പെരിങ്ങോട്ടുകുറിശിയിൽ നിലവിലെ ഭരണം തുടരും: എ വി ഗോപിനാഥ്! കോൺഗ്രസ് ദേശീയതലത്തിൽ സിപിഎമ്മുമായി സഹകരിക്കുന്നുണ്ട്. ആ സഹകരണം ഇവിടെ ഉണ്ടായാൽ തെറ്റില്ലെന്നാണ് മുൻ പ്രസ്താവനയിൽ ഉദ്ദേശിച്ചത്. കോൺഗ്രസിന്റെ പുതിയകാല പ്രവർത്തനങ്ങളോട് തനിക്ക് പൊരുത്തപ്പെടാൻ കഴിയുന്നില്ല. അതുകൊണ്ട് മാറി നിൽക്കാൻ തീരുമാനിച്ചതെന്നും അദ്ദേഹം പറഞ്ഞു. സിപിഎമ്മുമായി സഹകരിച്ചു പോകുന്നതു സംബന്ധിച്ച് ഒരു ചർച്ചയും നടന്നിട്ടില്ലെന്ന് എ വി ഗോപിനാഥ്.കെ സുധാകരനുമായി നല്ല ആത്മബന്ധമാണ് ഉള്ളത്. രാജി വളരെ ആലോചിച്ചെടുത്ത തീരുമാനമാണ്. കോൺഗ്രസിനെ നശിപ്പിക്കാൻ നടത്തുന്ന നീക്കമല്ല ഇത്. പെരിങ്ങോട്ടുകുറിശിയിലെ ഭരണം തുടരുമെന്നും അതിന് സിപിഎം പിന്തുണ ആവശ്യമില്ലെന്നും ഗോപിനാഥ് പറഞ്ഞു. റിപ്പോർട്ടർ ടിവിയുടെ പരിപാടിക്കിടെയായിരുന്നു പരാമർശം.
അതേസമയം, എ വി ഗോപിനാഥിന്രെ സിപിഎം പ്രവേശനം സംബന്ധിച്ച് സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറി സി കെ രാജേന്ദ്രൻ നിലപാട് വ്യക്തമാക്കി. സിപിഎമ്മിലേക്ക് വരണമോയെന്ന് അദ്ദേഹമാണ് തീരുമാനിക്കേണ്ടത്. ഇടതുപക്ഷ രാഷ്ട്രീയത്തെക്കുറിച്ച് അദ്ദേഹത്തിന് നല്ലതുപോലെ അറിയാം. അദ്ദേഹം നിലപാട് പ്രഖ്യാപിച്ച ശേഷം സിപിഎം നിലപാട് പറയുന്നതാണ് ശരി. മറ്റുകാര്യങ്ങൾ സംസ്ഥാന നേതൃത്വം തീരുമാനിക്കും- രാജേന്ദ്രൻ പറഞ്ഞു. മാത്രമല്ല കോൺഗ്രസിൽ നിന്നും രാജിവെച്ച എ വി ഗോപിനാഥിന്റെ തീരുമാനം സ്വാഗതാർഹമാണെന്ന് സിപിഎം. ഏറ്റവും കാലോചിതമായ ഒരു തീരുമാനം എടുത്ത ഗോപിനാഥിൻറെ മാതൃക ഇനിയും നിരവധി കോൺഗ്രസ്സ് നേതാക്കൾ സ്വീകരിക്കുമെന്നാണ് മനസ്സിലാക്കുന്നത് എന്നാണു സിപിഎം പാലക്കാട് ജില്ലാ കമ്മിറ്റി വാർത്താ കുറിപ്പിൽ വ്യക്തമാക്കി.
ഒരു കോൺഗ്രസ്സ് പ്രവർത്തകനെന്ന നിലയിൽ കോൺഗ്രസ്സിൻറെ രാഷ്ട്രീയ കാഴ്ചപ്പാടുകൾ നടപ്പിലാക്കുന്നതിന് ആത്മാർത്ഥതയോടുകൂടി പ്രവർത്തിച്ച ഒരു നേതാവായിരുന്നു അദ്ദേഹം. തൻറെ നിലപാടുകളിൽ ഉറച്ചുനിന്നതുകൊണ്ടും കോൺഗ്രസ്സിൻറെ പൊളിഞ്ഞു കൊണ്ടിരിക്കുന്ന രാഷ്ട്രീയത്തെ തുറന്നുകാണിച്ചതുകൊണ്ടും കോൺഗ്രസ്സിൽ അനഭിമതനായി മാറേണ്ടിവന്നു എന്നതാണ് അദ്ദേഹത്തിൻറെ വാർത്താ സമ്മേളനത്തിൽ നിന്നും മനസ്സിലാക്കുന്നത്.ജനതാൽപ്പര്യമോ സാമൂഹ്യ പ്രതിബദ്ധതയോ ഇല്ലാത്ത ഒരു ആൾക്കൂട്ടമായി കോൺഗ്രസ്സ് മാറികഴിഞ്ഞു.
തകർന്നു കൊണ്ടിരിക്കുന്ന കോൺഗ്രസ്സ് കപ്പലിൽ നിന്ന് കപ്പിത്താൻ ആദ്യം തന്നെ കടലിൽ ചാടി രക്ഷപ്പെട്ടു. കപ്പിത്താനില്ലാത്ത ഈ കപ്പലിൽ നിന്ന് സ്വയം നീന്തി രക്ഷപ്പെടാൻ കോൺഗ്രസ്സിന് വേണ്ടി ദീർഘകാലം ത്യാഗപൂർണമായ പ്രവർത്തനം നടത്തിയ പലരും ശ്രമിച്ചുകൊണ്ടിരിക്കുകയാണ്- പാലക്കാട് ജില്ലാ കമ്മിറ്റി വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.
Find out more: