ആക്രമണദൃശ്യങ്ങൾ നടൻ ദിലീപിന്റെ കയ്യിലുണ്ടോ; ഇന്ന് ദിലീപിനെ ചോദ്യം ചെയ്യും! രാവിലെ പത്തിന് ആലുവ പോലീസ് ക്ലബിൽ എത്താനാണ് ദിലീപിന് നൽകിയിട്ടുള്ള നിർദേശം. കേസിൻ്റെ ഭാഗമായി മുൻപൊരിക്കൽ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടതിനാൽ ഇന്ന് നടനെ ചോദ്യം ചെയ്ത് തിരിച്ചയയ്ക്കുക മാത്രമായിരിക്കും നടപടി. നടിയെ ആക്രമിച്ച കേസിൻ്റെ തുടരന്വേഷണവുമായി ബന്ധപ്പെട്ട് നടൻ ദിലീപിനെ ഇന്നു ക്രൈം ബ്രാഞ്ച് വീണ്ടും ചോദ്യം ചെയ്യും. കേസുമായി ബന്ധപ്പെട്ട് സംവിധായകൻ ബാലചന്ദ്രകുമാർ നടത്തിയ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യൽ. കൂടാതെ ദിലീപ് സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിച്ചെന്നും കേസ് അട്ടിമറിക്കാൻ നീക്കം നടത്തിയെന്നും ആരോപണമുണ്ട്.
പുതിയ വെളിപ്പെടുത്തലുകളുടെയും തെളിവുകളുടെയും അടിസ്ഥാനത്തിലാണ് കേസിൽ ക്രൈം ബ്രാഞ്ച് തുടരന്വേഷണം നടത്തുന്നത്. മുഖ്യപ്രതി പൾസർ സുനിയുമായുള്ള ദിലീപിൻ്റെ ബന്ധം എത്രത്തോളമുണ്ടെന്നും നടിയെ ആക്രമിച്ച ദൃശ്യങ്ങൾ ദിലീപിൻ്റെ കൈവശമുണ്ടോ എന്നുമാണ് പരിശോധിക്കുന്നത്. അതേസമയം, ദിലീപ് കോടതിയിൽ സമർപ്പിച്ച ഫോണിൽ നിന്ന് നിർണായക വിവരങ്ങൾ കിട്ടിയെന്നാണ് ക്രൈം ബ്രാഞ്ച് വ്യക്തമാക്കുന്നത്. ദിലീപിൻ്റെ ഫോണിൽ വിചാരണ കോടതിയിലെ രഹസ്യസ്വഭാവമുള്ള ചില രേഖകൾ ഉണ്ടായിരുന്നുവെന്നും ഇവ സൈബർ വിദഗ്ധനായ സായ് ശങ്കർ നശിപ്പിച്ചെന്നുമാണ് ക്രൈം ബ്രാഞ്ച് കണ്ടെത്തിയിട്ടുള്ളത്. ഈ രേഖകളിൽ ചിലത് വാട്സാപ്പ് സന്ദേശങ്ങളാണ്. ഇവ വീണ്ടെടുക്കാൻ സാധിച്ചതായും ക്രൈം ബ്രാഞ്ച് വൃത്തങ്ങളെ ഉദ്ധരിച്ചുള്ള റിപ്പോർട്ടുകളിൽ പറയുന്നു.
ഈ രേഖകൾ ഒരിക്കലും പുറത്തു വിടരുതാത്ത കോടതി രേഖകളാണെന്ന് അഭിഭാഷകൻ തന്നോടു പറഞ്ഞതായി സായ് ശങ്കർ മൊഴി നൽകിയിട്ടുണ്ടെന്നാണ് ക്രൈം ബ്രാഞ്ച് പറയുന്നത്. ഈ രേഖകൾ ദിലീപിന് കൈമാറിയത് ആരാണെന്നത് സംബന്ധിച്ച് ക്രൈം ബ്രാഞ്ച് അന്വേഷണം തുടങ്ങിയിട്ടുണ്ട്. ദിലീപിനു പുറമെ കേസുമായി ബന്ധമുള്ള മറ്റുചിലരെയും പോലീസ് ചോദ്യം ചെയ്യും. ഏപ്രിൽ 15 വരെയാണ് കോടതി ക്രൈം ബ്രാഞ്ചിന് തുടരന്വേഷണത്തിന് അനുവദിച്ചിട്ടുള്ള സമയം. നടിയെ ആക്രമിച്ച കേസ് അന്വേഷിക്കുന്ന ക്രൈം ബ്രാഞ്ച് ഉദ്യോഗസ്ഥരെ ദിലീപ് അപായപ്പെടുത്താൻ ശ്രമിച്ചെന്ന കേസിലും സമാന്തരമായി അന്വേഷണം പുരോഗമിക്കുന്നുണ്ട്.
ഒരു വാട്സാപ്പ് നമ്പറിൽ നിന്നാണ് കോടതി രേഖകൾ എത്തിയതെന്നും കണ്ടെത്തിയിട്ടുണ്ട്. ഈ സമയത്ത് ദിലീപ് ഒപ്പമുണ്ടായിരുന്നുവെന്നും സായ് ശങ്കർ പറയുന്നു. അതേസമയം, ചില രേഖകൾ താൻ സ്വന്തം നിലയ്ക്ക് കോപ്പി ചെയ്തു സൂക്ഷിച്ചിരുന്നുവെന്ന് സായ് മൊഴി നൽകിയെങ്കിലും ഇത് എന്തിനാണെന്ന് സ്ഥിരീകരിക്കാൻ ക്രൈം ബ്രാഞ്ചിന് സാധിച്ചിട്ടില്ല. ദിലീപിൻ്റെ രണ്ട് ഫോണുകൾ അഭിഭാഷകരുടെ സാന്നിധ്യത്തിൽ താൻ പകർത്തി നൽകിയെന്നാണ് സായ് ശങ്കർ മുൻപ് ചോദ്യം ചെയ്യലിൽ സമ്മതിച്ചത്. ഇതിൽ ഒരു ഫോണിലായിരുന്നു കോടതി രേഖകൾ ഉണ്ടായിരുന്നത്.
Find out more: