുധാകരനും സതീശനും പൂട്ടു വീഴുമോ? മുതിർന്ന നേതാവായ വിഎം സുധീരൻ എഐസിസി അംഗത്വം രാജിവെച്ചതിനു പിന്നാലെയാണ് ഹൈക്കമാൻഡ് സംസ്ഥാന നേതൃത്വത്തിന് നിർദേശം നൽകി രംഗത്തെത്തിയതെന്നാണ് റിപ്പോർട്ട്. പുനഃസംഘടനയ്ക്കിടെ കോൺഗ്രസിലുണ്ടാകുന്ന തർക്കങ്ങളിലും കൊഴിഞ്ഞുപോക്കിലും അതൃപ്തി രേഖപ്പെടുത്തി ഹൈക്കമാൻഡ്. കോൺഗ്രസിലെ അഴിച്ചുപണിയ്ക്ക് കെപിസിസി അധ്യക്ഷൻ കെ സുധാകരനും വിഡി സതീശനും പൂർണ സ്വാതന്ത്യം നൽകുന്ന നിലപാടിൽ നിന്ന് ഹൈക്കമാൻഡ് പിന്നോട്ടു പോയേക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു. കോൺഗ്രസ് സംസ്ഥാന നേതൃത്വത്തിൽ അഴിച്ചുപണി ആരംഭിച്ചത് പ്രതിപക്ഷ നേതാവായി വിഡി സതീശനും കെപിസിസി പ്രസിഡൻ്റായി കെ സുധാകരനും ചുമതലയേറ്റതിനു പിന്നാലെയാണ്.
മുതിർന്ന നേതാക്കളായ ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും പരസ്യമായ പ്രതിഷേധം അറിയിച്ചെങ്കിലും നടപടികളുമായി ഇരുനേതാക്കളും മുന്നോട്ടു പോകുകയായിരുന്നു. എന്നാൽ ആഴ്ചകൾക്കു ശേഷവും പാർട്ടിയിലെ പ്രശ്നങ്ങൾ അവസാനിക്കാതെ വന്നതോടെയാണ് ഹൈക്കമാൻഡ് നിലപാടിൽ നിന്ന് പിന്നോട്ടു പോകുന്നതെന്നാണ് റിപ്പോർട്ട്. പുതിയ നേതൃത്വം ഏകാധിപത്യ രീതിയിലുള്ള നിലപാടുകളാണ് സ്വീകരിക്കുന്നതെന്നും ആവശ്യത്തിനു ചർച്ചകൾ നടക്കുന്നില്ലെന്നുമാണ് നേതാക്കളുടെ പരാതി. ഇക്കാര്യത്തിൽ രമേശ് ചെന്നിത്തലയും വിഎം സുധീകരനും മുല്ലപ്പള്ളി രാമചന്ദ്രനും അടക്കുമുള്ള നേതാക്കൾ ചൂണ്ടിക്കാട്ടിയ പരാതികൾ റിപ്പോർട്ടാക്കി എഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവർ സോണിയ ഗാന്ധിയ്ക്ക് കൈമാറും. അവഗണന ആരോപിച്ച് കഴിഞ്ഞ ദിവസം രാഷ്ട്രീയകാര്യസമിതിയിൽ നിന്ന് രാജിവെച്ച സുധീരനെ അനുനയിപ്പിക്കാൻ നേതൃത്വം ശ്രമം നടത്തിയെങ്കിലും അദ്ദേഹം എഐസിസി അംഗത്വവും രാജിവെച്ചു.
ഏറെ പ്രതീക്ഷയോടെ ചുമതലയേറ്റ നേതൃത്വം തെറ്റായ ശൈലിയും പ്രവർത്തനവുമാണ് കാഴ്ച വെക്കുന്നതെന്നാണ് സുധീരൻ്റെ പരാതി. ഈ രീതി കോൺഗ്രസിൻ്റെ നന്മയ്ക്ക് ഉപകരിക്കില്ലെന്നും അതുകൊണ്ടാണ് താൻ പ്രതികരിക്കുന്നതെന്നും സുധീരൻ മാധ്യമങ്ങളോടു പറഞ്ഞു. ഹൈക്കമാൻഡിനോട് ഇക്കാര്യങ്ങൾ അറിയിച്ച് കത്തയച്ചെങ്കിലും നടപടിയുണ്ടായില്ല. താൻ നിലപാടിൽ നിന്ന് പിന്നോട്ടില്ല. അതേസമയം, താരിഖ് അൻവർ ചർച്ചയ്ക്ക് എത്തിയതിൽ സന്തോഷമുണ്ടെന്നും താൻ ഉന്നയിച്ച പ്രശ്നങ്ങളിൽ പരിഹാരമുണ്ടാകുമോ എന്നു ഉറ്റുനോക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി സെമി കേഡർ ശൈലിയിലേയ്ക്ക് മാറാൻ ഒരുങ്ങുകയാണ് കോൺഗ്രസ്.
എന്നാൽ ഇക്കാര്യം രാഷ്ട്രീയകാര്യ സമിതിയിൽ ചർച്ച ചെയ്യാതിരുന്ന പുതിയ കെപിസിസി നേതൃത്വ ഗ്രൂപ്പുകളിയുടെ പേരിൽ മുതിർന്ന നേതാക്കളെ പാടെ അവഗണിക്കുകയും ചെയ്തു എന്നാണ് ആക്ഷേപം. ഇതോടെ കെപിസിസിയ്ക്ക് പൂർണപിന്തുണ പ്രഖ്യാപിച്ച കെസി വേണുഗോപാലും സമ്മർദ്ദത്തിലായെന്നാണ് റിപ്പോർട്ട്. സുപ്രധാന തീരുമാനങ്ങളെടുക്കുന്ന കാര്യത്തിൽ ഇനി കെ സുധാകരനും വിഡി സതീശനും പൂർണസ്വാതന്ത്ര്യം ഉണ്ടായേക്കില്ലെന്നാണ് റിപ്പോർട്ടുകൾ. മുതിർന്ന നേതാക്കൾ ഉൾപ്പെടെ എല്ലാവരുടെയും അഭിപ്രായങ്ങൾ പരിഗണിച്ച് മുന്നോട്ടു പോകണം എന്നാണ് താരിഖ് അൻവർ നൽകിയിരിക്കുന്ന നിർദേശം. ഈ മാസം 40-ാം തീയതിയ്ക്കുള്ളിൽ പുനഃസംഘടനാ പട്ടിക തയ്യാറാക്കണമെന്നു നിർദേശമുണ്ടായിരുന്നെങ്കിലും പുതിയ സാഹചര്യത്തിൽ ഈ തീയതി നീട്ടിവെക്കാനും സാധ്യതയുണ്ട്.
Find out more: