ഫഹദ് ഫാസിലുമായുളള വിവാഹ ശേഷം സിനിമയില്‍ അത്ര സജീവമല്ലാതിരുന്ന താരമാണ് നസ്രിയ. ഒരിടവേളയ്ക്ക് ശേഷം അഞ്ജലി മേനോന്‍ സംവിധാനം ചെയ്ത കൂടെ എന്ന ചിത്രത്തിലൂടെയാണ് നടി തിരിച്ചെത്തിയത്. കൂടെയില്‍ ശക്തമാര്‍ന്ന ഒരു കഥാപാത്രത്തെയാണ് നടി അവതരിപ്പിച്ചത്. ഹിറ്റ് ചിത്രത്തിന് പിന്നാലെ നിര്‍മ്മാതാവായും നസ്രിയ മലയാളത്തില്‍ തിളങ്ങിയിരുന്നു. ഫഹദിനൊപ്പമാണ് നടി സിനിമകള്‍ നിര്‍മ്മിച്ചത്.

 

 

   കൂടെ എന്ന ചിത്രത്തിന്  ശേഷം അന്‍വര്‍ റഷീദ് സംവിധാനം ചെയ്യുന്ന "ട്രാന്‍സ്" എന്ന ചിത്രത്തിലൂടെയാണ് നസ്രിയ വീണ്ടുമെത്തുന്നത്. ബാംഗ്ലൂര്‍ ഡേയ്‌സിന് ശേഷം ഫഹദും നസ്രിയയും വീണ്ടുമൊന്നിക്കുന്ന ചിത്രം കൂടിയാണ് ട്രാന്‍സ്. ചിത്രത്തിന്റെതായി പുറത്തിറങ്ങിയ പോസ്റ്ററുകളില്‍ നടിയും തിളങ്ങിയിരുന്നു.ട്രാന്‍സ് റിലീസിങ്ങിനൊരുങ്ങുന്നതിനിടെ നടി പങ്കുവെച്ച പുതിയ ചിത്രങ്ങളും ആരാധകര്‍ ഏറ്റെടുത്തിരുന്നു. ഇന്‍സ്റ്റഗ്രാം പേജിലാണ് നസ്രിയ തന്റെ പുതിയ ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്.

 

 

   സ്റ്റെെലിഷ് ലുക്കുകളിലുളള നസ്രിയയുടെ പുതിയ ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ് ആരാധകര്‍. കൂളിംഗ് ഗ്ലാസില്‍ ചുവപ്പണിഞ്ഞ് നില്‍ക്കുന്ന നടിക്കൊപ്പം ഫഹദിനെയും കാണാം. ശരീര ഭാരം കുറച്ച് കുറച്ച് പുതിയ മേക്കോവറിലാണ് നസ്രിയയെ ചിത്രങ്ങളില്‍ കാണാനാവുക. ഇപ്പോള്‍ ഒരുപാട് മെലിഞ്ഞെന്നും വമ്പന്‍ മേക്കോവറാണ് നസ്രിയയുടെതെന്നും ആരാധകര്‍ പറയുന്നു. അടുത്തിടെ ട്രാന്‍സിന്റെതായി പുറത്തിറങ്ങിയ പോസ്റ്ററുകളിലും നടി തിളങ്ങിയിരുന്നു. ചുണ്ടില്‍ എരിയുന്ന സിഗരറ്റുമായി നില്‍ക്കുന്ന നസ്രിയയുടെ പോസ്റ്ററായിരുന്നു നേരത്തെ സിനിമയുടെതായി സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറിയിരുന്നത്.

 

 

   ട്രാന്‍സിന്റെ പോസ്റ്ററുകളില്‍ തിളങ്ങിയ ശേഷമാണ് വീണ്ടും പുതിയ ചിത്രങ്ങളുമായി നടി എത്തിയത്. ട്രാന്‍സില്‍ ഫഹദിന്റെ നായികയായിട്ടാണ് നസ്രിയ എത്തുന്നത്. ഒരു മോട്ടിവേഷണല്‍ ട്രെയിനറുടെ വേഷത്തിലാണ് ചിത്രത്തില്‍ ഫഹദ് എത്തുന്നതെന്ന് അറിയുന്നു. ഫെബ്രുവരി 14 വാലന്റൈന്‍സ് ദിനത്തിലാണ് സിനിമ പുറത്തിറങ്ങുന്നത്. അന്‍വര്‍ റഷീദ് എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറില്‍ അന്‍വര്‍ റഷീദ് തന്നെയാണ് ചിത്രം നിര്‍മ്മിക്കുന്നത്.

 

 

       ഏഴ് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഒരു ഫീച്ചര്‍ ഫിലിമുമായി അന്‍വര്‍ റഷീദ് എത്തുന്നത്. നാല് ഷെഡ്യൂളുകളിലായി രണ്ടു വര്‍ഷം കൊണ്ടാണ് ചിത്രം പൂര്‍ത്തിയാക്കിയത്. ഗൗതം വാസുദേവ മേനോന്‍, ചെമ്പന്‍ വിനോദ്, സൗബിന്‍ ഷാഹിര്‍, വിനായകന്‍, ശ്രീനാഥ് ഭാസി, ദിലീഷ് പോത്തന്‍, ജിനു ജോസഫ്,ജോജു ജോര്‍ജ്ജ്, അര്‍ജുന്‍ അശോകന്‍, ധര്‍മ്മജന്‍ ബോള്‍ഗാട്ടി, ആരുഷി മുഡ്ഗല്‍, അശ്വതി മേനോന്‍ തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍.

 

 

 

   നവാഗതനായ വിന്‍സെന്റ് വടക്കനാണ് ട്രാന്‍സിന്റെ തിരക്കഥ എഴുതിയിരിക്കുന്നത്. അമല്‍ നീരദ് ഛായാഗ്രഹണം നിര്‍വ്വഹിച്ച ചിത്രത്തിന് ജാക്‌സണ്‍ വിജയനും സുശിന്‍ ശ്യാമും സംഗീതമൊരുക്കുന്നു. പ്രവീണ്‍ പ്രഭാകര്‍ എഡിറ്റിങ്ങും റസൂല്‍ പൂക്കൂട്ടി ശബ്ദമിശ്രണവും നിര്‍വ്വഹിക്കുന്നു. ഉസ്താദ് ഹോട്ടലിന് ശേഷം അന്‍വര്‍ റഷീദ് സംവിധാനം ചെയ്യുന്ന ഫീച്ചര്‍ ഫിലിമാണ് ട്രാന്‍സ്.

మరింత సమాచారం తెలుసుకోండి: