മുഖ്യമന്ത്രിയുമായുള്ള ചർച്ച വിജയം; സർക്കാരിൻ്റേത് അനുകൂല നിലപാടെന്ന് വ്യാപാരികൾ! ലോക്ക് ഡൗണിൽ കടകൾ തുറക്കുന്നതു സംബന്ധിച്ച് മുഖ്യമന്ത്രി അനുകൂല നിലപാടാണ് സ്വീകരിച്ചതെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി നേതാക്കൾ വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി. സർക്കാർ അനുകൂല നിലപാട് സ്വീകരിച്ച പശ്ചാത്തലത്തിൽ സമരവുമായി വ്യാപാരികൾ മുന്നോട്ടു പോയേക്കില്ല. ലോക്ക് ഡൗൺ നിയന്ത്രണങ്ങൾക്കെതിരെയായ പ്രതിഷേധത്തിൻ്റെ പതിഷേധത്തിൻ്റെ പശ്ചാത്തലത്തിൽ വ്യാപാരികൾ മുഖ്യമന്ത്രി പിണറായി വിജയനുമായി നടത്തിയ ചർച്ച വിജയം.



  വാരാന്ത്യ ലോക്ക് ഡൗണിൻ്റെ സാഹചര്യത്തിൽ കടകൾ തുറക്കുന്നതു സംബന്ധിച്ച കാര്യത്തിൽ വൈകിട്ടു നടത്തുന്ന വാർത്താസമ്മേളനത്തിൽ മുഖ്യമന്ത്രി നിലപാട് അറിയിക്കുമെന്നാണ് റിപ്പോർട്ടുകൾ. ഇതിനു ശേഷമായിരിക്കും ഇക്കാര്യത്തിൽ തീരുമാനമെടുക്കുകയെന്ന് വ്യാപാരികൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. വരും ദിവസങ്ങളിൽ അനുകൂലമായ നിലപാട് സർക്കാർ സ്വീകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും വ്യാപാരി വ്യവസായി ഏകോപന സമിതി അധ്യക്ഷൻ ടി നസീറുദ്ദീൻ വ്യക്തമാക്കി. സംഘടന ഉന്നയിച്ച എല്ലാ കാര്യങ്ങളിലും മുഖ്യമന്ത്രി അനുകൂല നിലപാട് സ്വീകരിച്ചെന്നും ചർച്ചയിൽ പൂർണ സന്തോഷമുണ്ടെന്നും വ്യാപാരികൾ വ്യക്തമാക്കി.




  തങ്ങളുടെ ബുദ്ധിമുട്ടുകൾ മനസ്സിലാക്കി സാധ്യമായ നടപടികൾ സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പു നൽകിയിട്ടുണ്ട്. ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ ലംഘിച്ച് കടകൾ തുറക്കുമെന്നുള്ള വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നിലപാട് വലിയ വിവാദമായിരുന്നു. ഇതിനെ ശക്തമായി നേരിടുമെന്ന മുഖ്യമന്ത്രിയുടെ വാക്കുകൾക്ക് പിന്നാലെ സംഘടനയും സർക്കാരും തമ്മിലുള്ള ബന്ധം വഷളായിരുന്നു. ഇതിനു പിന്നാലെയാണ് ചർച്ചയിൽ സർക്കാരിൻ്റെ അനുകൂല നിലപാട്. ബക്രീദ് അടുത്തിരിക്കുന്ന സാഹചര്യത്തിൽ കടകൾ പൂർണമായും തുറക്കാൻ സർക്കാർ അനുമതി നൽകുമെന്നും ഇതു സംബന്ധിച്ച് മുഖ്യമന്ത്രി ഉറപ്പു നൽകിയെന്നും നേതാക്കൾ പറഞ്ഞു. 



  കൂടാതെ കടകൾ അടഞ്ഞു കിടന്ന സാഹചര്യത്തിൽ വൈദ്യുതി നിരക്കിലും വാണിജ്യനികുതിയിലും ഇളവുകൾ നൽകാനും സർക്കാർ തയ്യാറായേക്കുമെന്നാണ് വിലയിരുത്തൽ. കൂടാതെ ജിഎസ്ടി സംബന്ധിച്ച അപാകതകൾ പരിഹരിക്കാനും സർക്കാർ തീരുമാനിച്ചതായാണ് റിപ്പോർട്ടുകൾ. അതേസമയം ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ ലംഘിച്ച് കടകൾ തുറക്കുമെന്നുള്ള വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നിലപാടിനു പിന്നാലെ സർക്കാർ സംഘടനയോടു കടുത്ത നിലപാട് സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നൽകിയിരുന്നു.

Find out more: