അനു സിതാരയുടെ കരിയറിൽ ഇടവേള സംഭവിച്ചോ? കുടുംബ പ്രേക്ഷകർ ഏറ്റെടുത്ത ചിത്രത്തിൻ്റെ പേരു പോലെ സന്തോഷത്തിലാണ് നായികയും. സിനിമയിൽ ഒരു പതിറ്റാണ്ട് തികച്ചിരിക്കുകയാണ് താരമിപ്പോൾ. 2013 ൽ പൊട്ടാസ് ബോംബ് എന്ന ചിത്രത്തിലൂടെയായിരുന്നു അനു സിതാരയുടെ രംഗപ്രവേശം. പിന്നീട് ഒരുപിടി മികച്ച സിനിമകളിലൂടെ മലയാളി പ്രേക്ഷകരുടെ ഇഷ്ടം നേടിയെടുക്കുകയും ചെയ്തു. പുതിയ സിനിമയുമായി പ്രേക്ഷകരുടെ മുന്നിലേക്ക് എത്തുമ്പോൾ, തൻ്റെ വലിയൊരു ആഗ്രഹം നിറവേറിയതിനെക്കുറിച്ചും കരിയറിൽ ഇടവേള സംഭവിച്ചോ എന്നതിനെക്കുറിച്ചും അനു സിതാര തുറന്നു പറയുകയാണ്. അനുഭവങ്ങളുടെ കരുത്തിൽ മികച്ച കഥാപാത്രങ്ങളുമായെത്തുന്ന അനു സിതാരയുടെ വാക്കുകൾ. മലയാള സിനിമയിലെ നായികാ വസന്തങ്ങളിൽ പ്രേക്ഷക ഇഷ്ടം നേടിയ താരമാണ് അനു സിതാര. ഒരുപിടി മികച്ച കഥാപാത്രങ്ങളെ വെള്ളിത്തിരയിലെത്തിച്ച അനു സിതാരയുടെ പുതിയ ചിത്രം 'സന്തോഷം' തിയറ്ററിലെത്തിയിരിക്കുകയാണ്. കുടുംബ പ്രേക്ഷകർ ഏറ്റെടുത്ത ചിത്രത്തിൻ്റെ പേരു പോലെ സന്തോഷത്തിലാണ് നായികയും.
കരിയറിൻ്റെ തുടക്കം മുതൽ മികച്ച സംവിധായകർക്കൊപ്പവും നല്ല അഭിനേതാക്കൾക്കൊപ്പവും നല്ല ടീമിനൊപ്പവും സിനിമകൾ ചെയ്യാൻ സാധിച്ചു. സുന്ദരമായ യാത്രയായിരുന്നു സിനിമയിൽ ഇതുവരെ. ഇപ്പോൾ പ്രേക്ഷക ഇഷ്ടം നേടുന്ന 'സന്തോഷ'വുമായി മുന്നിലേക്കെത്തിയിരിക്കുന്നു. ആദ്യ എന്ന കഥാപാത്രത്തെയാണ് ഞാൻ സന്തോഷത്തിൽ അവതരിപ്പിക്കുന്നത്. ആദ്യയ്ക്ക് 15 വയസിനു ശേഷം ഒരു അനുജത്തിയുണ്ടാകുന്നു. ആദ്യയും സഹോദരി അച്ചുവും തമ്മിലുള്ള നിമിഷങ്ങളും ചെറിയ പ്രശ്നങ്ങളും രസകരമായി അവതരിപ്പിക്കുകയാണ് ചിത്രത്തിലൂടെ.മലയാള സിനിമയിൽ 10 വർഷമെത്തി നിൽക്കുമ്പോൾ വളരെയധികം സന്തോഷത്തിലാണ്. ഇത്രയും നാൾ സിനിമയിൽ നിൽക്കുമെന്നോ ഇത്രയധികം സിനിമ ചെയ്യുമെന്നോ ചിന്തിച്ചല്ല ആദ്യ സിനിമയിലെത്തുന്നത്.കുടുംബ ബന്ധങ്ങൾക്ക് വളരെ പ്രാധാന്യം കൊടുക്കുന്നവരാണ് നമ്മൾ ഓരോരുത്തരും.
സഹോദരി സഹോദര ബന്ധങ്ങൾ മനസിൽ സൂക്ഷിക്കുന്ന നമുക്ക് സന്തോഷം എന്ന സിനിമ വളരെ നല്ല ഒരു അനുഭവമായിരിക്കും സമ്മാനിക്കുന്നത്. കുടുംബത്തിൻ്റെ കഥ പറയുന്ന ഒരു ചെറിയ സിനിമയാണത്. അച്ഛനും അമ്മയും മക്കളും ചേരുന്ന കുടുംബവും അവർ കടന്നു പോകുന്ന രസകരമായ മുഹൂർത്തങ്ങളുമായി സന്തോഷംകൊണ്ട് കണ്ണു നനയ്ക്കുന്ന ഒരു ചിത്രമായിരിക്കും അത്. പെൺകുട്ടികളുള്ള അച്ഛനമ്മമാർക്കും വളരെ പ്രായവ്യത്യാസമുള്ള സഹോദരങ്ങൾക്കും ജീവിതത്തോട് വളരെ അടുത്ത് വെക്കാവുന്ന ഒരു സിനിമയായിരിക്കും സന്തോഷം. എൻ്റെ സഹോദരിയും ഞാനും ഏഴു വയസിൻ്റെ വ്യത്യാസമുണ്ട്. അതുകൊണ്ടു തന്നെ എനിക്ക് വളരെ പെട്ടന്ന് കണക്ട് ചെയ്യാവുന്ന സന്ദർഭങ്ങളായിരുന്നു ചിത്രത്തിലേത്.സിനിമയ്ക്ക് ഏറ്റവും അനുയോജ്യമായ പേരാണ് സന്തോഷം എന്നത്. സിനിമ കാണാനെത്തുന്ന പ്രേക്ഷകർക്ക് തിയറ്റർ വിട്ടിറങ്ങുമ്പോൾ ഒരു സന്തോഷം മനസിലുണ്ടാകും.
അച്ഛനെ എക്സർസൈസ് ചെയ്യിപ്പിക്കാനും അമ്മയ്ക്കൊപ്പം നിൽക്കാനുമൊക്കെയായി വീട്ടിൽ എല്ലായിടത്തും അവളുടെ കണ്ണെത്തുന്നുണ്ട്. അനുജത്തിയെ മകളെ പോലെ നോക്കുന്ന കഥാപാത്രമാണത്. ചേച്ചിയുടെ നോട്ടം കൂടിയിട്ട് അനുജത്തി അച്ചുവിന് ചില ബുദ്ധിമുട്ടൊക്കെയുണ്ടാകുന്നുണ്ട്. അതൊക്കെ രസകരമായി അവതരിപ്പിക്കാനായിട്ടുണ്ട്. എല്ലാവർക്കും പരിചയം തോന്നുന്ന, നമ്മളിൽ ഒരാളാണെന്നു തോന്നുന്ന ഒരു കഥാപാത്രമായിരിക്കും ആദ്യ. വൈകാരികമായി കുടുംബ പ്രേക്ഷകർക്കു വളരെ അടുത്തു നിർത്താവുന്ന ചിത്രമാണ് സന്തോഷം. മികച്ചൊരു ടീമിനൊപ്പം മികച്ചൊരു സിനിമയുടെ ഭാഗമാകാൻ സാധിച്ചു.ഓരോ സിനിമകളിലെയും കഥാപത്രങ്ങൾ വ്യത്യസ്തമായിട്ടാണ് എനിക്ക് തോന്നിയിട്ടുള്ളത്. സന്തോഷത്തിൽ ആ കുടുംബത്തിലെ മുതിർന്ന മകളെയാണ് ഞാൻ അവതരിപ്പിക്കുന്നത്. വളരെ രസകരമായ നിമിഷങ്ങളായിരുന്നു അതൊക്കെ.
സന്തോഷത്തിൽ എൻ്റെ അച്ഛൻ കഥാപാത്രത്തെയാണ് ഷാജോൺ ചേട്ടൻ അവതരിപ്പിക്കുന്നത്. മുമ്പ് ജോണി ജോണി എസ് അപ്പ എന്ന ചിത്രത്തിലും എൻ്റെ അച്ഛനായി എത്തിയത് ഷാജോൺ ചേട്ടനായിരുന്നു. അന്ന് ഇത്രമാത്രം കോമ്പിനേഷൻ സീനുകൾ ഉണ്ടായിരുന്നില്ല. ജോണി ജോണിയിൽ വളരെ ദ്വേഷ്യക്കാരനായ അച്ഛനായിരുന്നു. സന്തോഷത്തിൽ വളരെ ഫ്രണ്ട്ലി ഫാദറാണ് അദ്ദേഹം. ലൊക്കേഷനിൽ ഞങ്ങളെല്ലാം ഒന്നിച്ചിരിക്കുന്ന സമയത്ത് അന്താക്ഷരി കളിക്കാനും പാട്ടുകൾ പാടാനും കഥകളൊക്കെ പറയാനും അദ്ദേഹവും ഒപ്പം കാണും. ഷാജോൺ ചേട്ടൻ നന്നായി പാടുന്നയാളാണ്. അങ്ങനെയാണ് പ്രമോഷനും അത്തരത്തിലുള്ള വീഡിയോകൾ ചെയ്യാമെന്നു കരുതിയത്. സിനിമയിലെ ഫാമിലിയുടെ സന്തോഷം പ്രേക്ഷരിലേക്കും പകർന്നു നൽകാം എന്നായിരുന്നു വിഡിയോകളിലൂടെ കരുതിയതും.സന്തോഷത്തിൻ്റെ പ്രമോഷൻ്റെ ഭാഗമായാണ് ഷാജോൺ ചേട്ടനൊപ്പം റീൽസൊക്കെ ചെയ്തു സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരുന്നത്. സിനിമയുടെ ഷൂട്ടിംഗ് സമയത്തും ഞങ്ങൾ ഇത്തരത്തിൽ റീൽസൊക്കെ ചെയ്യാറുണ്ടായിരുന്നു.
Find out more: