സർവ്വതും നശിപ്പിക്കാൻ ശേഷിയുള്ള കാൾകൂട്! സർവ്വതും നശിപ്പിക്കാൻ ത്രാണിയുണ്ടായിരുന്ന ആ വിഷത്തെ പരമശിവൻ സ്വയം സ്വീകരിക്കുകയാണ് ചെയ്തത്. അങ്ങനെ ശിവൻ്റെ കണ്ഠത്തിൽ ആഗിരണം ചെയ്യപ്പെട്ട ഹലാഹൽ അഥവാ കാളകൂടത്തെ സൂചിപ്പിച്ചുകൊണ്ടാണ് 'കാൾകൂട്' എന്ന പേരിൽത്തന്നെ ഒരു സീരീസ് എത്തിയിരിക്കുന്നത്. സുമിത് സക്സേന തിരക്കഥയെഴുതി സംവിധാനം ചെയ്തിരിക്കുന്ന കാൾകൂട് ക്രൈം-ഡ്രാമ വിഭാഗത്തിൽ ഉൾപ്പെടുന്നു.പരമശിവന് നീലകണ്ഠൻ എന്നൊരു പേരുകൂടി ലഭിക്കാനിടയായ സംഭവം അറിയില്ലേ..? അമൃതിനായി പാലാഴിമഥനം നടത്തിയപ്പോൾ ഉപോൽപ്പന്നമായി ലഭിച്ച കൊടുംവിഷമാണ് കാളകൂടം. സിനിമകളും, സീരീസും പതിവായി ചർച്ച ചെയ്യാറുള്ള ഒരു പോലീസ് കഥയാണ് 'കാൾകൂടി'ലും ഉള്ളത്. എന്നിരുന്നാലും ആവർത്തന വിരസതയൊട്ടുമില്ലാതെ കഥ അവതരിപ്പിക്കാൻ സംവിധായകന് സാധിച്ചിട്ടുണ്ട്. വ്യവസ്ഥിതിയിലെ പോരായ്മകളെ മറികടന്ന് ന്യായം നടപ്പിലാക്കാൻ അതേ വ്യവസ്ഥിതിയുടെ ഭാഗമായ നായകൻ ശ്രമിക്കുന്നതാണ് കഥാതന്തു.
കേന്ദ്ര കഥാപാത്രമായ രവിശങ്കർ ത്രിപാഠി ഒരു പോലീസ് ഉദ്യോഗസ്ഥനാണ്. കീഴ്‌വഴക്കങ്ങളോട് പൊരുത്തപ്പെടാനാകാതെ അയാൾ വളരെയധികം ബുദ്ധിമുട്ടിയിരുന്നു. സബ്ബ് ഇൻസ്പെക്ടറായി ജോലിക്ക് കയറിയിട്ട് അധികനാളാകും മുമ്പെ അയാൾ രാജിവയ്ക്കാൻ ഒരുങ്ങുന്നിടത്താണ് കഥയുടെ ആരംഭം. ഈ സമയത്താണ് ഒരു പെൺകുട്ടിക്ക് നേരെയുണ്ടായ ആസിഡ് ആക്രമണത്തിൻ്റെ കേസ് അന്വേഷിക്കാനായി രവിയെ മേലുദ്യോഗസ്ഥൻ ചുമതലപ്പെടുത്തുന്നത്. പുറമെ ലളിതമെന്ന് തോന്നുമെങ്കിലും, ആ കേസന്വേഷണത്തിൻ്റെ വഴികൾ സങ്കീർണ്ണമായിരുന്നു. ഇരയ്ക്ക് നീതി നേടിക്കൊടുക്കാനുള്ള ആ യാത്ര അയാളിലെ പോലീസുകാരനെ തേച്ചുമിനുക്കുന്ന കാഴ്ചയാണ് പിന്നീടങ്ങോട്ട് കാണാനുള്ളത്. ഒരു ഭീരുവിനെപ്പോലെ പിന്തിരിഞ്ഞോടാൻ ശ്രമിച്ച നായകൻ്റെ പരിവർത്തനം നമുക്കവിടെ കാണാം. നായകൻ്റെ പരിവർത്തനം വിശ്വസനീയമാക്കാൻ മറ്റ് കഥാപാത്രങ്ങളേയും, സാഹചര്യങ്ങളേയും സമർത്ഥമായാണ് തിരക്കഥയിൽ ഉപയോഗിച്ചത്.
ഒരു കുറ്റകൃത്യത്തിന് ഇരയായ സ്ത്രീയെ സ്വയം തെറ്റുകാരിയാക്കുന്ന സ്വഭാവവും നമ്മുടെ സമൂഹത്തിനുണ്ട്. സത്യാവസ്ഥ അറിയാൻ ശ്രമിക്കാതെ അത്തരം നിഗമനങ്ങളെ ശരിവയ്ക്കെരുതെന്ന താക്കീതും കാൾകൂട് നൽകുന്നു. സ്ത്രീകൾക്കെതിരെയുള്ള കുറ്റകൃത്യങ്ങൾ പെരുകുന്നതിൻ്റെ കാരണങ്ങളും, അത് നിയന്ത്രിക്കുന്നതിലെ വീഴ്ചകളും എല്ലാം വളരെ വ്യക്തമായാണ് സീരീസ് ചർച്ച ചെയ്തത്. മുഴച്ചുനിൽക്കാത്ത വിധം മനോഹരമായി വിളക്കിയെടുത്തതിനാൽ അത്തരം സന്ദേശങ്ങളെല്ലാം കുറിക്കുകൊള്ളും. ത്രില്ലർ ട്രാക്കിൽ കയറാതെ തന്നെ പ്രേക്ഷകരെ പിടിച്ചിരുത്താൻ സീരീസിന് കഴിഞ്ഞെങ്കിൽ അത് തിരക്കഥയുടേയും, അവതരണത്തിൻ്റേയും, വിജയ് വർമ്മയുടെ പ്രകടനത്തിൻ്റേയും കരുത്തിനാലാണ്. മന്ദഗതിയിൽ നീങ്ങിയശേഷം ത്രില്ലറിലേക്ക് സീരിസ് ട്രാക്കുമാറുമെന്ന് കരുതിയെങ്കിലും അതുണ്ടായില്ല. പക്ഷേ, പ്രേക്ഷകരെ പിടിച്ചിരുത്താനുള്ള ചില മരുന്നുകൾ സംവിധായകൻ പ്രയോഗിച്ചിട്ടുണ്ട്. ചെറുതായി തോന്നുന്ന ഓരോ കണ്ണികളേയും കൃത്യതയോടെ യോജിപ്പിച്ച് പ്രേക്ഷകരുടെ ആകാംക്ഷ വർദ്ധിപ്പിക്കുന്ന വിധമാണ് സീരീസ് മുന്നേറിയത്.
പാരുളിൻ്റെ സ്വഭാവത്തേക്കുറിച്ച് എസ്എച്ച്ഒ ജഗദീഷ് പന്തയം വയ്ക്കുന്നതും തുടർന്നുള്ള കാര്യങ്ങളും അതിനൊരു ഉദാഹരണമാണ്. വിജയ് വർമ്മ, സീമ ബിശ്വാസ്, സുദേവ് നായർ, ശ്വേത ത്രിപാഠി, യഷ്പാൽ ശർമ്മ തുടങ്ങിയ മികച്ച കാസ്റ്റിംഗാണ് സീരിസിൻ്റെ പ്രധാന ആകർഷണം. ശക്തമായ പ്രകടനങ്ങളാണ് അഭിനേതാക്കളൊക്കെ കാഴ്ചവച്ചത്. വെബ്ബ് സീരീസുകളിലെ നിറസാന്നിധ്യമായ വിജയ് വർമ്മ ഇക്കുറി നന്മയുടെ ഭാഗത്താണ് നിലയുറപ്പിച്ചത്. സീരിയൽ കില്ലറടക്കം പതിവായി നെഗറ്റീവ് വേഷങ്ങളിലൂടെ ഞെട്ടിച്ചതിന് ശേഷം വിജയ് വർമ്മ ചുവട് മാറ്റിയപ്പോൾ രവിശങ്കർ ത്രിപാഠിയെന്ന കഥാപാത്രത്തിന് മിഴിവേറി. ആ കഥാപാത്രത്തിൻ്റെ സത്ത് ഒട്ടും നഷ്ടം വരാതെ സ്ക്രീനിലേക്ക് കൊണ്ടുവന്നതിൽ നടന് എന്നെന്നും അഭിമാനിക്കാം. ഓരോരോ ഘടകങ്ങൾ രവിയെ സ്വാധീനിക്കുന്നതും, അയാളെ രൂപാന്തരപ്പെടുത്തുന്നതും സ്ക്രീനിൽ കാണുമ്പോൾ വിജയ് വർമ്മയെന്ന നടൻ്റെ ശരിക്കുള്ള റേഞ്ച് ബോധ്യപ്പെടും.
ഭർത്താവിൻ്റെ ശൂന്യതയിൽ മകൻ്റെ തണൽ ആഗ്രഹിക്കുന്ന അമ്മയെ സീമ ബിശ്വാസ് മനോഹരമാക്കി. രംഗങ്ങൾ കുറവാണെങ്കിലും സുദേവ് നായർക്കും, ശ്വേത ത്രിപാഠിക്കും തങ്ങളെ അടയാളപ്പെടുത്താൻ സാധിച്ചിട്ടുണ്ട്. യഷ്പാൽ ശർമ്മ, ഗോപാൽ ദത്ത് എന്നിവരും ശ്രദ്ധയാകർഷിച്ചു. ഏകദേശം അഞ്ചര മണിക്കൂർ ദൈർഘ്യമുള്ള സീരീസ് ഒറ്റയിരുപ്പിൽ കണ്ടുതീർക്കാനും സാധിക്കും. അനാവശ്യമായ വലിച്ചുനീട്ടൽ ഇല്ലാത്തതിനാൽ ഒരിടത്തും മുഷിച്ചിൽ ഉണ്ടാകില്ല. സീരീസിൻ്റെ പ്രഭാവം ഒരു ഗ്രാഫായി അടയാളപ്പെടുത്തിയാൽ ആദ്യ എപ്പിസോഡുകളിൽ കുത്തനെ ഉയർന്നതിനു ശേഷം പിന്നീട് നേർരേഖയിൽ സഞ്ചരിച്ച് ചെറിയ ഇടിവോടെയാണ് ക്ലൈമാക്സിലേക്ക് എത്തുന്നത്. പതിവ് രീതികൾക്ക് സമാനമായി സിനിമാറ്റിക്കായി ഒരുക്കിയ അവസാന എപ്പിസോഡ് അതുവരെയുള്ള സീരീസിൻ്റെ നേരേ വിപരീത ദിശയിലാണ്. സംഭാഷണങ്ങളിൽ അസഭ്യങ്ങൾ കടന്നുവരുമെങ്കിലും അരോചകമായ നിലയിലില്ല.
ഛായാഗ്രഹണം, പശ്ചാത്തല സംഗീതം, ഗാനങ്ങൾ മുതലായ ഘടകങ്ങളൊക്കെ ആസ്വാദനത്തെ വളരെ നന്നായി പിന്തുണയ്ക്കുന്നതാണ്. ക്രൈം ഡ്രാമകൾ ഇഷ്ടപ്പെടുന്നവർക്ക് തീർച്ചയായും കാൾകൂട് കണ്ടുനോക്കാവുന്നതാണ്, സീരീസ് നിങ്ങളെ നിരാശപ്പെടുത്തില്ല. ആസിഡിനെപ്പോലെ ഗുരുതരമായി പൊള്ളലേൽപ്പിക്കുന്ന ഒരു വിഷയത്തെയാണ് സംവിധായകൻ വിവേചനബുദ്ധിയോടെ കൈകാര്യം ചെയ്തത്. പ്രധാന കഥയുടെ പശ്ചാത്തലത്തിൽ പറയുന്ന കാര്യങ്ങൾക്ക് പോലും നമ്മളെ ഇരുത്തി ചിന്തിപ്പിക്കാനുള്ള ശേഷിയുണ്ട്. സമുഹത്തിന് ആപത്തായ വിഷചിന്തകളെ സ്വന്തം കണ്ഠത്തിലേക്ക് ആഗിരണം ചെയ്യാനുള്ള ശ്രമങ്ങളിൽ കാൾകൂട് വിജയിച്ചെന്ന് ചുരുക്കം.രവിയുടെ ഔദ്യോഗിക ജീവിതം മാത്രമല്ല സീരീസിൽ വ്യക്തമാക്കുന്നത്. അച്ഛൻ, അമ്മ, സഹോദരി, പ്രതിശ്രുത വധു തുടങ്ങിയവരിലൂടെ അയാളുടെ വ്യക്തിജീവിതവും പൂർണ്ണമായി വരച്ചിടുന്നതിൽ തിരക്കഥ വിജയിച്ചിട്ടുണ്ട്. രവിയുടെ അന്തരിച്ച പിതാവ് പ്രശസ്തനായ കവിയും, കോളേജ് അദ്യാപകനും ആയിരുന്നു. പലപ്പോഴും അച്ഛൻ്റെ സൽപ്പേര് ഒരു ഭാരമായാണ് രവിക്ക് അനുഭവപ്പെട്ടിരുന്നത്. പക്ഷേ, രവിയിലെ മനുഷ്യത്വത്തിനും നീതിനിർവ്വഹണ ബോധത്തിനും അടിസ്ഥാനം അച്ഛനാണെന്ന് പതിയെ നാം അറിയും. ദീർഘവീക്ഷണമുണ്ടായിരുന്ന ആ അച്ഛൻ ഒരു കവിതയിൽ കരുതിയിരുന്ന ഉപദേശങ്ങളാണ് രവിയെ കാക്കിക്കുള്ളിൽ പിടിച്ചുനിർത്തുന്നതും.
Find out more: