കാവി ഷാൾ ആയാലും ഹിജാബ് ആയാലും സ്കൂളിനുള്ളിൽ അനുവദിക്കാനാകില്ലായെന്നു നടി ഖുശ്ബു! വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ വിദ്യാർഥികൾ സ്ഥാപനങ്ങളുടെ നിർദേശങ്ങൾ അനുസരിക്കണമെന്ന് ഖുശ്ബു നിർദേശിച്ചു. ഹിജാബ് ആയാലും കാവി ഷാൾ ആയാലും സ്കൂളുകളുടെ പരിസരത്ത് അനുവദിക്കാൻ കഴിയില്ലെന്നായിരുന്നു ഖുശ്ബുവിൻ്റെ പ്രതികരണം. അടക്കമുള്ള സംസ്ഥാനങ്ങളിൽ ഹിജാബ് വിവാദം തുടരുന്നതിനിടെ പ്രതികരണവുമായി നടിയും ബിജെപി നേതാവുമായ ഖുശ്ബു രംഗത്ത്. തമിഴ്നാട്ടിൽ പ്രാദേശിക തെരഞ്ഞെടുപ്പുകൾ നടക്കാനിരിക്കേ ചെന്നൈയിൽ ബിജെപി പ്രചാരണ പരിപാടിയിൽ സംസാരിക്കുകയായിരുന്നു ഖുശ്ബു.
"ഹിജാബ് ധരിക്കണോ വേണ്ടയോ എന്നത് വ്യക്തികളുടെ തീരുമാനമാണ്. നിങ്ങൾക്ക് സ്കൂളിൻ്റെ ഗേറ്റ് വരെ ഹിജാബ് ധരിക്കാം. പക്ഷെ ക്യാംപസിനുള്ളിൽ കടന്നു കഴിഞ്ഞാൽ നിങ്ങൾ സ്കൂളിൻ്റെ നിയമങ്ങൾ അനുസരിക്കണം. യൂണിഫോം ധരിക്കണം. ഞാൻ മുസ്ലീം സമുദായത്തിൽ നിന്നുള്ളയാളാണ്. ഞാൻ ഒരിക്കലും സ്കൂളിൽ ഹിജാബ് ധരിച്ചിട്ടില്ല. എൻ്റെ ഒരു സുഹൃത്ത് പോലും ഹിജാബ് ധരിച്ചിട്ടില്ല." ഖുശ്ബു പറഞ്ഞു. മതപരമായ ഒരു വസ്ത്രവും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കുള്ളിൽ പാടില്ലെന്ന് അവർ അഭിപ്രായപ്പെട്ടതായി ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തു. "ഹിജാബ് ആയാലും കാവി ഷാൾ ആയാലും നീല ഷാൾ ആയാലും ഇതൊന്നും സ്കൂളിനുള്ളിൽ അനുവദിക്കാൻ പാടില്ല. മതത്തിനും ജാതിയ്ക്കും അതീതമായ സ്ഥലമാണ് സ്കൂൾ." ഖുശ്ബു അഭിപ്രായപ്പെട്ടു.
ചില വിദ്യാർഥികൾക്ക് ഹിജാബ് ധരിച്ചുകൊണ്ട് ക്ലാസിൽ വരണമെന്ന് അഭിപ്രായപ്പെട്ടതു കൊണ്ടു മാത്രമാണ് മറ്റു ചില വിദ്യാർഥികൾ കാവി ഷാൾ ധരിച്ചു കൊണ്ട് ക്ലാസിലെത്തിയതെന്നും ഖുശ്ബു കൂട്ടിച്ചേർത്തു. അതേസമയം, തനിക്ക് കാവി ഷാൾ ധരിച്ചു കൊണ്ട് ക്യാംപസിലെത്തുന്ന വിദ്യാർഥികളോടും ഇതേ അഭിപ്രായമാണെന്ന് ചോദ്യത്തിനു മറുപടിയായി ഖുശ്ബു പറഞ്ഞു. ദേശീയപതാക താഴ്ത്തി പകരം ഹിജാബ് വിരുദ്ധ പ്രതിഷേധക്കാർ കാവിക്കൊടി കെട്ടിയെന്ന ആരോപണം നിഷേധിച്ച നടി സംഭവത്തിന് മറ്റൊരു വ്യാഖ്യാനമാണ് നൽകിയത്.
കൊടി ഇല്ലാതിരുന്ന ഒരു കൊടി മരത്തിലാണ് പ്രതിഷേധക്കാർ കാവിക്കൊടി നാട്ടിയതെന്നും അവർ വ്യക്തമാക്കി. പ്രതിപക്ഷം കുട്ടികളുടെ മനസ്സിൽ മതരാഷ്ട്രീയം തിരുകിക്കയറ്റാനാണ് ശ്രമിക്കുന്നതെന്ന് ഖുശ്ബു ആരോപിച്ചു. കർണാടകയിൽ ഹിജാബ് ധരിച്ചെത്തുന്ന കുട്ടികളെ ക്ലാസ് മുറികളിൽ നിന്ന് മാത്രമാണ് പുറത്താക്കിയിട്ടുള്ളതെന്നും കോളേജ് ക്യാംപസിൽ നിന്ന് പുറത്താക്കിയിട്ടില്ലെന്നും ഖുശ്ബു കൂട്ടിച്ചേർത്തു.
Find out more: