സിപിഎം നേതാവിൻ്റെ ശർക്കര വരട്ടി ഓണ കിറ്റിൽ; കുടുംബശ്രീയിൽ വിവാദം! പിലിക്കോട് പഞ്ചായത്തിലെ മാണിയാട്ട് 13-ാം വാർഡിലെ ഭാഗ്യധാര കുടുംബശ്രീയുടെ പേരിലാണ് ശർക്കരവരട്ടി ഓണക്കിറ്റിൽ ഉൾപ്പെടുത്തിയത്. എന്നാൽ ഈ കുടുംബശ്രീ അംഗങ്ങൾ ഇങ്ങനെ ഒരു കാര്യം അറിഞ്ഞിട്ടു പോലുമില്ലെന്നും ഇതേ കുറിച്ച് അന്വേഷണം നടത്തുമെന്നും പഞ്ചായത്ത് സിഡിഎസ് ചെയർപേഴ്‌സൺ ലീന പറഞ്ഞു. പഞ്ചായത്തിലെ കുടുംബശ്രീ അംഗങ്ങൾ തന്നെ രംഗത്തുവന്നതോടെ പിന്നിലെ സിപിഎം നേതാവിനെതിരെ വിമർശനം ശക്തമാകുകയാണ്.കാസർകോട് ജില്ലയിൽ ഓണക്കിറ്റിൽ വിതരണം ചെയ്ത ശർക്കരവരട്ടിയെ ചൊല്ലി സിപിഎമ്മിലും കുടുംബശ്രീയിലും വിവാദം.
അതേസമയം കുടുംബശ്രീയുടെ ലേബൽ ഉപയോഗിച്ച് ആരോ വ്യാജമായി നിർമിച്ചു നൽകിയതാണെന്ന് ചൂണ്ടിക്കാട്ടി 20 അംഗങ്ങൾ കളക്ടർക്കും പരാതി നൽകിയിട്ടുണ്ട്. ഓണക്കിറ്റിൽ ഭാഗ്യധാര കുടുംബശ്രീയുടെ ശർക്കരവരട്ടി എന്ന ലേബലുള്ള ഉൽപന്നമാണ് വിതരണം ചെയ്തത്. പ്രദേശത്തെ സിപിഎം നേതാവും സ്‌പോർട്‌സ് കൗൺസിൽ സംസ്ഥാന സമിതി അംഗവുമായ ശോഭ ബാലൻ്റെ ഫോൺ നമ്പരാണ് കവറിൽ രേഖപ്പെടുത്തിയിട്ടുള്ളത്. ഓണക്കിറ്റിലേക്കുള്ള ശർക്കര വരട്ടി ഉണ്ടാക്കുന്നതിനും പായ്ക്ക് ചെയ്യുന്നതിനും അതാത് ജില്ലയിലെ കുടുംബശ്രീ യൂണിറ്റിനെയും ബേക്കറി യൂണിറ്റിനെയും ഏൽപ്പിക്കുകയാണ് സപ്ലൈകോ ചെയ്തത്.
കൊവിഡ് മൂലം തൊഴിലും വരുമാനവും നഷ്ടപ്പെട്ട കേരളത്തിലെ കുടുംബശ്രീ അംഗങ്ങളെ സഹായിക്കാനാണ് ശർക്കരവരട്ടിയുടെ നിർമ്മാണച്ചുമതല സർക്കാർ കുടുംബശ്രീക്ക് നൽകിയത്. കുടുംബശ്രീയുടെ നിരവധി പ്രവർത്തനത്തിലൂടെ രാജ്യത്തിന് മാതൃക കാണിച്ച പഞ്ചായത്ത് കൂടിയാണ് പിലിക്കോട്. സംഭവം വിവാദമായതോടെ ബാലനെതിരെ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് സിപിഎമ്മിലെ ഒരുവിഭാഗം രംഗത്തെത്തിയിട്ടുണ്ട്. സോഷ്യൽ മീഡിയയിലും ബാലനെതിരെ വിവാദം കൊഴുക്കുകയാണിപ്പോൾ. സ്വയം സംരംഭക രജിസ്‌ട്രേഷൻ ഉപയോഗിച്ച് സപ്ലൈകോ മുഖേന 100 ഗ്രാമിൻ്റെ 25,000 പാക്കറ്റ് ശർക്കരവരട്ടി വിതരണം ചെയ്തിട്ടുണ്ടെന്നാണ് വിവരം.കുടുംബശ്രീ യൂണിറ്റിൻ്റെ വ്യാജലേബലിൽ ഉൽപ്പനങ്ങൾ ഓണക്കിറ്റിൽ ഇടം നേടിയതിനെ ഗൗരവത്തോടെ കാണേണ്ടതുണ്ട്.
ഇങ്ങനെ പല ഉൽപ്പന്നങ്ങളും വ്യാജലേബലുകളിൽ ഓണക്കിറ്റിൽ ഇടം നേടിയതായും അതിലൂടെ കോടികളുടെ അഴിമതി നടക്കുന്നതായും കെ ശ്രീകാന്ത് ആരോപിച്ചു. മാത്രമല്ല സംഭവത്തിനെതിരെ കോൺഗ്രസും ബിജെപിയും രംഗത്തെത്തിയതോടെ സിപിഎം നേതൃത്വത്തിന് ഉത്തരം മുട്ടി. ഗുണനിലവാരം കുറഞ്ഞതും വില അടയാളപ്പെടുത്തിയതുമായ സാധനങ്ങൾ വിതരണം ചെയ്ത് വൻ സാമ്പത്തിക വെട്ടിപ്പ് നടത്താനുള്ള ഒരു ഉപാധിയായി മാറിയതിനു തെളിവാണ് പിലിക്കോട് പഞ്ചായത്തിലെ സംഭവമെന്ന് ബിജെപി ജില്ലാ പ്രസിഡൻ്റ് കെ ശ്രീകാന്ത് പ്രതികരിച്ചു.
Find out more: