വനിതാ സംവരണം; സ്ഥാനാർഥി പട്ടികയിൽ മൂന്ന് വനിതകൾ മാത്രം! കേന്ദ്ര സർക്കാരിനെ നയിക്കുന്ന ബിജെപിയുടെ പ്രഖ്യാപിത നയങ്ങളോട് പ്രത്യക്ഷത്തിൽ തന്നെ രാഷ്ട്രീയ വെല്ലുവിളി ഉയർത്തുന്ന നിരവധി വാഗ്ദാനങ്ങളും ഡിഎംകെയുടെ പ്രകടന പത്രികയിൽ കാണാം. ഗവർണറുടെ അധികാരം ഇല്ലാതാക്കുന്നതു മുതൽ ദേശീയ പ്രവേശന പരീക്ഷ (നീറ്റ്) ഒഴിവാക്കുന്നതും പെട്രോളിനും എൽപിജി സിലിണ്ടറിനും വില കുറയ്ക്കുന്നതും ഒക്കെ മുഖ്യമന്ത്രി എംകെ സ്റ്റാലിന്റെ സാന്നിധ്യത്തിൽ പുറത്തിറക്കിയ പ്രകടന പത്രികയിലെ മുഖ്യ വാഗ്ദാനങ്ങളാണ്. വരുന്ന പൊതു തെരഞ്ഞെടുപ്പിലേക്കു വേണ്ടി വമ്പൻ വാഗ്ദാനങ്ങളടങ്ങിയ പ്രകടന പത്രികയാണ് തമിഴ്നാട് ഭരിക്കുന്ന ഡിഎംകെ ഇന്നു പുറത്തുവിട്ടത്. ബുധനാഴ്ച രാവിലെയാണ് തമിഴ്നാട്ടിലെ 21 സീറ്റുകളിലേക്ക് ഡിഎംകെ സ്ഥാനാർഥികളെ പ്രഖ്യാപിച്ചത്. ഇതിൽ 11 സിറ്റിങ് എംപിമാരെ ഒഴിവാക്കി പുതുമുഖങ്ങൾക്ക് അവസരം നൽകി.






പട്ടികയിൽ മൂന്ന് വനിതകൾ മാത്രമാണ് ഇടംനേടിയത്. തൂത്തുക്കുടി മണ്ഡലത്തിൽ നിന്നും കനിമൊഴി, സൗത്ത് ചെന്നൈ മണ്ഡലത്തിൽ നിന്നും തമിഴച്ചി തങ്കപാണ്ഡ്യൻ, തെങ്കാശി മണ്ഡലത്തിൽ നിന്നും റാണി എന്നിവരാണ് ഡിഎംകെയിലെ വനിതാ സ്ഥാനാർഥികൾ. ഇതിൽ കനിമൊഴിയും തമിഴച്ചി തങ്കപാണ്ഡ്യനും സിറ്റിങ് എംപിമാരാണ്.അതായത്, 2024ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ ഇന്ത്യ മുന്നണിക്ക് അധികാരം ലഭിച്ചാൽ ഉടനടി വനിതാ സംവരണം നടപ്പാക്കുമെന്ന് വാഗ്ദാനം ചെയ്യുന്ന ഡിഎംകെ പോലും ഏഴിന് പകരം മൂന്ന് വനിതാ സ്ഥാനാർഥികളെ മാത്രം നിർത്തിയതിലെ വൈരുദ്ധ്യമാണ് വിമർശകർ ചൂണ്ടിക്കാട്ടുന്നത്. ഒന്നുകിൽ കേന്ദ്രത്തിൽ ഭരണം കിട്ടില്ലെന്ന് ഡിഎംകെ മനസ്സാൽ സമ്മതിക്കുകയാണെന്നും അല്ലെങ്കിൽ ഉടനടി വനിതാ സംവരണം നടപ്പാക്കുമെന്ന വാഗ്ദാനം പൊള്ളയാണെന്നുമാണ് വിമർശകർ ഉന്നയിക്കുന്ന വാദം.





എന്നാൽ അധികാരം ലഭിച്ചാൽ ഉടനടി 33 ശതമാനം വനിതാ സംവരണ നിയമം നടപ്പാക്കുമെന്ന് അവകാശപ്പെടുന്ന ഡ‍ിഎംകെയുടെ സ്ഥാനാർഥി പട്ടികയിലുള്ള വനിതകളുടെ എണ്ണം ചൂണ്ടിക്കാട്ടിയാണ് ഇപ്പോൾ വിമർശനം ഉയരുന്നത്. മുന്നണിയിലെ സീറ്റ് വിഭജന ധാരണയുടെ അടിസ്ഥാനത്തിൽ 21 ലോക്സഭാ മണ്ഡലങ്ങളിലേക്കാണ് ഡിഎംകെ മത്സരിക്കുന്നത്. ഇതുപ്രകാരം ഏഴ് വനിതകൾ എങ്കിലും ഡിഎംകെയുടെ ലോക്സഭാ സ്ഥാനാർഥികളായി ഇടംപിടിക്കേണ്ടതായിരുന്നു. എന്നാൽ വരുന്ന പൊതു തെരഞ്ഞെടുപ്പിലേക്ക് ഡിഎംകെ സ്ഥാനാർഥികളായി പ്രഖ്യാപിച്ചത് മൂന്ന് വനിതകളെ മാത്രമാണ്.





അതേസമയം തന്നെ പാർലമെന്റിലും നിയമസഭയിലും ഏർപ്പെടുത്തിയ 33 ശതമാനം വനിതാ സംവരണം തങ്ങളുടെ സഖ്യത്തിന് അധികാരം ലഭിച്ചാൽ ഉടനടി നടപ്പാക്കുമെന്നും ഡിഎംക വാഗ്ദാനം ചെയ്യുന്നുണ്ട്. കഴിഞ്ഞ വർഷം പാർലമെന്റ് പാസാക്കിയ വനിതാ സംവരണ നിയമം വരുന്ന ജനസംഖ്യാ കണക്കെടുപ്പും മണ്ഡല പുനർനിർണയത്തിനും ശേഷം മാത്രമേ നട‍പ്പാകൂ എന്നും വ്യക്തമാക്കിയിരുന്നു. ഇതിനായി 2029 വരെ എങ്കിലും കാത്തിരിക്കേണ്ടി വരുമെന്ന സാഹചര്യത്തിലാണ്, വനിതാ സംവരണ നിയമം രാജ്യത്ത് ഉടനടി നടപ്പാക്കുമെന്ന വാഗ്ദാനം ഡിഎംകെ മുന്നോട്ടുവെച്ചത്.

మరింత సమాచారం తెలుసుకోండి: