ഇന്നത്തെ കേരളം രാഷ്ട്രീയത്തോട് ഒരു കൂട്ടം ചോദ്യങ്ങളുമായി കൊത്ത്! ആറ് വർഷത്തിന് ശേഷം സിബി മലയിൽ സംവിധാന രംഗത്തേക്ക് തിരിച്ചെത്തിയപ്പോൾ പ്രേക്ഷകരെ തെല്ലും തന്നെ നിരാശപ്പെടുത്തിയില്ല. രാഷ്ട്രീയ കൊലപാതകങ്ങൾ ആർക്കുവേണ്ടി ? എന്തിനു വേണ്ടി ? ആർക്ക് ഗുണം ? ബാക്കിയാകുന്നത് എന്ത് ? തുടങ്ങി ചിത്രം ഒരുപാട് ചോദ്യങ്ങൾ മുന്നോട്ടുവെക്കുന്നു. വാർത്തകളിൽ എന്നും നിറഞ്ഞു നിൽക്കുന്ന രാഷ്ട്രീയ കൊലപാതകങ്ങൾ സിനിമയാക്കിയപ്പോൾ ഹേമന്ത്കുമാറിൻറെ തിരക്കഥയിലൂടെ സിബി മലയിൽ പറഞ്ഞുതന്നത് പാർട്ടിക്കായി പാർട്ടിയെ മാത്രം സ്നേഹിക്കുന്ന കുറച്ചു ചെറുപ്പക്കാരും അവരുടെ പിന്നീടുള്ള ജീവിതവുമാണ്. കൊത്ത്, ഇന്നത്തെ രാഷ്ട്രീയ കേരളത്തോടു ഒരു ചോദ്യങ്ങൾ അല്ല ഒരായിരം ചോദ്യങ്ങൾ ആണ് ചിത്രം ഉയർത്തുന്നത്. ഇരുവർക്കും ലഭിച്ചിരിക്കുന്ന കഥാപാത്രങ്ങൾക്ക് ജീവൻ നല്കാൻ ആസിഫിനും റോഷനും സാധിച്ചു.
ശക്തനായ കഥാപാത്രത്തിൽ എത്തുന്ന സംവിധായകനും നടനുമായ രഞ്ജിത്തും ചിത്രത്തെ മറ്റു തലങ്ങളിലേക്ക് കൊണ്ടുപോയി, പ്രേഷകർക്ക് ദേഷ്യവും ഉള്ളിൽ ഒരു വെറുപ്പും ഉണ്ടാക്കുന്ന കഥാപാത്രം ആണ് രഞ്ജിത്തിൻറേത്. അതെ സമയം ഒരു ജീവൻറെ നഷ്ടത്തിനുള്ള തിരിച്ചടി അതേ നാണയത്തിൽ മറ്റൊരു ജീവനെടുക്കുകയല്ല രാഷ്ട്രീയപ്രവർത്തനം എന്ന് ഓർമിപ്പിക്കുകയാണ് കൊത്ത്. ജീവനെടുക്കുന്നതല്ല യഥാർത്ഥ രാഷ്ട്രീയ പ്രവർത്തനം. ഒരു ജീവൻ ഇല്ലാതാക്കിയാൽ അതുകൊണ്ട് എന്ത് വിപ്ലവമാണ് നാടിനുണ്ടാവുകയെന്ന ചോദ്യവും ചിത്രം ഉയർത്തുന്നുണ്ട്.
കണ്ണൂരിലെ പാർട്ടി ഗ്രാമങ്ങളിൽ നടക്കുന്ന ഒരു നേർ ചിത്രം എന്ന് നിസംശയം പറയാൻ സാധിക്കും. രണ്ട് പാർട്ടികൾ തമ്മിലുള്ള സംഘട്ടനത്തെ അടിസ്ഥാനപ്പെടുത്തിയാണ് ചിത്രം മുന്നോട്ടു പോകുന്നത്. ഒരു ജീവൻ പൊലിഞ്ഞാൽ തിരിച്ച് അതെ നാണയത്തിൽ തന്നെ തിരിച്ചടിക്കും.
വീണ്ടും അവസാനമില്ലാത്ത ചോര കളിയിലേക്ക് കാര്യങ്ങൾ നീങ്ങും. അവസാനമില്ലാത്ത സംഘട്ടനമായി അത് മാറും. സിനിമയിലെ പ്രധാനവേഷങ്ങളിൽ എത്തുന്ന ആസിഫ് അലിയിലൂടെയും റോഷൻ മാത്യുവിലൂടെയും ആണ് ചിത്രം മുന്നോട്ടു പോകുന്നത്.നിസ്സഹായ അവസ്ഥയിലേക്കു വീണുപോയ സുമേഷിനെ അവതരിപ്പിക്കുന്നതിൽ റോഷനും പിഴച്ചില്ല, ചിത്രത്തിലെ മറ്റു കഥാപാത്രങ്ങളിൽ എത്തുന്ന നിഖില വിമലും ശ്രീലക്ഷ്മിയും എല്ലാം കഥാപാത്രങ്ങൾക്ക് ജീവൻ പകർന്നുനല്കിയപ്പോൾ സിനിമ പൂർണതയിലേക്ക് എത്തി നിൽക്കുന്നു. എന്നാലും പ്രവചിക്കാൻ സാധിക്കുന്ന രംഗങ്ങൾ ഒക്കെ തന്നെയാണ് ചിത്രത്തിൽ പലപ്പോഴും കണ്ടത്.
ഒരുപക്ഷെ എന്നും വാർത്തകളിൽ ഇടം നേടുന്ന രാഷ്ട്രീയ കൊലപാതകവും പിന്നീടുള്ള സംഘട്ടനങ്ങളും മലയാളികൾക്ക് ഇന്ന് നന്നേ പരിചിതമായതുകൊണ്ടു തന്നെ ആകാം പല രംഗങ്ങളും പ്രേക്ഷകർക്ക് പ്രവചിക്കാൻ സാധിച്ചത്. കൂടാതെ ഒരാൾ ഇല്ലാതായാൽ ഒരു കുടുംബം കൂടിയാണ് ഇല്ലാതാവുന്നതെന്ന ഓർമപ്പെടുത്തലും കൊത്ത് നടത്തുന്നുണ്ട്. അതിൽ നിന്നും ഉണ്ടാകുന്ന തിരിച്ചറിവാണ് കൊത്ത് പകർത്തിയെടുത്തിരിക്കുന്നത്. ഇടതുപക്ഷ സഹയാത്രികരായ ഷാനു, സുമേഷ് എന്നിവരുടെ സൗഹൃദം. ഷാനുവായി ആസിഫ് അലിയും സുമേഷായി റോഷൻ മാത്യവും. പാർട്ടി വളർത്തിയ, പാർട്ടിക്കുവേണ്ടി എന്തും ചെയ്യുന്ന ഷാനുവിനെ ആസിഫ് ഗംഭീരമാക്കിയിട്ടുണ്ട്. പാർട്ടി പ്രവർത്തകനെന്ന രീതിയിലുള്ള ഷാനുവിൻറെ ചോരത്തിളപ്പും കുടുംബസ്ഥനെന്ന നിലയിലുള്ള നിസ്സഹായാവസ്ഥയും ഭയവുമെല്ലാം ആസിഫ് ഗംഭീരമായി തന്നെ ചെയ്‌തു.
Find out more: