പോലീസിനെ മര്യാദ പഠിപ്പിക്കാൻ പരിശീലനം; ആദ്യഘട്ടം വിദേശികൾ എത്തുന്ന സ്ഥലങ്ങളിൽ... സംഭവം വിവാദമായതോടെ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കെതിരെ പോലീസ് നടപടി സ്വീകരിച്ചിരുന്നു. സമാനമായ സംഭവങ്ങൾ ആവർത്തിച്ചാൽ കേരള ടൂറിസം ബ്രാൻഡിനെ ബാധിക്കുമെന്ന ആശങ്കയിലാണ് സർക്കാർ. കോവളത്ത് വിദേശിയെ പോലീസ് അധിക്ഷേപിച്ച സംഭവത്തിനു പിന്നാലെ സംസ്ഥാനത്തെത്തുന്ന വിദേശപൗരന്മാരോടു മാന്യമായി പെരുമാറാൻ സേനയ്ക്ക് പ്രത്യേകം പരിശീലനം നൽകുമെന്നു റിപ്പോർട്ട്. കോവളത്തെ സംഭവത്തിൽ സസ്പെൻഷനിലായ എസ്ഐ എതിർവാദവുമായി രംഗത്തെത്തിയിട്ടുണ്ട്. ഉന്നതോദ്യോഗസ്ഥർ നൽകിയ ഉത്തരവ് പാലിക്കുക മാത്രമാണ് ചെയ്തതെന്നും സ്വീഡിഷ് പൗരനെ അധിക്ഷേപിച്ചിട്ടില്ലെന്നുമാണ് ഇദ്ദേഹത്തിൻ്റെ വിശദീകരണം.
തൻറെ സസ്പെൻഷൻ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ഇദ്ദേഹം മുഖ്യമന്ത്രിയ്ക്ക് പരാതി നൽകുകയും ചെയ്തിട്ടുണ്ട്. എസ്ഐയുടെ പരാതി വിശദമായി പരിശോധിച്ച ശേഷം നടപടിയെടുക്കുമെന്ന് തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണർ അറിയിച്ചതായി ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്തു. പുതുവർഷത്തലേന്ന് മദ്യവുമായി സ്കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന സ്വീഡിഷ് പൗരൻ സ്റ്റീവൻ ആസ്ബെർഡിനെ വാഹനപരിശോധനയ്ക്ക് നിൽക്കുകയായിരുന്ന സംഘം തടഞ്ഞു നിർത്തിയെന്നും കൈയ്യിലുണ്ടായിരുന്ന വിദേശമദ്യം ഒഴുക്കിക്കളയാൻ ആവശ്യപ്പെട്ടെന്നുമാണ് ആരോപണം. നാലു വർഷമായി കോവളത്തിനു സമീപം താമസിക്കുന്ന സ്റ്റീവൻ ഇവിടെ ഒരു ഹോംസ്റ്റേ നടത്തി വരികയാണെന്നാണ് റിപ്പോർട്ടുകൾ. പോലീസ് പരിശോധനയ്ക്കു പിന്നാലെ സ്റ്റീവൻ തൻറെ കൈവശമുണ്ടായിരുന്ന രണ്ട് കുപ്പി മദ്യം ഒഴുക്കിക്കളയുന്നതിൻ്റെ ദൃശ്യങ്ങൾ മറ്റൊരാൾ പകർത്തുകയായിരുന്നു.
രണ്ട് കുപ്പി മദ്യം ഒഴുക്കിക്കളഞ്ഞ സ്റ്റീവനോടു മദ്യത്തിൻ്റെ ബില്ലുമായി വന്നാൽ കടന്നു പോകാമെന്നു പോലീസ് നിലപാടു മാറ്റുകയായിരുന്നു. തുടർന്ന് ഇദ്ദേഹം മദ്യം വാങ്ങിയ ബെവ്കോ ഔട്ട്ലെറ്റിൽ നിന്നു ബില്ലുമായി എത്തിയതോടെ കടത്തി വിടുകയും ചെയ്തു. വിദേശികൾ കൂടുതലായി എത്തുന്ന വിനോദസഞ്ചാര കേന്ദ്രങ്ങൾ അടക്കമുള്ള സ്ഥലങ്ങളിലായിരിക്കും പോലീസിന് ആദ്യം പരിശീലനം നൽകുക. സിപിഓ മുതൽ ഡിവൈഎസ്‍പി വരെയുള്ള പോലീസുകാർക്കായിരിക്കും പ്രത്യേക പരിശീലനം നൽകുക. വിമാനത്താവളങ്ങളോടു ചേർന്നു ജോലി ചെയ്യുന്ന ഉദ്യോഗസ്ഥർക്കും പരിശീലനം ലഭിക്കും. കോവളത്തെ സംഭവം സംസ്ഥാനത്തിനു മൊത്തത്തിൽ നാണക്കേടായെന്ന വിലയിരുത്തലാണ് സർക്കാരിനുള്ളത്. സംഭവത്തിൻ്റെ വീഡിയോ ദൃശ്യങ്ങൾ വൈറലായതോടെ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കെതിരെ അന്വേഷണം പ്രഖ്യാപിക്കുകയായിരുന്നു.
ജില്ലയുടെ ചുമതലയുളള മന്ത്രി വി ശിവൻകുട്ടി സ്റ്റീവനെ വസതിയിലേയ്ക്ക് ക്ഷണിക്കുകയും സ്വീകരിച്ച നടപടികൾ വിശദീകരിക്കുകയും ചെയ്തിരുന്നു. അതേസമയം, തൻറെ ഭാഗത്ത് വീഴ്ചയുണ്ടായിട്ടില്ലെന്നാണ് ഗ്രേഡ് എസ്ഐ ഷാജിയുടെ വിശദീകരണം. പുതുവർഷത്തിനു തലേന്നു ബീച്ചിലേയ്ക്ക് മദ്യം കൊണ്ടുപോകരുതെന്ന് നിർദേശമുണ്ടായിരുന്നു എന്നും താൻ ഈ നിർദേശം നടപ്പാക്കുക മാത്രമാണ് ചെയ്തതെന്നുമാണ് എസ്ഐ പറയുന്നത്. താൻ വിദേശിയോടു മോശമായി സംസാരിക്കുകയോ മദ്യം ഒഴുക്കിക്കളയാൻ ആവശ്യപ്പെടുകയോ ചെയ്തിട്ടില്ല. കോവളത്തു മുറി ബുക്ക് ചെയ്തിരുന്നവർ മദ്യത്തിൻ്റെ ബില്ലുമായി എത്തിയപ്പോൾ കടത്തി വിട്ടിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. മുഖ്യമന്ത്രിയ്ക്കു പുറമെ ഇദ്ദേഹം ഡിജിപിയ്ക്കും പരാതി നൽകിയിട്ടുണ്ട്.
Find out more: