നിവിൻ പോളി-രാജീവ് രവി ചിത്രം 'തുറമുഖം' ഇനി പ്രേക്ഷകരിലേക്ക്! 1962 വരെ കൊച്ചിയിൽ നിലനിന്നിരുന്ന ചാപ്പ തൊഴിൽ വിഭജന സമ്പ്രദായവും, ഇത് അവസാനിപ്പിക്കാൻ തൊഴിലാളികൾ നടത്തിയ സമരവുമാണ് ചിത്രത്തിന്റെ പ്രധാന പ്രമേയം.  മലയാള സിനിമ ആസ്വാദകർ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന രാജീവ് രവി ചിത്രം തുറമുഖം എത്തുന്നു. നിവിൻ പോളിയെ നായകനാക്കി ഒരുങ്ങുന്ന ചിത്രം ജൂൺ 3-ന് തീയേറ്ററുകളിൽ പ്രദർശനത്തിനെത്തുകയാണ്.  നിവിനെ കൂടാതെ ഇന്ദ്രജിത്ത് സുകുമാരൻ, ജോജു ജോർജ് എന്നിങ്ങനെ വമ്പൻ താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.




   1920കളിൽ പുതിയ കൊച്ചി തുറമുഖം നിർമിക്കുന്ന കാലത്താണ് കഥ തുടങ്ങുന്നത്. നാടിന്റെ നാനാഭാഗത്ത് നിന്നും ജോലി തേടി നിരവധി പേർ ലേബർ കോണ്ട്രാക്ടർമാരുടെ ഓഫീസുകൾക്ക് മുന്നിൽ തടിച്ചുകൂടുന്നു. കോണ്ട്രാക്ടർമാരും ശിങ്കിടികളും എറിയുന്ന മെറ്റൽ ടോക്കണുകൾക്ക് വേണ്ടി, ഒരു നേരത്തെ അന്നത്തിനു വക കിട്ടാനുള്ള തൊഴിലിനു വേണ്ടി തൊഴിലാളികൾ പരസ്പരം പൊരുതുന്ന ഒരു കാലം. പിന്നീട് 1940-കളിലേക്കും 50 കളിലേക്കും നീങ്ങുന്ന കഥയിൽ ഏറെ വളർന്ന കൊച്ചി തുറമുഖം, കരാറുകാരും മുതലാളിമാരും അവരുടെ ഭാഗം ചേരുന്ന യൂണിയൻ നേതാക്കളും അടങ്ങുന്ന ഒരു മാഫിയയുടെ വിളനിലമാകുന്നു. തൊഴിലാളികൾ പണിയെടുക്കാനും മാന്യമായി ജീവിക്കാനുമുള്ള അവകാശത്തിനു വേണ്ടി പോരാടേണ്ടി വരുന്ന കാലം.





  ഈ കലുഷിതമായ കാലഘട്ടത്തിലൂടെ കടന്നുപോകുന്ന ഒരു കുടുബത്തിന്റെയും ഒരു നാടിന്റെയും അതിജീവനത്തിന്റെ കഥയാണ് തുറമുഖം. നന്മക്കും തിന്മക്കും ഇടയിൽ, ദുരന്തത്തിനും വീരോചിതമായ ചെറുത്തുനിൽപിനും ഇടയിൽ, പ്രത്യാശക്കും നിരാശക്കും ഇടയിൽ ഉലയുന്ന രണ്ടു തലമുറകളുടെ കഥ. ഇയ്യോബിന്റെ പുസ്തകം എന്ന സിനിമക്ക് ശേഷം ഗോപൻ ചിദംബരം തിരക്കഥയും സംഭാഷണവും നിർവഹിച്ച സിനിമ കൂടിയാണ് തുറമുഖം. 





  കൊവിഡ് തീവ്രവ്യാപനം മൂലം റിലീസ് മാറ്റിവെക്കേണ്ടി വന്ന ചിത്രമാണ് രാജീവ് രവി ഛായാഗ്രഹണവും സംവിധാനവും നിർവഹിച്ച തുറമുഖം.  പോസ്റ്റ് പ്രൊഡക്ഷൻ ഘട്ടത്തിൽ കണ്ടപ്പോൾ അത്ഭുതപ്പെടുത്തിയ ചിത്രമാണ് തുറമുഖമെന്ന് നിർമ്മാതാവ് സുകുമാർ തെക്കേപ്പാട്ട്. തുറമുഖം തിയറ്റർ എക്‌സ്പീരിയൻസ് ചെയ്യേണ്ട സിനിമയാണ്. ഇപ്പോൾ ഈ സംസാരിക്കുന്ന നിമിഷം വരെ തുറമുഖം തിയറ്റർ റിലീസായാണ് ആലോചിക്കുന്നതെന്ന് സുകുമാർ തെക്കേപ്പാട്ട് ദ ക്യു അഭിമുഖത്തിൽ. നിവിൻ പോളിയുടെ കരിയർ ബെസ്റ്റാകും ഈ സിനിമ.

Find out more: