സംസ്‌ഥാനത്തെ കോവിഡ് പരിശോധന നിരക്ക് കുറച്ചു. ആർടി - പിസിആർ ടെസ്റ്റിൻ്റെ നിരക്ക് 2750 രൂപയിൽ നിന്ന് 2100 രൂപയാക്കിയാണ് കുറച്ചത്. ഇതിനു പുറമെ ട്രൂനാറ്റ് പരിശോധനയുടെ നിരക്കും കുറച്ചിട്ടുണ്ട്. രണ്ട് ഘട്ടങ്ങളാക്കി നടത്തുന്ന ഈ പരിശോധനയുടെ നിരക്ക് ഇനി മുതൽ മൊത്തം 2200 രൂപയായിരിക്കും. നേരത്തെ രണ്ട് ഘട്ടങ്ങൾക്കും 1500 രൂപ വീതം മൊത്തം 3000 രൂപയായിരുന്നു ഈടാക്കിയിരുന്നത്. ജീൻ എക്സ്പർട്ട് പരിശോധനയുടെ നിരക്ക് 2500 രൂപയാക്കി നിശ്ചയിച്ചതായും ആരോഗ്യവകുപ്പിൻ്റെ ഉത്തരവിൽ പറയുന്നതായി മാതൃഭൂമി റിപ്പോർട്ട് ചെയ്തു. അതേസമയം, ചെലവ് കുറഞ്ഞ ആൻ്റിജൻ പരിശോധനയുടെ നിരക്ക് 625 രൂപ എന്നതിൽ മാറ്റമുണ്ടാകില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. ഐസിഎംആർ അനുമതിയുള്ള ലാബുകൾക്കും ആശുപത്രികൾക്കും കൊവിഡ് പരിശോധനയ്ക്കായി പുറത്ത് ക്ലിനിക്കുകൾ തുടങ്ങാനും പദ്ധതിയുണ്ട് . ആശങ്ക തുടരുന്നതിനിടെ കേരളത്തിൽ ഇന്ന് 8369 പേർക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. ആരോഗ്യവകുപ്പ് പുറത്തിറക്കിയ വാർത്താക്കുറിപ്പിലാണ് സംസ്ഥാനത്ത് രോഗ വിവരങ്ങൾ വ്യക്തമാക്കിയത്. കൂടുതൽ വിവരങ്ങൾ ചുവടെ ചേർക്കുന്നു.


 
സംസ്ഥാനത്തെ കൊവിഡ് 19 പരിശോധനാ നിരക്കുകൾ സംസ്ഥാന സർക്കാർ കുറച്ചു. പരിശോധനാ സാമഗ്രികളുടെ ലഭ്യത വർധിച്ചതോടെയാണ് നിരക്ക് കുറച്ച് ഉത്തരവിറക്കിയതെന്നാണ് സർക്കാർ ഉത്തരവിൽ വ്യക്തമാക്കുന്നത്. കൊറോണ വൈറസ് ബാധ കണ്ടെത്താനും സ്ഥിരീകരിക്കാനുമുള്ള വിവിധ പരിശോധനകളുടെ നിരക്കാണ് കുറച്ചത്.സർക്കാർ സംവിധാനത്തിൽ പരിശോധനകൾ സൗജന്യമാണെങ്കിലും ഐസിഎംആറിൻ്റെ അംഗീകാരമുള്ള ലബോറട്ടറികൾക്കും സ്വകാര്യ ആശുപത്രികൾക്കും കൊവിഡ് പരിശോധനകൾ നടത്താൻ അനുമതിയുണ്ട്. ഇവർക്കാണ് ഈ നിരക്കുകൾ ബാധകമാകുക. 




 കൂടാതെ ഐസിഎംആർ അനുമതിയുള്ള സ്ഥാപനങ്ങൾക്ക് കൊവിഡ് പരിശോധനയ്ക്കായി പുറത്ത് കയോസ്കുകൾ തയ്യാറാക്കാനുള്ള അനുമതിയും ആരോഗ്യവകുപ്പ് നൽകി. മുൻപ് പരിശോധനാ സാമഗ്രികളുടെ ലഭ്യത കുറവായിരുന്നതിനാലാണ് നേരത്തെയുണ്ടായിരുന്ന നിരക്കുകളെന്നും പരിശോധനയ്ക്കുള്ള സാമഗ്രികളുടെ ലഭ്യത വർധിച്ച സാഹചര്യത്തിലാണ് നിരക്ക് കുറച്ചതെന്നുമാണ് ആരോഗ്യവകുപ്പ് ഉത്തരവിനെ ഉദ്ധരിച്ചുള്ള റിപ്പോർട്ടിൽ പറയുന്നത്.സംസ്ഥാനത്ത് കൊവിഡ് 19 വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തിലാണ് സംസ്ഥാന സർക്കാർ പരിശോധനയുടെ നിരക്ക് കുറയ്ക്കാനും പരിശോധനകൾ സ്വകാര്യ സ്ഥാപനങ്ങൾ വഴി വ്യാപിപ്പിക്കാനും തീരുമാനമെടുക്കുന്നത്. ബുധനാഴ്ചത്തെ കണക്കുകൾ പ്രകാരം സംസ്ഥാനത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 13.49 ശതമാനമായും ഉയർന്നു.  

మరింత సమాచారం తెలుసుకోండి: