
പൊന്നാനി എം.ഐ.യിലെ പ്ലസ്സ് വൺ ക്ലാസിൽ ഇംഗ്ലീഷ് പുസ്തകവുമായി ചെല്ലുമ്പോഴാണ് ചുരുണ്ട മുടിയുള്ള മെലിഞ്ഞൊരു പയ്യൻ കണ്ണിൽപ്പെട്ടത്.
ഒരു സെക്കന്റ് കണ്ണിലേക്ക് തന്നെ നോക്കിയാൽ അവന്റെ കണ്ണുകൾ കീഴ്പ്പോട്ടോ പുസ്തകത്തിലേക്കോ മാറുമായിരുന്നു. ക്ലാസ്സിൽ ഷൈൻ ചെയ്ത് ടീച്ചർമാരുടെ ഗുഡ് ലിസ്റ്റിലോ വികൃതി കാണിച്ച് ക്ലാസ് മേറ്റ്സിന്റെ ഗുഡ് ലിസ്റ്റിലോ പെടാൻ മെനക്കെടാത്തൊരു കക്ഷി. ഡയലോഗടിയിൽ തീരെ താല്പര്യം ഇല്ലാത്ത കുട്ടി. എന്തെങ്കിലും ചോദിച്ചാൽ തലയും മുഖവും തടവി, തപ്പിത്തടഞ്ഞു മറുപടി പറയുന്നവൻ. പുറത്തുകണ്ടാൽ ഒരു ചെറുചിരിയിൽ പരിചയം ഒതുക്കുന്നവൻ. കലാമേളക്കാലമാവുമ്പോഴേക്ക് വേറൊരാളാവുമായിരുന്നു. കലോത്സവ നാടകങ്ങളിലെ അവന്റെ അനായാസ ഭാവപകർച്ചകൾ കണ്ട് ശരിക്കും ഞെട്ടിപ്പോയിരുന്നു. ജില്ലാ, സംസ്ഥാനകലോത്സവങ്ങളിൽ ബെസ്റ്റ് ആക്ടർ ഒക്കെയായി അവൻ സ്‌കൂളിന്റെയും നാടിന്റെയുമൊക്കെ പ്രിയപ്പെട്ടവനായി.
ഞാനും മറന്നു. പിന്നിടെപ്പോഴോ ആണ് കമലിന്റെ ഗദ്ദാമ എടപ്പാൾ ഗോവിന്ദയിലിരുന്ന് കാണുമ്മ്പോൾ
മരുഭൂമിയിലെ ഒരു കൂടാരത്തിൽ നിന്ന് ബെന്യാമിന്റെ ആടുജീവിതത്തിലെ നജീബിനെ ഓർമിപ്പിക്കുന്നൊരു ചടച്ച രൂപം ഇറങ്ങിയോടുന്നത് കണ്ണിൽപ്പെട്ടത്. ഈ കണ്ണുകൾ മുൻപെവിടെയോ കണ്ടിട്ടുണ്ടല്ലോ എന്നൊരു കൊള്ളിയാൻ മിന്നി.ചെക്കോവിന്റെ വാൻകയെ കുട്ടനാട്ടിലെക്ക് കൊണ്ടുവന്ന ജയരാജിന്റെ ഒറ്റാൽ. അതിന്റെ കുറെ പണികളിൽ പ്രേമനുണ്ടായിരുന്നതുകൊണ്ട് റിലീസിനും മുൻപേ ലാപ്പ് ടോപ്പിൽ കണ്ടിരുന്നു.
ആ കുട്ടിയെ, പണിക്കെന്ന് പറഞ്ഞ് കൊത്തിക്കൊണ്ടുപോവുന്ന മേസ്ത്രിയുടെ വല്ലാത്തൊരു നീട്ടിത്തുപ്പൽ.
അപ്പോഴാണ് പണ്ട് ക്ലാസിലിരുന്ന ആ ചുരുണ്ടമുടിക്കാരൻ പയ്യനാണ് ഈ ഷൈൻ ടോം ചാക്കോ എന്നുറപ്പിക്കുന്നത്.
അതിൽ നിന്നുയർന്ന ഷൈൻ പിന്നെയും സിനിമകളിൽ എന്നെയും വിസ്മയിപ്പിച്ചു. മലയാളത്തിന് ഇങ്ങനെയൊരു പ്രതിഭ, ഭാഗ്യമാണെന്ന് നമ്മൾ പറഞ്ഞു. അന്നൊരു രാത്രി, കെട്ടിടത്തിൽ നിന്ന് താഴേക്ക് ചാടുന്ന ഈ ചങ്ങാതിയുടെ വിഷ്വൽ കണ്ടപ്പോൾ...തലയിൽ കൈവെച്ചുപോയ്. ഞങ്ങൾ അമ്മമാരും ടീച്ചർമാരും അങ്ങനെയൊക്കെയാ...എത്ര വികൃതികാട്ടിയാലും കുട്ടികളോട് ഞങ്ങൾക്ക് അങ്ങനെയേ തോന്നൂ. ഷൈനിനെപ്പോലൊരു മിടുക്കാനാവുമ്പോൾ പ്രത്യേകിച്ചും.
ജീവിതം തിരിച്ചു പിടിക്കാനുള്ള ശ്രമത്തിൽ ഒപ്പം നിൽക്കുന്ന അച്ഛനെ അവന് നഷ്ടമായെന്ന വാർത്ത കണ്ടപ്പോൾ സങ്കടം തോന്നി. ആ നേരം നോക്കി ഷൈനിനെ പരിഹസിക്കാനും കുറ്റപ്പെടുത്താനും നോക്കുന്ന പലരെയും കണ്ടപ്പോഴാണ് അതിനേക്കാൾ സങ്കടം തോന്നിയത്. പ്രിയപ്പെട്ട ഷൈ