
കൗമാരമെത്തിക്കഴിഞ്ഞാൽ മുസ്ലീം പെൺകുട്ടികൾക്ക് വിവാഹത്തിന് യോഗ്യതയുണ്ടെന്നാണ് ഹൈക്കോടതി പറഞ്ഞിരിക്കുന്നത്. ഇക്കാര്യത്തിൽ പ്രായപൂർത്തിയായിരിക്കണമെന്ന് നിർബന്ധമില്ല. "മാനസിക പ്രശ്നമുള്ള പ്രായപൂർത്തിയാകാത്തവരെ അവരുടെ രക്ഷിതാക്കൾക്ക് സ്വമേധയാ വിവാഹം കഴിപ്പിക്കാൻ സാധിക്കും. എന്നാൽ സ്വബോധമുള്ള മനസ്സുള്ള മുസ്ലീങ്ങൾക്ക് കൗമാരപ്രായമായിട്ടുണ്ടെങ്കിൽ അവരുടെ അനുവാദമില്ലാതെ രക്ഷിതാക്കൾക്ക് വിവാഹം ചെയ്തയ്ക്കാൻ സാധിക്കില്ല" കോടതി മുസ്ലീം വ്യക്തിനിയമത്തിലെ ഭാഗം ഉദ്ധരിച്ചുകൊണ്ടു പറഞ്ഞു. അതേസമയം, മാനസികപ്രശ്നങ്ങൾ ഇല്ലാതിരിക്കുകയും കൗമാരപ്രായമാകുകയും ചെയ്താൽ കുട്ടികളുടെ സമ്മതമില്ലാതെ വിവാഹം ചെയ്തതയ്ക്കുന്ന നടപടി അസാധുവാണെന്ന് കോടതി വ്യക്തമാക്കി.
അതേസമയം, കൗമാരപ്രായമെത്തിയതിനു തെളിവില്ലെങ്കിൽ ഇതിന് 15 വയസ്സ് എന്ന് കണക്കാക്കാമെന്ന് കോടതി പറഞ്ഞു. പഞ്ചാബിൽ നിന്നുള്ള ഒരു മുസ്ലീം ദമ്പതിമാരുടെ ഹർജി പരിഗണിക്കുമ്പോഴായിരുന്നു കോടതിയുടെ പരാമർശം. 36കാരനായ യുവാവ് 17 വയസുള്ള പെൺകുട്ടിയെ വിവാഹം കഴിച്ച സംഭവം വിവാദമായതിനു പിന്നാലെയായിരുന്നു ഇവർ കോടതിയെ സമീപിച്ചത്. . മുസ്ലീം മതാചാര പ്രകാരം ജനുവരി 21നായിരുന്നു ദമ്പതിമാരുടെ വിവാഹം. എന്നാൽ എതിർപ്പുമായി ബന്ധുക്കൾ രംഗത്തെത്തിയതോടെയാണ് ഇവർ കോടതിയെ സമീപിച്ചത്.
സംരക്ഷണം നൽകണമെന്ന് ആവശ്യപ്പെട്ട് നൽകിയ ഹർജിയിൽ കോടതി അനുകൂല ഉത്തരവാണ് പുറപ്പെടുവിച്ചത്. വീട്ടുകാർക്ക് എതിർപ്പുണ്ടെന്നു കരുതി ഭരണഘടന നൽകിയിരുന്ന അവകാശങ്ങൾ ഹർജിക്കാർക്ക് നിഷേധിക്കാൻ കഴിയില്ലെന്ന് കോടതി പറഞ്ഞു. മുസ്ലീം മതാചാര പ്രകാരം വിവാഹം ചെയ്തതിനാൽ കുടുംബത്തിന് ഇക്കാര്യത്തിൽ ഇടപെടാൻ സാധിക്കില്ലെന്നും കോടതി പറഞ്ഞു. ദമ്പതികൾക്ക് സംരക്ഷണം നൽകണമെന്ന് മൊഹാലി എസ്എസ്പിയോട് കോടതി ഉത്തരവിട്ടു. ഹൈക്കോടതി ജഡ്ജിയായ അൽക്ക സരിനാണ് നിർണായക ഉത്തരവ് പുറപ്പെടുവിച്ചത്.