ലിയോയിൽ കമൽ ഹാസനും!സൗത്തിന്ത്യൻ പ്രേക്ഷകർ ഏറെ കാത്തിരിക്കുന്ന വിജയുടെ പുതിയ ചിത്രം ലിയോയെക്കുറിച്ചുള്ള വാർത്തകൾക്കായി കാത്തിരിക്കുകയാണ് ചലിച്ചിത്ര പ്രേമികൾ. മെഗാ വിജയം നേടിയ വിക്രത്തിനു ശേഷം സംവിധായകൻ ലോകേഷ് കനകരാജ് ഒരുക്കുന്ന ആക്ഷൻ ത്രില്ലർ ചിത്രമെന്നതാണ് ലിയോ വമ്പൻ പ്രതീക്ഷ സൃഷ്ടിക്കുന്നതിനു കാരണം. ഒപ്പം വിജയ് കൂടി ചേരുന്നതോടെ തമിഴ് സിനിമാ ലോകത്തുനിന്നും ഇതുവരെയുള്ള വിജയങ്ങളെല്ലാം തിരുത്തിക്കുറിക്കാനെത്തുന്ന ചിത്രത്തെക്കുറിച്ചുള്ള അപ്ഡേഷനുകളെല്ലാം വലിയ സ്വീകാര്യതയാണ് സോഷ്യൽ മീഡിയയിൽ ലഭിച്ചിട്ടുള്ളത്. ആരാധകരെ ആവേശത്തിലാഴ്ത്തി ലിയോയെക്കുറിച്ച് പുതിയ അപ്ഡേഷനെത്തി!പുതിയ റിപ്പോർട്ട് പ്രകാരം കമൽ ഹാസനും ലിയോയിൽ ഭാഗമാകുന്നു. പുതിയ സൂചന നൽകിയിരിക്കുന്നത് ചിത്രത്തിൻ്റെ ആർട് ഡയറക്ടറായ സതീഷ് കുമാറാണ്.
വിക്രം എന്ന ചിത്രത്തിലെ കമൽ ഹാസൻ്റെ വേഷത്തെ പരോക്ഷമായി പരാമർശിക്കുന്ന "ദി ഈഗിൾ ഈസ് കമിംഗ്" എന്ന പോസ്റ്ററാണ് സതീഷ് കുമാർ ട്വിറ്ററിലൂടെ പങ്കിട്ടത്. ഇതോടെയാണ് കമലഹാസൻ അതിഥി താരമായി ലിയോയിൽ എത്തുമെന്നുള്ള പ്രതീക്ഷയേറിയത്. കൈതി, വിക്രം എന്നീ ചിത്രങ്ങളിലൂടെ സംവിധായകൻ സൃഷ്ടിച്ച എൽസിയു അഥവാ ലോകേഷ് സിനിമാറ്റിക് യൂണിവേഴ്സിലെ ചിത്രമാണ് ലിയോയും എന്നു നേരത്തെ തന്നെ റിപ്പോർട്ടുണ്ടായിരുന്നു. അതുകൊണ്ടു തന്നെ കൈതി, വിക്രം സിനിമകളിലെ താരങ്ങൾക്കും സംഭവങ്ങൾക്കും ലിയോയിലും റഫറൻസും സാന്നിധ്യവും പ്രതീക്ഷിക്കുന്നുണ്ട്. പുതിയ റിപ്പോർട്ട് പ്രകാരം കമൽ ഹാസനും ലിയോയിൽ ഭാഗമാകുന്നു. കൈതിയിലെ കാർത്തിയുടെ റഫറൻസ് വിക്രത്തിൽ കൊടുത്തിരുന്നു.
വിക്രത്തിൽ കൊടൂര വില്ലൻ കഥാപാത്രം റോളക്സായി സൂര്യയെ അതിഥി വേഷത്തിലൂടെ ലോകേഷ് കനകരാജ് അവതരിപ്പിച്ചിരുന്നു. കാർത്തി, സൂര്യ എന്നിവരുടെ അതിഥി വേഷവും ഇതോടെ ലിയോയിൽ പ്രേക്ഷകർ പ്രതീക്ഷിക്കുന്നുണ്ട്. ലിയോയുടെ ഷൂട്ടിംഗ് ഇപ്പോൾ ചെന്നൈയിൽ പുരോഗമിക്കുകയാണ്. കമൽ ഹാസൻ ഇപ്പോൾ ഇന്ത്യൻ രണ്ടാം ഭാഗത്തിൻ്റെ ഷൂട്ടുമായി ബന്ധപ്പെട്ട് സൗത്ത് ആഫ്രിക്കയിലാണ്. ശങ്കർ സംവിധാനം ചെയ്യുന്ന ചിത്രത്തിൻ്റെ ഫൈറ്റ് രംഗങ്ങളാണ് സൗത്ത് ആഫ്രിക്കയിൽ ചിത്രീകരിക്കുന്നത്. ലിയോ പോലെ തന്നെ വമ്പൻ ബജറ്റിൽ ഒരുക്കുന്ന ചിത്രമാണ് ഇന്ത്യൻ രണ്ടും. വിക്രത്തിൻ്റെ വലിയ വിജയത്തിനു ശേഷം ലോകേഷ് കനകരാജിൻ്റെ സംവിധാനത്തിൽ കമൽഹാസനെ വീണ്ടും കാണാൻ ആരാധകരും ആകാംക്ഷയിലാണെന്ന രീതിയിലുള്ള കമൻ്റുകളാണ് സോഷ്യൽ മീഡിയയിൽ നിറയുന്നത്.
നേരത്തെ വിക്രത്തിൽ വിജയ് സേതുപതി അവതരിപ്പിച്ച വില്ലൻ കഥാപാത്രം സന്താനത്തിൻ്റെ സാന്നിധ്യം ലിയോയിൽ ഉണ്ടെന്നുള്ള സൂചന ചിത്രത്തിൻ്റെ സഹതിരക്കഥാകൃത്തായ രത്നകുമാർ നൽകിയിരുന്നു. ഇതോടെ എൽസിയുവിലെ മറ്റു കഥാപാത്രങ്ങളും ലിയോയിൽ ഉണ്ടാകുമെന്നാണ് വിലയിരുത്തുന്നത്. വിജയും തൃഷയും ജോഡികളായി എത്തുന്ന ലിയോയുടെ ആദ്യ ഷെഡ്യൂൾ കാശ്മീരിൽ ചിത്രീകരണം പൂർത്തിയാക്കിയിരുന്നു. കെജിഎഫിനു ശേഷം ബോളിവുഡ് താരം സഞ്ജയ് ദത്ത് വീണ്ടും സൗത്തിന്ത്യയിലേക്ക് എത്തുന്ന ചിത്രമാണിത്. ഒപ്പം വലിയ താരിനിരയും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. സംവിധായകരായ മിഷ്കിൻ, ഗൗതം വാസുദേവ് മേനോൻ, പ്രിയ ആനന്ദ്, മൻസൂർ അലി ഖാൻ, മലയാളി താരം മാത്യു തോമസ് തുടങ്ങിയവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മാസ്റ്റർ, വിക്രം എന്നീ ചിത്രങ്ങൾക്കു ശേഷം സംഗീത സംവിധായകൻ അനിരുദ്ധും ലോകേഷ് കനകരാജും ഒന്നിക്കുകയാണ് ലിയോയിലൂടെ.
Find out more: