നടി കങ്കണ റണൗത്ത് എങ്ങനെ ഹിന്ദുത്വത്തിൻറെ ചീയർ ലീഡറായി? രാജ്യത്തിന് 1947ൽ ലഭിച്ച സ്വാതന്ത്ര്യം ഭിക്ഷയാണെന്നും 75ാം സ്വാതന്ത്ര്യദിനത്തിൻറെ ഭാഗമായി ടൈംസ് നൗ ചാനൽ സംഘടിപ്പിച്ച പരിപാടിയിൽ കങ്കണ ആരോപിച്ചു. സ്വാതന്ത്ര്യസമര സേനാനികളെ അപമാനിച്ച കങ്കണയുടെ പത്മശ്രീ കേന്ദ്രസർക്കാർ തിരിച്ചെടുക്കണമെന്നാണ് കോൺഗ്രസ് അടക്കമുള്ള പ്രതിപക്ഷത്തിൻറെ ആവശ്യം. ബി.ജെ.പി നേതാവ് നരേന്ദ്രമോദി പ്രധാനമന്ത്രിയായപ്പോഴാണ് ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ചതെന്ന സിനിമാതാരം കങ്കണ റണൗത്തിൻറെ പ്രസ്താവനയുണ്ടാക്കിയ വിവാദങ്ങൾ ഇതുവരെ കെട്ടടങ്ങിയിട്ടില്ല. സൂര്യന് കീഴിലുള്ള എന്തു വിഷയത്തിലും 'ആധികാരികമായി' സംസാരിക്കാൻ കഴിവുള്ള അവർ ഒരു കാലത്ത് 'ഫെമിനിസ്റ്റ് പോസ്റ്റർ ഗേളായിരുന്നു.' പിന്നീട് ബി.ജെ.പിയും ആർ.എസ്.എസും മുന്നോട്ടുവെക്കുന്ന ഹിന്ദുത്വദേശീയതയുടെ വക്താവായി മാറുകയായിരുന്നു.
സ്‌കൂൾ അധ്യാപികയായ ആശ ആശ റണൌത്തിൻറെയും ബിസിനസുകാരനായ അമർദീപ് റണൗത്തിൻറെയും മകളായി 1987ലാണ് ഹിമാചൽ പ്രദേശിലെ ഭാംബ്ലയിൽ കങ്കണ ജനിച്ചത്. മകളെ ഡോക്ടറാക്കണമെന്നായിരുന്നു മാതാപിതാക്കളുടെ സ്വപ്‌നമെങ്കിലും 16ാം വയസിൽ കങ്കണ ഡൽഹിയിലേക്ക് മാറി. കുറച്ചു കാലം മോഡലിങ്ങും നാടക അഭിനയവുമായി ജീവിച്ചു. അനുരാഗ് ബസു 2006ൽ സംവിധാനം ചെയ്ത 'ഗ്യാങ്‌സ്റ്റർ' എന്ന ചിത്രത്തിലൂടെയാണ് സിനിമയിൽ എത്തുന്നത്. അനുരാഗ് കശ്യപ് 2014ൽ നിർമിച്ച 'ക്യൂനിലെ' അഭിനയമാണ് കങ്കണക്ക് വലിയ ശ്രദ്ധ നേടിക്കൊടുത്തത്. കങ്കണ നായികയായി അഭിനയിച്ച 'തനു വെഡ്‌സ് മനു: റിട്ടേൺസ്' ഒരു സ്ത്രീ കേന്ദ്ര കഥാപാത്രമായി ഏറ്റവുമധികം പണം കൊയ്ത ഹിന്ദി സിനിമയായും മാറി. അഭിനയത്തിന് പുറമെ തിരക്കഥ, സംവിധാനം എന്നീ മേഖലകൾക്കും അക്കാലത്ത് കങ്കണ കൂടുതൽ ശ്രദ്ധ നൽകി. 2019ൽ പുറത്തിറങ്ങിയ 'മണികർണിക: ദ ക്യൂൻ ഓഫ് ഝാൻസി' എന്ന സിനിമയിലെ കേന്ദ്രകഥാപാത്രത്തിന് പുറമെ സംവിധാനത്തിലും കങ്കണ പങ്കാളിയായി.
2020ൽ പത്മശ്രീ നൽകി കേന്ദ്രസർക്കാർ ആദരിച്ചു. തമിഴ്‌നാട് മുഖ്യമന്ത്രിയായിരുന്ന ജയലളിതയുടെ കഥപറയുന്ന തലൈവി 2021 സെപ്റ്റംബർ 21നാണ് റിലീസ് ചെയ്തത്. ഹിമാചൽ പ്രദേശിലെ വിദൂരഗ്രാമത്തിൽ നിന്നെത്തി ബോളിവുഡിലെ മികച്ച നടിമാരിലൊരാളായി മാറിയതിനാൽ മധ്യവർഗത്തിനിടയിൽ കങ്കണക്ക് വലിയ പിന്തുണയുണ്ട്.പത്മഭൂഷൺ രജത്കുമാറിന്റെ 'ആപ് കി അദാലത്ത്' ചർച്ചയിൽ 2017ൽ കങ്കണ നടത്തിയ ചില വെളിപ്പെടുത്തലുകൾ വലിയ ചർച്ചയായി മാറിയിരുന്നു. ബോളിവുഡ് സൂപ്പർതാരം ഋതിക് റോഷനുമായുണ്ടായിരുന്ന പ്രണയബന്ധത്തെ കുറിച്ചും അവർ നിരവധി കാര്യങ്ങൾ പങ്കുവെച്ചു. ഹിന്ദി സിനിമയിലെ പ്രമുഖരായ കരൺ ജോഹർ, ആദിത്യ പഞ്ചോലി തുടങ്ങിയവർ സ്വജനപക്ഷപാതികളാണെന്ന ആരോപണവും പിന്നാലെ വന്നു.
ആലിയ ഭട്ട്, ദീപിക പദുക്കോൺ തുടങ്ങിയവർ കൂടുതലായി വിമർശിക്കപ്പെട്ടു. ഡൽഹിയിൽ നിന്ന് ബോളിവുഡിലെത്തിയ താപ്‌സി പന്നു, സ്വര ഭാസ്‌കർ തുടങ്ങിയവരെയും കങ്കണ വെറുതെവിട്ടില്ല. ബോളിവുഡിലെ പ്രമുഖർക്കെതിരെ സ്വജനപക്ഷപാതിത്വം ആരോപിച്ചതോടെ കങ്കണ ഒരു വിഭാഗത്തിന്റെ ഫെമിനിസ്റ്റ് ഐക്കണായി മാറി. ബോളിവുഡിലെ ലിബറൽ ബുദ്ധിജീവികൾക്കെതിരെ നിലപാട് സ്വീകരിക്കുന്ന രാഷ്ട്രീയവിഭാഗങ്ങളുടെ പിന്തുണയും ഇതോടെ കങ്കണ സ്വന്തമാക്കി. ഓരോ സിനിമകൾ റീലീസ് ചെയ്യാനിരിക്കുമ്പോഴും വിവാദങ്ങളുണ്ടായി.കശ്മീരിലെ കത്വയിൽ പീഡനത്തിനിരയായി ബാലിക കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിഷേധിച്ചവരെ വിമർശിച്ച് 2018ൽ കങ്കണ രംഗത്തെത്തിയിരുന്നു. ഭാര്യയെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായ സദ്ഗുരു ജഗ്ഗി വാസുദേവുമായി നടത്തിയ ചർച്ചയിലാണ് പ്രതിഷേധക്കാരെ കങ്കണ വിമർശിച്ചത്. ''ലിബറലുകൾ കേന്ദ്രസേനയുടെ ആത്മവീര്യം നശിപ്പിക്കുകയാണ്. കശ്മീരിൽ ഒരു പെൺ കുട്ടി ബലാൽസംഗം ചെയ്യപ്പെട്ടപ്പോൾ ഹിന്ദുസ്ഥാൻ ബലാൽസംഗം ചെയ്‌തെന്നാണ് അവർ പറയുന്നത്. ഒരു ആഭ്യന്തരയുദ്ധത്തിന് ശ്രമിക്കുകയാണ്...''--കങ്കണ പറഞ്ഞു.
സിനിമാതാരമായ സുശാന്ത് സിങ് രാജ്പുത്തിന്റെ മരണത്തിൽ നീതി ലഭിക്കണമെന്നാവശ്യപ്പെട്ട കങ്കണ ഹിന്ദി സിനിമയിലെ മറ്റു താരങ്ങൾക്കെതിരെയും കടുത്ത വിമർശനമാണുയർത്തിയത്. കങ്കണയുടെ ചില പ്രസ്താവനകൾ സ്വന്തം താൽപര്യം സംരക്ഷിക്കാനുള്ളതാണെന്നാണ് സുശാന്ത് സിങ്ങിന്റെ പിതാവ് കെ.കെ സിങ് ആരോപിച്ചത്. മുംബൈ പോലീസ് കേസ് ശരിയായ രീതിയിൽ അന്വേഷിക്കുന്നില്ലെന്നും മഹാരാഷ്ട്ര പാക്ക് അധീന കശ്മീർ പോലെയായെന്നുമുള്ള പ്രസ്താവന ശിവസേനയുടെ അപ്രീതിക്ക് കാരണമായി.കങ്കണയുടെ ഓഫീസ് നിയമവിരുദ്ധമായി നിർമിച്ചതാണെന്നാണ് ശിവസേന ഭരിക്കുന്ന ബൃഹൻ മുംബൈ മുൻസിപ്പൽ കോർപറേഷൻ കണ്ടെത്തുകയും ചെയ്തു. തുടർന്ന് അത് പൊളിക്കാൻ ഉത്തരവിട്ടു. ''ഇത് എനിക്ക് വെറുമൊരു ഓഫീസല്ല, രാമക്ഷേത്രമാണ്. അത് പൊളിക്കാൻ ഇന്ന് ബാബർ വന്നിരിക്കുകയാണ്. രാമക്ഷേത്രം പൊളിക്കുമായിരിക്കും. പക്ഷെ, ബാബർ ഒരു കാര്യം മറക്കരുത്. ഈ ക്ഷേത്രം വീണ്ടും നിർമിക്കും. ജയ് ശ്രീരാം ''--കങ്കണ ട്വിറ്ററിൽ പ്രതികരിച്ചു. വിവാദങ്ങളുടെ പശ്ചാത്തലത്തിൽ കങ്കണക്ക് വൈ-പ്ലസ് കാറ്റഗറി സുരക്ഷ നൽകുകയാണ് കേന്ദ്രസർക്കാർ ചെയ്തത്.
Find out more: