പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വെല്ലുവിളിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി.
ഏതെങ്കിലും സര്‍വകലാശാലകളില്‍ പോയി സമ്പദ്ഘടനയുടെ പുരോഗതിക്ക് വേണ്ടി ചെയ്ത കാര്യങ്ങള്‍ വിദ്യാര്‍ഥികളോട് പറയാന്‍ മോദിയെ വെല്ലുവിളിക്കുന്നുവെന്നാണ് രാഹുല്‍ പറഞ്ഞത്.
'ഞാന്‍ മോദിയെ വെല്ലുവിളിക്കുന്നു, പോലീസിന്റെ അകമ്പടിയില്ലാതെ ഏത് സര്‍വകലാശായിലും പോകാം. അവിടെ ചെന്ന് വിദ്യാര്‍ഥികളോട് സമ്പദ് വ്യവസ്ഥ മെച്ചപ്പെടുത്തുന്നതിനുവേണ്ടി എന്ത് ചെയ്തുവെന്നും എന്ത് ചെയ്യാന്‍ പോകുന്നുവെന്നും പറയാന്‍ സാധിക്കുമോ...'അദ്ദേഹം ചോദിച്ചു.
ഈ രാജ്യത്തെ വിദ്യാര്‍ഥികള്‍ക്ക് മുന്നില്‍ നില്‍ക്കാനും അവരോട് സംസാരിക്കാനും മോദിക്ക് ധൈര്യമില്ല. പോലീസിനെ ഉപയോഗിച്ച് അദ്ദേഹം അവരെ തകര്‍ക്കുകയാണ്.
നമ്മുടെ വിദ്യാര്‍ഥികള്‍ക്കും കര്‍ഷകര്‍ക്കും ദുര്‍ബല വിഭാഗങ്ങള്‍ക്കും ഭയവും ദേഷ്യവുമാണിപ്പോള്‍. കാരണം സാമ്പത്തിക തൊഴില്‍ മേഖലയില്‍ വിനാശകരമായ പരാജയമാണ് ഉണ്ടായിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു. പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു രാഹുല്‍ ഗാന്ധി.
'സര്‍വകലാശാലകളിലെ യുവാക്കളോട് സംസാരിക്കാനും സമ്പദ് വ്യവസ്ഥ ഇത്ര മോശമായിരിക്കുന്നത് എന്തുകൊണ്ടെന്ന് അവരോട് പറയാനും മോദി ധൈര്യപ്പെടണം. പക്ഷേ അദ്ദേഹത്തിന് അതിനുള്ള ധൈര്യമില്ല. യുവാക്കളുടെ പ്രശ്നത്തെ അഭിമുഖീകരിക്കുന്നതിന് പകരം നരേന്ദ്ര മോദി രാഷ്ട്രത്തെ വ്യതിചലിപ്പിക്കാനും ജനങ്ങളെ ഭിന്നിപ്പിക്കാനും ശ്രമിക്കുകയാണ്. യുവാക്കളുടെ ശബ്ദം നിയമാനുസൃതമാണ്, അത് കേള്‍ക്കുക തന്നെ വേണം'. രാഹുൽ ഗാന്ധി അഭിപ്രായപ്പെട്ടു.
click and follow Indiaherald WhatsApp channel