തണുത്ത് വിറച്ചു തെക്കിന്റെ കാശ്മീർ: മൈനസ് 2 ഡിഗ്രി സെൽഷ്യസ്! മൂന്നാറിൽ അതിശൈത്യം ആരംഭിച്ചു കഴിഞ്ഞു. കഴിഞ്ഞ ദിവസം താപനില പൂജ്യത്തിനു താഴേക്ക് എത്തി. ശൈത്യകാലം ആരംഭിച്ച് രണ്ടുമാസത്തിനിടെ മൂന്നാം തവണയാണ് മൂന്നാറിലെ താപനില പൂജ്യത്തിനു താഴെ എത്തുന്നത്. മീശപ്പുലിമലയുടെ  താഴ്വാരത്തെ  സൈലൻ്റ് വാലി, ചെണ്ടുവരൈ, മൂന്നാർ എന്നിവിടങ്ങളിൽ മൈനസ് ഒന്നായിരുന്നു താപനില. ഇതോടെ മഞ്ഞിൽ പൊതി‌ഞ്ഞ മലനിരകളും താഴ്‍വരകളും തേയില തോട്ടങ്ങളും കാണാൻ, മൂന്നാറിലേക്ക് സഞ്ചാരികളുടെ ഒഴുക്കാണ്. റിസോർട്ടുകളും ഹോട്ടലുകളും സഞ്ചാരികളാൽ നിറഞ്ഞിരിക്കുകയാണ്. ഡിസംബർ മാസത്തിലെ അവസാന ആഴ്ചയിലും ജനുവരിയിലെ രണ്ടാം ആഴ്ചയിലും സമാന കാലാവസ്ഥയാണ് മൂന്നാറിൽ അനുഭവപ്പെട്ടത്. വ്യാഴാഴ്ച രാവിലെ മൂന്നാറിലെ ലച്ച്മിയിൽ താപനില മൈനസ് രണ്ട് ഡിഗ്രി രേഖപ്പെടുത്തിയെന്ന് ദ ഹിന്ദു റിപ്പോ‍ർട്ട് ചെയ്തു.




അഞ്ചു വർഷത്തിനിടയിലെ ശക്തമായ തണുപ്പാണ് ഇത്തവണ അനുഭവപ്പെടുന്നതെന്ന് വട്ടവട പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ ഉള്ളവർ പറയുന്നു. പഴത്തോട്ടം, ചിലന്തിയാർ, കടവരി മേഖലകളിൽ കടുത്ത തണുപ്പാണ് ഒരാഴ്ചയായി അനുഭവപ്പെടുന്നത്.  വരുംദിവസങ്ങളിൽ താപനില താഴ്ന്നാൽ അതു കൃഷിയെയും ബാധിക്കുമെന്ന ആശങ്കയും കർഷകർ പങ്കുവയ്ക്കുന്നുണ്ട്. അതേസമയം ടൂറിസം രംഗത്ത് ഇതു പ്രതീക്ഷയുണ്ടാക്കിയിട്ടുണ്ട്.  മൂന്നാറിൽ കൊടുംതണുപ്പ് തുടരുന്നു. മഞ്ഞുപാളികൾ അടർന്ന് വീഴുന്ന കാഴ്ചയാണ്. മൂന്നാറിലും സമീപ പ്രദേശങ്ങളിലും താപനില ഒരുഡിഗ്രി അനുഭവപ്പെടുമ്പോൾ 30 കിലോമീറ്റർ അകലെയുള്ള ചെണ്ടുവര, ചിറ്റവര തുടങ്ങിയ എസ്റ്റേറ്റുകളിൽ കുറഞ്ഞ താപനില മൈനസ് രണ്ടാണ്. അതേസമയം ശൈത്യം ഇനിയും രൂക്ഷമായാൽ വിളകൾക്ക് കേടുപാടുകൾ ഉണ്ടാകുമെന്ന ആശങ്കയും കർഷകർ പങ്കുവെക്കുന്നു. ഇളം തേയിലച്ചെടികളെയും തണുപ്പ് കാര്യമായി ബാധിക്കും. മൂന്നാറിലെ പ്രധാന കാർഷിക മേഖലയായ വട്ടവടയിലും കൊടുംതണുപ്പാണ്.



 കഴിഞ്ഞ ആഴ്ച താപനില മൈനസ് ഒന്നിലേക്ക് എത്തിയെന്ന് നാട്ടുകാർ പറയുന്നു. വട്ടവടയിലും അതിശൈത്യം അനുഭവപ്പെടുന്നുണ്ട്. പാമ്പാടുംചോലയിൽ ബുധനാഴ്ച രാവിലെ താപനില മൈനസ് ഒന്നിലെത്തി.  ഇത് നേരിൽ കാണുന്നതിന് നിരവധി വിനോദസഞ്ചാരികളും എത്തുന്നുണ്ട്. റോഡുകൾ കോടമഞ്ഞു കൊണ്ട് മൂടിയതിനാൽ പുലർച്ചെയുള്ള വാഹനയാത്രയും മൂന്നാർ റൂട്ടിൽ ദുസഹമാണ്. കൊടും തണുപ്പിനെ തുടർന്ന് മൂന്നാർ ഹിൽസ്റ്റേഷനിൽ മഞ്ഞ് പാളികൾ അടന്നുവീഴുന്നുണ്ടെന്നാണ് നാട്ടുകാർ പറയുന്നത്. ജനുവരി ആദ്യം മുതൽ തുടങ്ങിയ തണുപ്പ് മാറ്റമില്ലാതെ തുടരുന്നത് ഇവിടുത്തെ നാട്ടുകാരുടെ ജീവിതം ദുസ്സഹമാക്കിയിട്ടുണ്ട്. എസ്റ്റേറ്റ് മേഖലകളിൽ കൊടും തണുപ്പിനെ തുടർന്ന് പുൽ മൈതാനത്ത് മഞ്ഞുപാളികൾ നിരന്നുകിടക്കുന്ന കാഴ്ച കൗതുകകരമാണ്.

Find out more: