ഹമാസ് ആക്രമണത്തിൽ നിന്ന് വൃദ്ധദമ്പതികളെ രക്ഷിച്ച് മലയാളി വനിതകൾ! ‘ഇന്ത്യൻ സൂപ്പർവിമൻ’ എന്നാണ് മലയാളി വനിതകളെ ഇസ്രായേൽ എംബസി സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ എക്സിൽ വശേഷിപ്പിച്ചത്. കേരളത്തിൽ നിന്നുള്ള സബിത, മീരാ മോഹനൻ എന്നീ വനിതകളാണ് ഹമാസ് ആക്രമണത്തിൽ നിന്ന് ഇസ്രായേലികളെ ധീരമായി രക്ഷിച്ചത്. ഹമാസ് ആക്രമണത്തിൽനിന്ന് ഇസ്രയേൽ സ്വദേശികളായ വൃദ്ധദമ്പതികളെ രക്ഷിച്ച രണ്ട് മലയാളി വനിതകൾക്ക് അഭിനന്ദനവുമായി ഇന്ത്യയിലെ ഇസ്രയേൽ എംബസി. "കേരളത്തിൽ നിന്നുള്ള കെയർഗിവറായ സബിതയുടെ കഥ കേൾക്കുക. താനും തന്റെ സഹപ്രവർത്തക മീരാ മോഹനനും ചേർന്ന് എങ്ങനെയാണ് ഇസ്രായേലി പൗരന്മാരെ രക്ഷിച്ചതെന്ന് സബിത പറയുന്നു. ഡോർ ഗാൻഡിൽ മുറുകെ പിടിച്ച് തീവ്രവാദികൾക്ക് അകത്ത് കടക്കാനും അവരെ കൊല്ലാനുമുള്ള അവസരം ഇല്ലാതാക്കി ഇരുവരും," ഇസ്രായേൽ ഇൻ ഇന്ത്യ എന്ന എക്സ് ഹാൻഡിൽ വിശദീകരിച്ചു.
"ഞാൻ സബിത. ഞാനും മീരാ മോഹൻ എന്ന എന്റെ സഹപ്രവർത്തകയും കെയർഗിവേഴ്സായി അതിർത്തി പ്രദേശമായ നിറോസിൽ താമസിച്ചു വരികയാണ്. ഞാനവിടെ മൂന്ന് വർഷമായി ജോലി ചെയ്തുവരുന്നു. റാഹേൽ എന്ന വൃദ്ധയായ സ്ത്രീയെയാണ് ഞങ്ങൾ പരിചരിക്കുന്നത്. ഞാൻ എന്റെ രാത്രി ഷിഫ്റ്റിലായിരുന്നു. രാവിലെ തിരികെ പോകാൻ ഒരുങ്ങവെ ഞങ്ങൾ അപായ സൈറൺ കേട്ടു. ഞങ്ങൾ ഓടി സേഫ്റ്റി റൂമിലേക്കെത്തി. സൈറൺ മുഴങ്ങിക്കൊണ്ടിരുന്നു. റഹേലിന്റെ മകളുടെ ഫോൺവിളി ഇതിനകം എത്തി. കാര്യങ്ങൾ കൈവിട്ടു പോയിരിക്കുകയാണെന്ന് അവർ പറഞ്ഞു. എന്ത് ചെയ്യണമെന്ന് അറിയില്ലായിരുന്നു. മുന്നിലെയും പിന്നിലെയും വാതിലുകൾ അടയ്ക്കാൻ മകൾ ആവശ്യപ്പെട്ടു. ഇതിനകം തീവ്രവാദികൾ വീട്ടിലെത്തിയിരുന്നു. അവർ ചില്ലുകൾ തകർക്കുന്നതിന്റെയും വെടിവെക്കുന്നതിന്റെയും ശബ്ദം കേട്ടു.
ഞാൻ വീണ്ടും റാഹേലിന്റെ മകളെ വിളിച്ചു. ഡോർ അവർക്ക് തുറക്കാൻ കഴിയരുത്, സേഫ്റ്റി റൂമിന്റെ ഡോർ ഹാൻഡിൽ മുറുകെ പിടിക്കണം. റഹേൽ ആവശ്യപ്പെട്ടു. ഞങ്ങൾ ചെരിപ്പുകൾ ഊരിയിട്ടു. തറയിൽ ഗ്രിപ്പ് കിട്ടാൻ വേണ്ടിയായിരുന്നു അത്. ഞങ്ങൾ ഏതാണ്ട് അരമണിക്കൂർ ഡോർ ഹാൻഡിൽ ബലമായി പിടിച്ചുനിന്നു. തീവ്രവാദികൾ ഡോർ പുറത്തുനിന്ന് തുറക്കാൻ ഏറെ ശ്രമിച്ചു. അവർ ഡോറിൽ ഇടിച്ചു. വെടിവെച്ചു. ഏഴരയോടെ ഇസ്രായേൽ ആർമി രക്ഷിക്കാനെത്തി. വീട് മുഴുവനും തീവ്രവാദികൾ നശിപ്പിച്ചിരുന്നു," സബിത വീഡിയോയിൽ പറഞ്ഞു. അതെസമയം ഇസ്രായേൽ - ഗാസ യുദ്ധം തുടരുകയാണ്. നിലവിൽ 2778 പലസ്തീൻകാർ കൊല്ലപ്പെട്ടതായി ഗാസ ആരോഗ്യമന്ത്രാലയം അറിയിച്ചു. 9700 പേർക്ക് പരിക്കേറ്റു. 1200ഓളം പേർ തകർന്ന കെട്ടിടങ്ങൾക്കിടയിൽ പെട്ടതായി കണക്കാക്കപ്പെടുന്നു. ഇവർ ഒരുപക്ഷം മരിച്ചിരിക്കാം.
Find out more: