സിനിമ പശ്ചാത്തലങ്ങളൊന്നുമില്ലാതെ താരങ്ങളായി മാറിയ നിരവധി സെലിബ്രിറ്റികളെ നമ്മുക്കറിയാം. പറയത്തക്ക സിനിമ ബാക്ക്ഗ്രൗണ്ടുകളൊന്നുമില്ലാതെ അവസരങ്ങൾ ചോദിച്ചും കഷ്ടപ്പെട്ടും പ്രേക്ഷക ഹൃദയം കീഴടക്കിയ നടൻമാരിലൊരാളാണ് നാനി. റേഡിയോ ജോക്കിയായാണ് നാനി തന്റെ കരിയർ തുടങ്ങുന്നത്. പിന്നീട് ക്ലാപ് ബോയ് ആയും അസിസ്റ്റന്റ് ഡയറക്ടറായും സിനിമയിലേക്ക്. ഇന്നിപ്പോൾ തെന്നിന്ത്യയൊട്ടാകെ വലിയ ആരാധകനിരയാണ് താരത്തിനുള്ളത്. അനായാസമായ അഭിനയ ശൈലി കൊണ്ടും എളിമയുള്ള പെരുമാറ്റം കൊണ്ടും ഏറെ ശ്രദ്ധിക്കപ്പെട്ടു.   പുതിയ സംവിധായകർക്കൊപ്പം അഭിനയിക്കാനും നാനി മടി കാണിക്കാറില്ല. ശ്യാം സിങ്ക റോയി എന്ന ചിത്രത്തിലെ നാനിയുടെ പ്രകടനം പ്രേക്ഷക പ്രശംസ നേടിയിരുന്നു. ഇപ്പോഴിത നാനി തന്റെ ആദ്യ പാൻ ഇന്ത്യൻ ചിത്രമായ ദസറയുടെ റിലീസിനായി കാത്തിരിക്കുകയാണ്.





  ഏറെ പ്രതീക്ഷയോടെ സിനിമ ലോകം കാത്തിരിക്കുന്ന ചിത്രമാണ് ദസറ. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ചിത്രം മാർച്ച് 30 ന് തീയേറ്ററുകളിലെത്തും. ദസറ റിലിസ് ചെയ്യുന്നതോടെ നാനിയുടെ താരപദവി മറ്റൊരു ലെവലിൽ എത്തുമെന്നാണ് ആരാധകരുടേയും സിനിമ പ്രേക്ഷകരുടേയും വിലയിരുത്തൽ.  സംവിധായകനാകണമെന്ന മോഹവുമായാണ് നാനി സിനിമ ലോകത്തേക്ക് എത്തുന്നത്. നവീൻ എന്നാണ് നാനിയുടെ യഥാർഥ പേര്. കരിയറിന്റെ ആദ്യ കാലത്ത് ക്ലാപ് ബോയ് ആയാണ് സിനിമയിൽ പ്രവർത്തിക്കുന്നത്.





പിന്നീട് പരസ്യ ചിത്രങ്ങളിലും നാനി എത്തി. നടനെന്ന നിലയിൽ കേരളത്തിലും നാനിയ്ക്ക് ആരാധകരെ നേടി കൊടുത്ത ചിത്രം എസ്.എസ് രാജമൗലിയുടെ ഈച്ചയായിരുന്നു. തന്റെ കഴിവിൽ തനിക്ക്വിശ്വാസമുണ്ടെന്ന് നാനി പല അഭിമുഖങ്ങളിലും പറയുമായിരുന്നു. അഷ്ട ചമ്മ എന്ന ചിത്രത്തിലൂടെയാണ് നാനി നായകനായി അരങ്ങേറ്റം കുറിച്ചത്. ചിത്രം ബോക്സോഫീസിൽ ഹിറ്റായി എന്നു മാത്രമല്ല നാനിയുടെ കഥാപാത്രം നിരൂപക പ്രശംസയും ഏറ്റുവാങ്ങി. പിന്നീടങ്ങോട്ട് അദ്ദേഹം തന്റെ കരിയറിൽ നിരവധി ഉയർച്ച താഴ്ചകളിലൂടെ കടന്നു പോയി. സിനിമയിൽ ഹിറ്റുകൾക്കൊപ്പം തന്നെ ഫ്ലോപ്പുകളുമെത്തിയിട്ടും ഒരു നടനെന്ന നിലയിൽ നാനി ഒരിക്കലും പരാജയപ്പെട്ടില്ല. 





എന്നു മാത്രമല്ല അദ്ദേഹത്തിന്റെ ആരാധകർ നാൾക്കു നാൾ കൂടിവരുകയും ചെയ്തു. ഇന്നിപ്പോൾ നാനിയുടെ സിനിമയ്ക്കായി കാത്തിരിക്കുന്ന ഒരു വിഭാഗം പ്രേക്ഷകർ തന്നെയുണ്ടെന്നതാണ് നാനി എന്ന നടന്റെ മറ്റാർക്കും അവകാശപ്പെടാനാകാത്ത വിജയവും. ഫാമിലി എന്റർടെയ്‌നറുകളാണ് നാനി കൂടുതലും ചെയ്തിട്ടുള്ളത്. എന്നാൽ ഇത്തരം സിനിമകളിൽ മാത്രമായി ഒതുങ്ങാനും അദ്ദേഹം തയ്യാറല്ലായിരുന്നു. കീർത്തി സുരേഷ് ആണ് ചിത്രത്തിൽ നായികയായെത്തുന്നത്. ചിത്രത്തിന്റേതായി ഇതുവരെ പുറത്തുവന്ന അപ്ഡേറ്റുകൾക്കെല്ലാം മികച്ച സ്വീകാര്യതയാണ് ലഭിക്കുന്നതും.


 
 

 

Find out more: