എൻ്റെ സുഹൃത്തുക്കളെല്ലാം ആണുങ്ങളാണ് ; പെൺ സുഹൃത്തുക്കൾ ആരുമില്ല; 'സ്റ്റീവ് ഹാർവെ'! കുട്ടികളെയും ചെറുപ്പക്കാരെയും കുടുംബങ്ങളെയുമൊക്കെ അണിനിരത്തി നിരവധി റിയാലിറ്റി ഷോകളിലൂടെ ശ്രദ്ധ നേടിയ താരം ഇന്ന് ലോകപ്രശസ്ത മോട്ടിവേഷണൽ സ്പീക്കറും എഴുത്തുകാരനുമാണ്. എമ്മി അവാർഡ് നേടിയ സ്റ്റീവ് ഹാർവെ ഏറെ ജനപ്രീതി നേടിയ ഫാമിലി ഫോഡ്, സെലിബ്രിറ്റി ഫാമിലി ഫോഡ് എന്നീ ടെലിവിഷൻ പരിപാടികളുടെയും മിസ് യൂണിവേഴ്‌സ്, ഫോക്‌സ് ന്യൂ ഇയർ ഈവ് വിത്ത് സ്റ്റീവ് ഹാർവെ: ലൈവ് തുടങ്ങിയ പരിപാടികളുടെയും അവതാരകനാണ്. അദ്ദേഹത്തിൻ്റെ ദി സ്റ്റീവ് ഹാർവെ മോണിംഗ് ഷോ അമേരിക്കയിൽ ഏറെ ആരാധകരുള്ള റേഡിയോ പരിപാടിയാണ്. ലോക പ്രശസ്ത ടെവിലിഷൻ അവതാരകൻ സ്റ്റീവ് ഹാർവെ മലയാളി പ്രേക്ഷകർക്കും വളരെ പരിചിതനാണ്. മത്സര വേദികളിലും പുറത്തുമുള്ള തുറന്നു പറച്ചിലുകൾ കൊണ്ടും അദ്ദേഹം ശ്രദ്ധ നേടിയിട്ടുണ്ട്.





   ടെലിവിഷൻ പരിപാടികളിൽ മത്സരാർഥികളുടെ ലൈംഗിക കാര്യങ്ങൾ സംബന്ധിച്ചുള്ള ചോദ്യങ്ങൾ പോലും മുന്നിലുള്ളവർക്കും പ്രേക്ഷകർക്കും അനൗചിത്യമാകാതെ അവതരിപ്പിക്കുന്ന അസാധ്യ പെർഫോമൻസാണ് റേറ്റിംഗിലും അദ്ദേഹത്തിൻ്റെ പ്രോഗ്രാമിനെ മുന്നിലെത്തിക്കുന്നത്. റിയാലിറ്റി ഷോകളിൽ മത്സരാർത്ഥികൾ പറയുന്ന ഓരോ ഉത്തരത്തിനും സ്റ്റീവ് കൊടുക്കുന്ന എക്സ്പ്രഷൻ പ്രേക്ഷകരെയും ചിരിപ്പിക്കുന്നതാണ്. മുഖഭാവങ്ങൾ കൊണ്ടുള്ള പ്രകടനവും അവതരണ ശൈലിയും സംഭാഷണങ്ങളും സ്റ്റീവ് ഹാർവെയുടെ മാസ്റ്റർ പീസാണ്. സ്റ്റീവ് ഹാർവെ സമീപ കാലത്ത് നടത്തിയ അഭിമുഖ പരിപാടിയിലാണ് ആൺ - പെൺ സൗഹൃദത്തെക്കുറിച്ചുള്ള തൻ്റെ മനോഭാവം അദ്ദേഹം തുറന്നു പറഞ്ഞത് വലിയ ചർച്ച സൃഷ്ടിച്ചിരുന്നു.





  സ്ത്രീകളുടെ ആൺ സുഹൃത്തുക്കളെക്കുറിച്ചുള്ള തൻ്റെ നിലപാടുകളാണ് അദ്ദേഹം തുറന്നു പറയുന്നത്. "എൻ്റെ എല്ലാ സുഹൃത്തുക്കളും ആണുങ്ങളാണ്. എനിക്ക് പെൺ സുഹൃത്തുക്കളില്ല. എനിക്ക് അതിനു കഴിയുന്നില്ലെന്നതാണ് കാര്യം". അതിനു കാരണം "നിങ്ങൾക്ക് ഭാര്യയുള്ളതു കൊണ്ടല്ലേ?" എന്ന് അവതാരക ചോദിക്കുമ്പോൾ, "എനിക്ക് ഭാര്യയുണ്ട്. പക്ഷേ, എനിക്ക് പെൺ സുഹൃത്തുക്കളില്ല". അതിൻ്റെ കാരണം മുന്നിലിരുന്ന അവാതരകയെ താരതമ്യപ്പെടുത്തിയാണ് സ്റ്റീവ് ഹാർവേ മറുപടി കൊടുക്കുന്നത്. "വി ആർ ജസ്റ്റ് ഫ്രണ്ട്സ് എന്നു സ്ത്രീയും പുരുഷനും പറയുമെങ്കിലും അത് സത്യമല്ല. ഒരു സ്ത്രീ ഒരു പുരുഷനെ സുഹൃത്തായി കാണുന്നത് സൗഹൃദമല്ലാതെ മറ്റൊന്നും സംഭവിക്കില്ലെന്നുള്ള വ്യക്തമായ അതിർ വരമ്പ് സൂക്ഷിക്കുന്നതിനാലാണ്. എന്നാൽ നിങ്ങളുടെ ജീവിതത്തിലേക്ക് കടന്നു കയറാൻ അവസരം വീണുകിട്ടിയേക്കുമെന്ന പ്രതീക്ഷയിലാണ് ആണുങ്ങൾ നിങ്ങളുടെ സുഹൃത്തായി തുടരുന്നത്.





   എപ്പോഴെങ്കിലും അതിന് ഒരു അവസരം വീണുകിട്ടിയാൽ, നിങ്ങളുടെ കൂട്ടുകാരനായി കണ്ടിരുന്നവൻ ആ അവസരം ചാടിപ്പിടിക്കും. കാരണം അണുങ്ങൾ അങ്ങനെയാണ്" എന്ന് സ്റ്റീവ് പറയുന്നു. "എല്ലാ ആണുങ്ങളും അങ്ങനെയാണോ?" എന്നുള്ള അവതാരകയുടെ ചോദ്യത്തിന് "ഞാനടക്കം 99.99 ശതമാനം ആണുങ്ങളും അങ്ങനെയാണ്" എന്ന് സ്റ്റീവ് ഹാർവേ സമ്മതിക്കുന്നു. "പക്ഷേ, ഈ വസ്തുത സ്ത്രീകളോട് പറഞ്ഞാൽ അവർ പൊട്ടിത്തെറിക്കും. എനിക്ക് ആൺ സുഹൃത്തുക്കളുണ്ടല്ലോ എന്നാവും അവർ മറുപടി പറയുന്നത്. സത്യത്തിൽ പുരുഷന്മാർ സ്ത്രീകളുടെ സുഹത്തുക്കളായി നിൽക്കുന്നത് അവർക്കപ്പോൾ കൂടുതൽ ഇടപെടാനുള്ള അവസരം കിട്ടാത്തതുകൊണ്ടാണ്. അത് നിങ്ങൾക്ക് മനസിലാകണമെങ്കിൽ, ഒരു ചെറിയ കാര്യം ചെയ്താൽ മതി, പുരുഷ സുഹൃത്തിനോട് സൗഹാർദ്ദത്തിൽ ചോദിക്കുക, നമുക്ക് ഡേറ്റ് ചെയ്താലോ എന്ന്! അപ്പോൾ കാണാം അവരുടെ തനി നിറം!" സ്റ്റീവ് പറയുകയാണ്. സ്റ്റീവിന്റെ തുറന്നു പറച്ചിൽ അന്താരാഷ്ട്ര തലത്തിൽ നിരവധി ചർച്ചകൾ സൃഷ്ടിച്ചിരുന്നു.

Find out more: