ഭരണഘടനാ മൂല്യങ്ങളിൽ നിന്നും പിൻവലിയുന്ന കേന്ദ്രസർക്കാരിന് താക്കീതായി സിപിഎമ്മിന്റെ പ്രതിരോധ ജാഥ! തിങ്കളാഴ്ച വൈകുന്നേരം കാസർകോട് കുമ്പളയിൽ മുഖ്യമന്ത്രി പിണറായി വിജയനാണ് ജാഥ ഉദ്ഘാടനം നിർവഹിക്കുക. കേന്ദ്ര സർക്കാർ നയങ്ങൾക്കെതിരെ സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ നയിക്കുന്ന ജനകീയ പ്രതിരോധ ജാഥയ്ക്ക് ഇന്ന് കാസർകോട് തുടക്കമാകും. കേരളത്തിൻറെ മുഴുവൻ ജില്ലകളിലൂടെയും കടന്നുപോകുന്ന ജാഥ ഫെഡറൽ തത്വങ്ങൾ മറന്ന് കേരളത്തെ നിരന്തരം ദ്രോഹിക്കുന്ന കേന്ദ്രസർക്കാറിനുള്ള ജനകീയ പ്രതിരോധത്തിന്റെ മറുപടിയായി മാറും സിപിഎം നേതൃത്വം പറയുന്നു.ജനാധിപത്യത്തിൽ നിന്നും ഭരണഘടനാ മൂല്യങ്ങളിൽ നിന്നും പിൻവലിയുന്ന കേന്ദ്രസർക്കാരിന് താക്കീത് നൽകാനും, വർഗീയതക്കെതിരെ സന്ധിയില്ലാത്ത പോരാട്ടം തുടരുന്നതിനുമായാണ് ജാഥയെന്നാണ് സിപിഎം പറയുന്നത്.
കേന്ദ്രസർക്കാരിൻറെ അവഗണനയാണ് ജാഥ മുഖ്യമായും ചർച്ച ചെയ്യുന്നതെന്ന് എംവി ഗോവിന്ദൻ കഴിഞ്ഞദിവസം പറഞ്ഞിരുന്നു. കേന്ദ്രത്തിൻറേത് കേരളത്തെ സാമ്പത്തികമായി തകർക്കുന്ന നയമാണ്. ഫെഡറൽ സംവിധാനത്തിന് എതിരായ നിലപാടാണ് സ്വീകരിക്കുന്നത്. ഒരു കാര്യത്തിലും കേരളത്തിന് അനുകൂലമായ തീരുമാനമുണ്ടാകുന്നില്ല. റെയിൽവേ, എയിംസ്, വിമാനത്താവളം എന്നിവയിൽ പൂർണമായി അവഗണിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.ഒരുമാസത്തോളം നീളുന്ന ജനകീയ പ്രതിരോധ ജാഥയാണ് കുമ്പളയിൽ നിന്ന് ആരംഭിക്കുന്നത്. സിപിഎം സംസ്ഥാന സെക്രട്ടറി എന്ന നിലയിൽ എം വി ഗോവിന്ദൻ നയിക്കുന്ന ആദ്യത്തെ സംസ്ഥാനതല പ്രചാരണ പരിപാടി കൂടിയാണിത്. കേന്ദ്ര സർക്കാരിൻറെ ജനദ്രോഹ - ദേശദ്രോഹ നടപടികൾക്കെതിരെയാണ് ജാഥ.
ഇടത് സർക്കാരിൻറെ ജനക്ഷേമ നടപടികൾ വിശദീകരിക്കാനുള്ള വേദിയായും ജാഥ മാറും. ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പാർട്ടിയെ സജ്ജമാക്കുക എന്ന ലക്ഷ്യവും മുന്നിൽകണ്ടാണ് സിപിഎം സംസ്ഥാന ജാഥയിലേക്ക് കടക്കുന്നത്.ജാഥയ്‌ക്ക് വെല്ലുവിളിയാകുന്ന പ്രശ്‌നങ്ങളെന്ന് പറഞ്ഞ് ചില മാധ്യമങ്ങൾ പ്രചാരണം നടത്തുന്നുണ്ട്. സിപിഎം ജാഥ നടത്തുന്ന സന്ദർഭങ്ങളിലെല്ലാം ഇത്തരം പ്രചാരണം വലതുപക്ഷ മാധ്യമങ്ങൾ നടത്താറുണ്ട്. കണ്ണൂരിലെ ചില ക്രിമിനലുകൾ സമൂഹ മാധ്യമത്തിലൂടെ നടത്തുന്ന പ്രചാരണമാണ് ജാഥയ്‌ക്ക് വെല്ലുവിളിയായി ചില മാധ്യമങ്ങൾ ചൂണ്ടിക്കാട്ടുന്നത്.
ഇത് എവിടെയും ഏശാൻ പോകുന്നില്ലെന്നും എംവി ഗോവിന്ദൻ പറഞ്ഞു.കേന്ദ്രസർക്കാരിൻറെ സാമ്പത്തിക നിലപാട് സംസ്ഥാനത്തിന് പൂർണമായും എതിരാണ്. അർഹതപ്പെട്ട 40,000 കോടി രൂപയുടെ സാമ്പത്തികവിഹിതം വെട്ടിക്കുറച്ചു. പത്താം പഞ്ചവത്സര പദ്ധതിയിൽ വിഹിതം 3.9 ശതമാനമായിരുന്നു. അത് 1.9 ശതമാനമാക്കി കുറച്ചു. പതിനായിരക്കണക്കിന് കോടി രൂപയുടെ നഷ്‌ടമാണ് കേരളത്തിനുണ്ടായതെന്നും സിപിഎം നേതാവ് വിമർശിക്കുന്നു.
Find out more: