വേൾഡ് വൈഡ് റിലീസിനൊരുങ്ങി മഡ്ഡി;ചിത്രം ഡിസംബർ 10ന്! കോവിഡിന്റെ രണ്ടാം തരംഗത്തിന് ശേഷം തിയേറ്ററുകൾക്ക് പ്രദർശനാനുമതി ലഭിച്ച സാഹചര്യത്തിൽ സിനിമ മേഖലയ്ക്കും, സിനിമ പ്രേമികൾക്കും ആവേശം നൽകി ഇന്ത്യയിൽ തന്നെ ആദ്യത്തെ 4×4 മഡ്‌റേസ് സിനിമയായ 'മഡ്ഡി' ഈ വരുന്ന ഡിസംബർ 10ന് പ്രദർശനത്തിനെത്തുന്നു. ലോകസിനിമകളിൽ പോലും അപ്പൂർവമായി മാത്രം കാണപ്പെടുന്ന മഡ്ഡ് റേസിംഗ് ആസ്പദമാക്കിയുള്ള ഒരു ആക്ഷൻ ത്രില്ലറായാണ് സിനിമ ചിത്രീകരിച്ചിരിക്കുന്നത്. ലോകമെമ്പാടുമുള്ള ആയിരത്തിലധികം തിയേറ്റുകളിലൂടെയാണ് മഡ്ഡി പ്രേക്ഷകരിലേക്കെത്തുക. കെ ജി എഫിലൂടെ ശ്രദ്ധേയനായ രവി ബസ്‌റൂർ ആദ്യമായി ഒരു മലയാള ചിത്രത്തിന് സംഗീതം നൽകുന്നു എന്നത് ഈ ചിത്രത്തെ കൂടുതൽ ശ്രദ്ധേയമാക്കുന്നു. രാക്ഷസൻ സിനിമയിലൂടെ ശ്രദ്ധേയനായ സാൻ ലോകേഷ് എഡിറ്റിങ്ങും, കെ.ജി.രതീഷ് ഛായാഗ്രഹണവും നിർവഹിച്ചിരിക്കുന്നു.
വിജയ് സേതുപതിയും, ശ്രീ മുരളിയും അവരുടെ സോഷ്യൽ മീഡിയ പേജിലൂടെ പുറത്തിറക്കിയ മഡ്ഡിയുടെ മോഷൻ പോസ്റ്റർ കൈനീട്ടി സ്വീകരിച്ചത് മൂന്നര ദശലക്ഷത്തോളം സിനിമ പ്രേമികളാണ്. നവാഗതനായ ഡോ. പ്രഗഭലാണ് സിനിമയുടെ സംവിധായകൻ. ചിത്രീകരണത്തിനുൾപ്പെടെ അഞ്ച് വർഷത്തിലധികം ചിലവിട്ടാണ് പ്രഗഭൽ മഡ്ഡി പൂർത്തിയാക്കിയത്. നവാഗതരായ പ്രധാന അഭിനേതാക്കളെ ഓഫ് റോഡ് മഡ് റേസിംഗിൽ രണ്ട് വർഷത്തോളം പരിശീലിപ്പിച്ചതിന് ശേഷം ഡ്യൂപ്പുകളെ ഉപയോഗിക്കാതെയാണ് ഈ ചിത്രത്തിന്റെ അതിസാഹസിക രംഗങ്ങൾ ചിത്രീകരിച്ചിരിക്കുന്നത്.
'മഡ്ഡി തീർത്തും ഒരു തീയറ്റർ എക്‌സ്പീരിയൻസ് മൂവിയാണ്. ആവേശം നിറഞ്ഞ അതിസാഹസിക രംഗങ്ങളും, ത്രസിപ്പിക്കുന്ന വിഷ്വൽ -ഓഡിയോ അനുഭവവുമൊക്കെ അതിന്റെ ഭംഗി ചോരാതെ കൃത്യമായി പ്രേക്ഷകരിൽ എത്തിക്കുന്നതിനായിയാണ് ഇത്രനാൾ കാത്തിരുന്നത്. മുൻനിര ഒടിടി പ്ലാറ്റ്‌ഫോമുകൾ ഉൾപ്പെടെയുള്ളവരിൽ നിന്നും ലഭിച്ച മികച്ച ഓഫറുകൾ നിരസിച്ചാണ് മഡ്ഡി ബിഗ് സ്‌ക്രീനിലേക്കെത്തുന്നത്,' ചിത്രത്തിന്റെ സംവിധായകൻ ഡോ പ്രഗഭൽ വ്യക്തമാക്കി.
വളരെ ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ തന്നെ ചിത്രത്തിന്റെ ടീസർ 16ദശലക്ഷത്തിലധികം വ്യൂസ് നേടി ജനഹൃദയം കീഴടക്കി. കോവിഡ് വ്യാപനത്തോടെ പ്രദർശനം നീണ്ടു പോയ തികച്ചും വ്യത്യസ്തമായ ഈ ചിത്രത്തിനായ് സിനിമ പ്രേമികൾ വളരെ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്. ഈ ചിത്രത്തിന്റെ ടീസർ ഹോളിവുഡ് നടൻ അർജുൻ കപൂർ, ഫഹദ് ഫാസിൽ, ഉണ്ണി മുകുന്ദൻ, അപർണ ബാലമുരളി, ആസിഫ് അലി, സിജു വിൽസൺ, അമിത് ചക്കാലക്കൽ എന്നീ താരങ്ങൾ കഴിഞ്ഞ ഫെബ്രുവരിയിൽ അവരുടെ സോഷ്യൽ മീഡിയ പേജിലൂടെ പുറത്തുവിട്ടിരുന്നു.
Find out more: