മോൺസണെതിരെ വീണ്ടും പീഡന പരാതി! മോൻസൺ മാവുങ്കലിൻ്റെ സ്ഥാപനത്തിൽ മുൻപ് ജോലി ചെയ്തിരുന്ന യുവതിയാണ് ഇയാൾക്കെതിപെ പീഡന പരാതിയുമായി എത്തിയിരിക്കുന്നത്. പരാതി ലഭിച്ചതിൻ്റെ അടിസ്ഥാനത്തിൽ ക്രൈം ബ്രാഞ്ച് യുവതിയുടെ മൊഴി രേഖപ്പെടുത്തും. പുരാവസ്തു തട്ടിപ്പുകാരൻ മോൻസൺ മാവുങ്കലിനെതിരെ വീണ്ടും ലൈംഗികാരോപണം.  സ്ഥാപനത്തിൽ ജോലി ചെയ്തിരുന്ന സ്ത്രീകളെയും ചില പെൺകുട്ടികളെയും മോൻസൺ പീഡിപ്പിച്ചിരുന്നതായി ജീവനക്കാർ അടക്കമുള്ളവർ വെളിപ്പെടുത്തിയിരുന്നു. സമാനമായ മറ്റൊരു കേസിൽ അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് പുതിയ പരാതി. ഈ പരാതി ക്രൈം ബ്രാഞ്ചിനു കൈമാറും. മോൻസണോടൊപ്പം ജോലി ചെയ്തിരുന്ന കാലത്ത് തന്നെ മോൻസൺ പീഡിപ്പിച്ചു എന്നാണ് യുവതിയുട പരാതി.  സൗന്ദര്യവർധക സ്ഥാപനത്തിലെ ഒരു ജീവനക്കാരിയുടെ മകളെ മോൻസൺ ലൈംഗികമായി ഉപദ്രവിക്കുകയായിരുന്നുവെന്നാണ് ആരോപണം.





   പെൺകുട്ടിയ്ക്ക് ഉന്നതവിദ്യാഭ്യാസം ഉറപ്പു നൽകിയ മോൻസൺ കുട്ടിയെ വാടകവീട്ടിൽ വെച്ച് നിരന്തരം പീഡിപ്പിച്ചതായാണ് കേസ്. ഈ കേസിൽ മോൻസണെ ഉടൻ അന്വേഷണസംഘം കസ്റ്റഡിയിലെടുക്കും. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചതിനു മോൻസണെതിരെ പോക്സോ കേസാണ് നിലവിലുള്ളത്. ഇതിനിടെ മോൻസൻ്റെ കലൂരിലെ വീട്ടിൽ ക്രൈം ബ്രാഞ്ച് തെളിവെടുപ്പ് നടത്തി. ഇന്നലെ രാവിലെ 11 മണിയോടെയാണ് മോൻസണെ ഇവിടെയെത്തിച്ച് തെളിവെടുപ്പ് നടത്തിയത്. വൈകിട്ട് നാലുമണി വരെ തെളിവെടുപ്പ് നീണ്ടു. പുരാവസ്തു വ്യാപാരിയായ സന്തോഷ് എളമക്കരയെ കബളിപ്പിച്ച കേസിലായിരുന്നു തെളിവെടുപ്പ്. സന്തോഷിൻ്റെ സാന്നിധ്യത്തിലായിരുന്നു ഉദ്യോഗസ്ഥർ മോൻസണുമായി തെളിവെടുപ്പ് നടത്തിയത്.




   അതേസമയം, മോൻസൻ്റെ മാനേജറായ ജിഷ്ണു മോൻസൺ പറഞ്ഞതനുസരിച്ച് ഒരു പെൻഡ്രൈവ് നശിപ്പിച്ചതായി റിപ്പോർട്ടുകൾ വന്നിരുന്നു. ഇതേപ്പറ്റിയും അന്വേഷണം പുരോഗമിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം ക്രൈം ബ്രാഞ്ച് ജിഷ്ണുവിനെ വിളിച്ചു വരുത്തി ചോദ്യം ചെയ്തിരുന്നു. ഈ പെൻഡ്രൈവിൽ എന്താണ് സൂക്ഷിച്ചിരുന്നതെന്ന് തനിക്ക് അറിയില്ലെന്നാണ് ജിഷ്ണു പറയുന്നത്. മൂന്ന് കോടി രൂപയുടെ സാമഗ്രികൾ സന്തോഷിൽ നിന്ന് മോൻസൺ വാങ്ങിയിട്ടുണ്ടെന്നാണ് കേസിലെ രേഖകൾ പറയുന്നത്. ഇവ ഏതെല്ലാമാണെന്ന് സന്തോഷ് തിരിച്ചറിഞ്ഞു. കൂടാതെ ഈ വീടിനുള്ളിൽ തയ്യാറാക്കിയിരുന്ന മസാജിങ് സെൻ്ററിലും തെളിവെടുപ്പ് നടത്തി. 



  കഴിഞ്ഞ ദിവസം ഈ മുറിയിൽ നിന്ന് എട്ട് രഹസ്യ ക്യാമറകൾ ക്രൈം ബ്രാഞ്ച് കണ്ടെത്തിയിരുന്നു. ഈ സാഹചര്യത്തിലായിരുന്നു ഇവിടെയും തെളിവെടുപ്പ് നടത്തിയത്. കേസുമായി ബന്ധപ്പെട്ട് മുൻ പോലീസ് മേധാവി ലോക്നാഥ് ബെഹ്റയുടെയും നിലവിലെ ഡിജിപി അനിൽ കാന്തിൻ്റെയും മൊഴി ക്രൈം ബ്രാഞ്ച് രേഖപ്പെടുത്തിയിട്ടുണ്ട്. ക്രൈം ബ്രാഞ്ച് മേധാവി എസ് ശ്രീജിത്ത്, എസ് പി എം ജെ സോജൻ എന്നിവരാണ് മൊഴിയെടുക്കാനായി അനിൽ കാന്തിനെ സന്ദർശിച്ചത്. മോൻസണുമൊത്ത് അനിൽ കാന്ത് നിൽക്കുന്ന ചിത്രം പുറത്തു വന്ന സാഹചര്യത്തിലായിരുന്നു മൊഴിയെടുപ്പ്.

Find out more: