സിപിഎം പലസ്തീൻ വിഷയത്തിൻറെ ഗൗരവം ചോർത്തിക്കളഞ്ഞുവന്നു വിഡി സതീശൻ! പാണക്കാട് സന്ദർശനത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പാണക്കാട് തറവാട്ടിൽ കോൺഗ്രസ് നേതാക്കൾ എത്തുന്നത് സ്വാഭാവിക കാര്യം മാത്രമാണ്. മലപ്പുറത്ത് കോൺഗ്രസ് കൺവെൻഷൻ നടക്കുന്ന സാഹചര്യത്തിൽ പാണക്കാട് സാദിഖലി തങ്ങൾ ഉൾപ്പെടെയുള്ള ലീഗ് നേതാക്കളുമായി ആശയവിനിമയം നടത്തുകയെന്ന ലക്ഷ്യത്തോടെയാണ് എത്തിയതെന്ന് അദ്ദേഹം പറഞ്ഞു. രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിച്ച സിപിഎം പലസ്തീൻ വിഷയത്തിൻറെ ഗൗരവം ചോർത്തിക്കളഞ്ഞെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. സിപിഎമ്മിന് ഏകസിവിൽ കോഡെന്ന വിഷയത്തോടല്ല, അതിൽ നിന്നും രാഷ്ട്രീയ ലാഭം ഉണ്ടാക്കാൻ പറ്റുമോയെന്നാണ് ചിന്തിച്ചത്. പാലസ്തീൻ വിഷയത്തിലും ലീഗിനെ ക്ഷണിക്കുമെന്നാണ് സിപിഎം പറഞ്ഞത്. അവർക്ക് പലസ്തീനല്ല, ലീഗാണ് വിഷയം.
വലിയൊരു വിഷയത്തെ വിലകുറഞ്ഞ രീതിയിലാണ് സിപിഎം സമീപിക്കുന്നത്. പലസ്തീൻ വിഷയത്തെ ഇടുങ്ങിയ രാഷ്ട്രീയമാക്കി യുഡിഎഫിൽ എന്തോ കുഴപ്പമുണ്ടെന്ന് വരുത്തി തീർക്കാനുള്ള ശ്രമമാണ് സിപിഎം നടത്തിയത്. പലസ്തീൻ വിഷയത്തിൻറെ ഗൗരവം തന്നെ സിപിഎം ചോർത്തിക്കളഞ്ഞെന്ന് പ്രതിപക്ഷ നേതാവ് വിമർശിച്ചു. യുഡിഎഫിലെ എല്ലാ പാർട്ടികളും പാർലമെൻറ് തെരഞ്ഞെടുപ്പിൻറെ മുന്നൊരുക്കങ്ങൾ നടത്തിക്കൊണ്ടിരിക്കുകയാണെന്നും വിഡി സതീശൻ പറഞ്ഞു. ലീഗിൻറെ കൺവെൻഷനുകൾ പൂർത്തിയായി. കോൺഗ്രസിൻറെ പത്താമത്തെ കൺവെൻഷനാണ് ഇന്ന് നടക്കുന്നത്. ഈ മാസം 11ന് കൺവെൻഷനുകൾ പൂർത്തിയാകും. ഡിസംബർ അവസാനത്തോടെ എല്ലായിടത്തും യുഡിഎഫ് ബൂത്ത് തെരഞ്ഞെടുപ്പ് കമ്മിറ്റുകൾ നിലവിൽ വരും.
മുഖ്യമന്ത്രിയും മന്ത്രിമാരും നേട്ടം പറയാൻ എത്തുമ്പോൾ 140 മണ്ഡലങ്ങളിലും യുഡിഎഫ് ഈ സർക്കാരിനെ ജനങ്ങൾക്ക് മുന്നിൽ വിചാരണ ചെയ്യും. സിപിഎമ്മിന് കൃത്യമായി മറുപടിയാണ് ലീഗ് നൽകിയിരിക്കുന്നത്. അക്കാര്യത്തിൽ കോൺഗ്രസിന് സന്തോഷവും അഭിമാനവുമുണ്ട്. കോൺഗ്രസിനെ ക്ഷണിക്കാത്ത പരിപാടിക്ക് ഞങ്ങൾ ഇല്ലെന്നാണ് ലീഗ് പറഞ്ഞത്. പരിപാടി നടത്തുന്നതിൻറെ കാരണത്തോട് ലീഗിനും കോൺഗ്രസിനും വിരോധമില്ല. പലസ്തീൻ വിഷയത്തിൽ മഹാത്മഗാന്ധിയും ഇന്ദിരാഗന്ധിയും സ്വീകരിച്ച നിലപാട് തന്നെയാണ് കോൺഗ്രസിന് ഇപ്പോഴും.
ലീഗ് കോഴിക്കോട് സംഘടിപ്പിച്ച അത്രയും വലിയ പരിപാടി നടത്താൻ ലോകത്ത് ആർക്കും സാധിച്ചിട്ടില്ല. ഓരോ പാർട്ടികളും അവരുടെ രീതിയിലാണ് പരിപാടികൾ നടത്തുന്നത്. ഏക സിവിൽ കോഡിൽ സിപിഎം നടത്തിയതിനേക്കാൾ വലിയ സെമിനാർ കോൺഗ്രസ് സംഘടിപ്പിച്ചു. ലീഗിനെ മാത്രമാണ് സിപിഎം റാലിയിലേക്ക് ക്ഷണിച്ചത്. അതുകൊണ്ട് തന്നെ അക്കാര്യം അവർ ചർച്ച ചെയ്ത് നിലപാട് വ്യക്തമാക്കി. ഏക സിവിൽ കോഡിലും ലീഗിനെയും സമസ്തയെയും വിളിക്കുമെന്നാണ് സിപിഎം പറഞ്ഞത്.
Find out more: