മലയാളത്തിൽ ഇനി ത്രീഡി വിസ്മയങ്ങൾ! പാൻ ഇന്ത്യൻ ലെവലിൽ തമിഴ്, തെലുങ്ക്, കന്നട സിനിമകൾ ബ്ലോക്ക്ബസ്റ്റർ വിജയം നേടുമ്പോൾ മലയാളത്തിനും അത് പുതിയ സാധ്യതകൾ തുറന്നു നൽകുകയാണ്. മിന്നൽ മുരളി ഒടിടി പ്ലാറ്റ്ഫോമിലാണ് റിലീസ് ചെയ്തതെങ്കിലും മലയാള സിനിമയ്ക്കു ലോകോത്തര ഓടിടി പ്ലാറ്റ്ഫോമുകളിൽ വിശാലമായ മാർക്കറ്റ് ചിത്രം സൃഷ്ടിച്ചു. പുലിമുരുകനിലൂടെയാണ് വേൾഡ് വൈഡ് റിലീസുകളിൽ നിരവധി വിദേശ രാജ്യങ്ങളിലേക്കു ഡയറക്ട് റിലീസും മലയാള സിനിമയ്ക്കു സാധ്യമായി. പിന്നീട് തിയറ്ററിൽ വലിയ വിജയം നേടിയ ലൂസിഫർ, കുറുപ്പ്, ഭീഷ്മപർവം അടക്കം സമീപ കാല ചിത്രങ്ങൾക്കെല്ലാം ഓവർസീസ് കളക്ഷൻ മികച്ച രീതിയിലാണ് ലഭിക്കുന്നത്. ഇനി മലയാളത്തിൽ നിന്നും ത്രീഡി ഫോർമാറ്റിൽ ഒരുപിടി ചിത്രങ്ങളാണ് പാൻ ഇന്ത്യൻ ലെവലിൽ എത്തുന്നത്. മാറുന്ന മലയാള സിനിമയുടെ വാണിജ്യ മേഖല ഇന്നു വിശാലമോയ ലോകമാണ്.
വേൾഡ് വൈഡ് റിലീസിനും ഒടിടി പ്ലാറ്റ്ഫോമുകളും അടക്കം മികച്ച കളക്ഷനും കോടി ക്ലബുകളുടെ നേട്ടവും സ്വന്തമാക്കാനുള്ള കരുത്ത് ഇന്നു മലയാള സിനിമയ്ക്കുണ്ട്.നാല് പതിറ്റാണ്ടു കഴിഞ്ഞ മോഹൻലാലിൻ്റെ സിനിമ ജീവിതത്തിൽ ആദ്യമായി സംവിധായകനുമാകുന്ന ബറോസ് ബിഗ് ബജറ്റ് ത്രീഡി ചിത്രമാണ്. ചിത്രത്തിൽ പ്രധാന കഥാപാത്രമായ ഭൂതത്തിൻ്റെ വേഷത്തിൽ വെള്ളിത്തിരയിലെത്തുന്നതും മോഹൻലാലാണ്. 2019 ഏപ്രിലില്ലാണ് ചിത്രം പ്രഖ്യാപിച്ചത്. ആശിർവാദ് സിനിമാസാണ് ചിത്രം നിർമ്മിക്കുന്നത്. ഇന്ത്യയിലെ ആദ്യ ത്രീഡി ചിത്രമായിരുന്ന മൈ ഡിയർ കുട്ടിച്ചാത്തൻ സംവിധാനം ചെയ്‍ത ജിജോയുടെ കഥയെ ആസ്‍പദമാക്കിയാണ് മോഹൻലാൽ ബറോസ് ഒരുക്കുന്നത്. ഇൻ്റർനാഷണൽ പ്ലാറ്റഫോമിൽ സിനിമ അവതരിപ്പിക്കുകയാണെന്നാണ് ചിത്രത്തെക്കുറിച്ച് മോഹൻലാൽ പറഞ്ഞത്. 400 വർഷം പഴക്കമുള്ള കഥയാണ് പറയുന്നത്.
വാസ്കോഡ് ഗാമയുടെ സ്വത്തിനു കാവലിരിക്കുന്ന ഭൂതത്തെ തേടി അവകാശിയായി എത്തുന്ന ഒരു ബാലനെത്തുകയും പിന്നീടുണ്ടാകുന്ന മുഹൂർത്തങ്ങളുമാണ് ചിത്രം ദൃശ്യവൽക്കരിക്കുന്നത്. പാസ് വേഗ, റാഫേൽ അമാർഗോ എന്നീ സ്‍പാനിഷ് താരങ്ങളും സിനിമയിൽ അഭിനയിക്കുന്നുണ്ട്. ബറോസിൽ വാസ്‌കോഡഗാമയുടെ വേഷത്തിലാണ് റാഫേൽ അഭിനയിക്കുക. ഭാര്യയുടെ വേഷത്തിലാകും പാസ് വേഗ എത്തുക. കടമറ്റത്തു കാത്തനാരുടെ മാന്ത്രിക ജീവിതം വെള്ളിത്തിരയിലെത്തുന്ന കത്തനാർ ഇന്ത്യൻ സിനിമ ഇതുവരെ പരീക്ഷിക്കാത്ത പുത്തൻ ടെക്നോളജിയുടെ സഹായത്തോടെ എത്തുന്ന ത്രീഡി ചിത്രമാണ്. ജംഗിൾബുക്ക്, ലയൺകിങ്, അവതാർ തുടങ്ങിയ വിദേശ ചിത്രങ്ങളിൽ ഉപയോഗിച്ച സാങ്കേതിക വിദ്യയിൽ ഇന്ത്യയിൽ നിർമിക്കുന്ന ആദ്യ ചിത്രമായിരിക്കും ഇത്. നൂറ്റാണ്ടുകൾക്കു മുമ്പുള്ള കേരളത്തിലെ കാലഘട്ടത്തിൻ്റെ കഥയാണ് വെള്ളിത്തിരയിലൊരുക്കുന്നത്. മാന്ത്രികനായ കടമറ്റത്തു കത്തനാരായി ജയസൂര്യ എത്തുന്ന ചിത്രം ഏറെ ശ്രദ്ധ നേടിയ ഹോം എന്ന ചിത്രമൊരുക്കിയ റോജിൻ തോമസാണ് സംവിധാനം ചെയ്യുന്നത്.
മൂന്നു കാലഘട്ടങ്ങളിലൂടെ പീരിയോഡിക് എന്റർടൈനറായി കഥ പറയുന്ന ടോവിനോ തോമസ് നായകനാകുന്ന അജയൻ്റെ രണ്ടാം മോഷണം ത്രീഡി ഫോർമാറ്റിലാണ് തിയറ്ററിലേക്കെത്താനൊരുങ്ങുന്നത്. നവാഗതനായ ജിതിൻ ലാൽ സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെ ആദ്യമായി ട്രിപ്പിൾ റോളിൽ ടോവിനോ തോമസ് എത്തുന്നു. ആക്ഷനും അഡ്വഞ്ചറിനും ഏറെ സാധ്യതയുള്ള ചിത്രത്തിൻ്റെ പ്രീ വിഷ്വലൈസേഷൻ വീഡിയോ അണിയറ പ്രവർത്തകർ പുറത്തുവിട്ടിരുന്നു. ചോതിക്കാവിലെ മായകാഴ്ചകളുടെ തുടക്ക രൂപമാണ് വീഡിയോയിലൂടെ പകരുന്നത്. ബാബു ആൻ്റണി ശക്തമായ കഥാപാത്രങ്ങളുമായി വീണ്ടും മലയാളത്തിലേക്ക് എത്തുമ്പോൾ മറ്റൊരു ത്രീഡി ചിത്രം സാധ്യമാകുന്നു. കടമറ്റത്തു കത്തനാർ എന്നു പേരിട്ടിരിക്കുന്ന ചിത്രത്തിൽ ടൈറ്റിൽ റോളിലാണ് ബാബു ആൻ്റണി എത്തുന്നത്. ദക്ഷിണേന്ത്യൻ സിനിമയിലെ പ്രമുഖ താരങ്ങൾ അണിനിരക്കുന്ന ചിത്രം ടി.എസ്. സുരേഷ് ബാബുവാണ് സംവിധാനം ചെയ്യുന്നത്.
Find out more: