ശബരിമല വികസന പ്രവർത്തനങ്ങൾ ഇനിയും വേണം, മാതൃകാ തീർഥാടന കേന്ദ്രമാക്കിമാറ്റണമെന്ന് നിയമസഭയുടെ പരിസ്ഥിതി സമിതി! തീർഥാടകരുടെ എണ്ണം കോടുന്നതനുസരിച്ച് കൂടുതൽ പ്രവർത്തനങ്ങൾ വേണ്ടിവരും. പരിസ്ഥിതിയെ പരിരക്ഷിച്ച് മികച്ച മാസ്റ്റർപ്ലാനോടെ ശബരിമലയെ മാതൃകാ തീർഥാടന കേന്ദ്രമാക്കി മാറ്റണമെന്നും നിയമസഭയുടെ പരിസ്ഥിതി സമിതി. ലക്ഷക്കണക്കിന് തീർഥാടകരെത്തുന്ന ശബരിമലയിൽ വായുമലിനീകരണം, ജലമലിനീകരണം എന്നിങ്ങനെയുള്ള പാരിസ്ഥിതിക പ്രശ്നങ്ങളുണ്ടാകുന്നുണ്ട്. ഇവയെല്ലാം പരിഹരിച്ച് മുന്നോട്ട് പോകാൻ തരത്തിലുള്ള മാസ്റ്റർപ്ലാനാണ് തയാറാക്കേണ്ടത്. പരിസ്ഥിതി സൗഹൃദമായ ശബരിമലയെ ലക്ഷ്യമാക്കിയാകണം വികസനം നടപ്പിലാക്കേണ്ടത്.  നിലവിൽ മാലിന്യസംസ്‌കരണത്തിനായി ഇൻസിനറേറ്ററുകൾ, ബയോഗ്യാസ് പ്ലാന്റുകൾ, സീവേജ് പ്ലാന്റുകൾ എന്നിവയെല്ലാം പ്രവർത്തിക്കുന്നുണ്ട്.




   ശബരിമലയിലും പരിസര പ്രദേശങ്ങളിലും അന്തരീക്ഷ മലിനീകരണത്തിന്റെ തോത് നിലവിൽ കുറവാണ്. പൊതുസ്ഥലത്ത് മാലിന്യങ്ങൾ തള്ളുന്ന സംഭവങ്ങൾ ദിനംപ്രതി റിപ്പോർട്ട് ചെയ്യുന്നുണ്ട്. ഇത്തരക്കാർക്കെതിരെ ശിക്ഷാനടപടികളുണ്ടാകും. പ്ലാസ്റ്റിക് കുപ്പി പ്രശ്നം പരിഹരിക്കാൻ ശബരിമലയിൽ ശുദ്ധജലവിതരണത്തിനുള്ള വിപുലമായ സൗകര്യങ്ങൾ ഒരുക്കേണ്ടതുണ്ട്.ലക്ഷക്കണക്കിന് തീർഥാടകരെത്തുന്നത് കണക്കിലെടുത്ത് പമ്പാനദിയിലെ വെള്ളം ശുദ്ധീകരിക്കുന്നതിനുള്ള നടപടികളും മാസ്റ്റർപ്ലാനിൽ ഉൾപ്പെടുത്തേണ്ടതുണ്ട്. തീർഥാടകരുടെ എണ്ണത്തിലുണ്ടാകുന്ന വർധന കണക്കിലെടുത്ത് പാർക്കിംഗിന് പദ്ധതി തയാറാക്കി നടപ്പാക്കണം.





പതിനാലാം കേരള നിയമസഭയുടെ പതിനഞ്ചാമത് റിപ്പോർട്ടിൽ നാൽപ്പത്തിയൊന്ന് ശുപാർശകളായിരുന്നു ഉൾപ്പെടുത്തിയത്. അതിൽ സൂചിപ്പിച്ച നടപടികളുടെ പുരോഗതി സമിതി വിലയിരുത്തി. വിവിധ വകുപ്പുകളിൽ നിന്ന് ലഭിച്ച മറുപടികൾ സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തും. വരും വർഷങ്ങളിൽ തീർഥാടകരുടെ എണ്ണം വർധിക്കും. അതിന് അനുസരിച്ച് ഈ പ്രദേശത്തെ വളർത്തുകയെന്ന വലിയ ഉത്തരവാദിത്വമുണ്ട്. ആ ലക്ഷ്യം മുന്നിൽ കണ്ടുള്ള നടപടികളാണ് ആവിഷ്‌ക്കരിക്കേണ്ടത്. വനം - വന്യ ജീവി വകുപ്പിന്റെ നേതൃത്വത്തിൽ പ്ലാസ്റ്റിക് ഉപയോഗം കുറയ്ക്കുന്നതിനായി തീർഥാടകർക്ക് ബോധവത്ക്കരണം നൽകുന്നുണ്ട്. മാത്രമല്ല, കാനനപാതയിലെ ഭക്തരുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി വനം വകുപ്പ് തയാറാക്കുന്ന മൊബൈൽ ആപ്പ് വഴിയും ഇത്തരം കാര്യങ്ങളെ കുറിച്ചുള്ള അവബോധം നൽകും. തീർഥാടന പാതയിലെ കടകളിൽ പ്ലാസ്റ്റിക്കിന്റെ ഉപയോഗം കുറയ്ക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ട്.






  ഹരിതകർമ്മ സേന, ഇക്കോ ഗാർഡുകൾ തുടങ്ങിയവയുടെ പ്രവർത്തനം ഊർജിതമാണ്.ഇനിയും തുടരേണ്ട പ്രവർത്തനങ്ങൾക്കായി ജില്ലാകളക്ടറെ ചുമതലപ്പെടുത്തിയിട്ടുണ്ട്. കളക്ടർ സർക്കാരിന് സമർപ്പിക്കുന്ന റിപ്പോർട്ടിൽ പരിസ്ഥിതി സമിതിയുടെ ശുപാർശ കൂടി ചേർത്ത് ശബരിമലയിലെ പാരിസ്ഥിതിക പ്രശ്നങ്ങൾക്ക് ശാശ്വതമായ പരിഹാരം കാണുന്നതിന് തുടർനടപടി സ്വീകരിക്കണമെന്നും നിയമസഭാ പരിസ്ഥിതി സമിതി ചെയർമാൻ ഇ കെ വിജയൻ എംഎൽഎ പറഞ്ഞു. നിലയ്ക്കൽ, പമ്പ, സന്നിധാനം എന്നിവിടങ്ങളിലെ നിലവിലുള്ള മാലിന്യ സംസ്‌കരണ സംവിധാനങ്ങളുടെ പ്രവർത്തനം സമിതി വിലയിരുത്തി.ജില്ലാ കളക്ടർ ഡോ.ദിവ്യ എസ് അയ്യരുടെ നേതൃത്വത്തിൽ ഉദ്യോഗസ്ഥരുടെ സഹകരണത്തോടെ നടത്തിയ പ്രവർത്തനങ്ങളിൽ മികച്ച പുരോഗതി ഉണ്ടായിട്ടുണ്ട്. 




  നിലയ്ക്കൽ-പമ്പ പാതയിൽ ഇലക്ട്രിക് വാഹനങ്ങളുടെ ഉപയോഗം വർധിപ്പിക്കണമെന്ന നിർദേശം നടപ്പാക്കിയതിലെ പുരോഗതി വിലയിരുത്തി. പമ്പാ നദീതീര സംരക്ഷണത്തിനായി ജില്ലാ ഭരണകേന്ദ്രം, ജില്ലാ പഞ്ചായത്ത്, ബയോ ഡൈവേഴ്‌സിറ്റി ബോർഡ് എന്നിവയുടെ ആഭിമുഖ്യത്തിൽ തദ്ദേശ സ്ഥാപനങ്ങളുമായി സഹകരിച്ച് പദ്ധതി നടപ്പാക്കി വരുന്നുണ്ടെന്ന് ജില്ലാ കളക്ടർ ഡോ. ദിവ്യ എസ് അയ്യർ പറഞ്ഞു. നിയമസഭാ പരിസ്ഥിതി സമിതി അംഗങ്ങളായ ടിഐ മധുസൂദനൻ എംഎൽഎ, ലിന്റോ ജോസഫ് എംഎൽഎ, ജില്ലാ കളക്ടർ ഡോ. ദിവ്യ എസ് അയ്യർ, ജില്ലാ പോലീസ് മേധാവി സ്വപ്നിൽ മധുകർ മഹാജൻ, നിലയ്ക്കൽ പോലീസ് സ്‌പെഷ്യൽ ഓഫീസർ എം ഹേമലത, തിരുവല്ല സബ് കളക്ടർ ശ്വേത നാഗർകോട്ടി, തുടങ്ങിയവർ പങ്കെടുത്തു. പമ്പ യിലെയും നിലക്കലെയും മാലിന്യ സംസ്കരണ സംവിധാനങ്ങൾ സമതി പരിശോധിച്ചു.

Find out more: