വൻ പ്രതിഷേധത്തിനിടയിലും അഗ്നിപഥ് നടപ്പായേക്കും! പദ്ധതിയിൽ നിന്ന് പിന്നോട്ടില്ലെന്നാണ് കേന്ദ്രസർക്കാർ നിലപാട്. അഗ്നിപഥ് പദ്ധതിയ്ക്ക് ആവശ്യമായ വിജ്ഞാപനം കരസേന ഉടൻ തന്നെ പുറത്തിറക്കുമെന്നാണ് റിപ്പോർട്ട്. സൈനികമേഖലയിൽ വൻമാറ്റത്തിന് വഴിയൊരുക്കുന്ന അഗ്നിപഥ് പദ്ധതിയ്ക്കെതിരെ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ പ്രതിഷേധം ആളിക്കത്തുകയാണ്. നാലു വർഷം മാത്രമായി സൈനികജോലിയുടെ കാലാവധി ചുരുക്കുകയും പെൻഷൻ അടക്കമുള്ള ആനുകൂല്യങ്ങൾ ഇല്ലാതാകുകയും ചെയ്യുന്നത് തങ്ങളുടെ തൊഴിൽസ്വപ്നങ്ങൾ ഊതിക്കെടുത്തുമെന്ന് പ്രതിഷേധക്കാർ ഭയപ്പെടുന്നു. ബിഹാറിൽ ആരംഭിച്ച പ്രതിഷേധം ഉത്തർ പ്രദേശിലേയ്ക്കും ഹരിയാനയിലേയ്ക്കും പഞ്ചാബിലേയ്ക്കും പടർന്നിട്ടുണ്ട്.
കർഷകസമരത്തിനു ശേഷം ഇതാദ്യമായാണ് ഒരു കേന്ദ്രസർക്കാർ പദ്ധതി ദേശീയതലത്തിൽ വലിയ പ്രതിഷേധത്തിന് തിരികൊളുത്തുന്നത്. പല സംസ്ഥാനങ്ങളിലും സൈനികജോലി കാത്തിരുന്ന യുവാക്കൾ റോഡുകൾ തടയുകയും ട്രെയിനുകൾക്ക് തീയിടുകയും ചെയ്തു. പദ്ധതി യുവാക്കൾ തള്ളിക്കളഞ്ഞെന്നായിരുന്നു രാഹുൽ ഗാന്ധിയുടെ ട്വീറ്റ്. പ്രതിഷേധക്കാർക്ക് കോൺഗ്രസ് പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്. വേണ്ടത്ര തയ്യാറെടുപ്പില്ലാതെ നടപ്പാക്കുന്ന പദ്ധതിയാണെന്നും പ്രഖ്യാപിച്ച് 24 മണിക്കൂറിനുള്ളിൽ തന്നെ മാറ്റങ്ങൾ വരുത്തിയത് ഇതിനു തെളിവാണെന്നും കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി ആരോപിച്ചു.
17.5 വയസു മുതൽ 21 വയസു വരെ പ്രായമുള്ള യുവാക്കളെ സൈന്യത്തിലെടുക്കുകയും തുടർന്ന് ഇവരിൽ 75 ശതമാനം പേരെയും വിരമിക്കാൻ അനുവദിക്കുകയും ചെയ്യുന്നതിലൂടെ പെൻഷനും ശമ്പളത്തിനുമുള്ള വലിയൊരു തുക ലാഭിക്കാനാകുമെന്ന് കേന്ദ്രം കരുതുന്നു. പകരം അഗ്നിവീർമാർക്ക് കേന്ദ്ര, സംസ്ഥാന സർക്കാർ ജോലികളിൽ മുൻഗണനയാണ് വാഗ്ദാനം. പ്രതിഷേധം തണുപ്പിക്കാനായി അഗ്നിപഥ് പദ്ധതിയുടെ പ്രായപരിധി കേന്ദ്രസക്കാ 23 വയസായി ഉയർത്തുകയും ചെയ്തിട്ടുണ്ടെങ്കിലും ഫലമുണ്ടായില്ല. അതേസമയം, പദ്ധതിയ്ക്ക് നാലു വർഷം മാത്രം പ്രായപരിധി വെച്ചിരിക്കുന്നത് വലിയൊരു ശതമാനം യുവാക്കളെ സഹായിക്കാനാണെന്നാണ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പറയുന്നത്.
നാലു വർഷം മാത്രം സേവനകാലാവധി എന്നതു കൂടുതൽ പേരെ റിക്രൂട്ട് ചെയ്യാൻ സഹായിക്കുന്നു. കൊവിഡ് മൂലം രണ്ട് വഷമായി സൈനിക റിക്രൂട്ട്മെൻ്റ് നടന്നിട്ടില്ലെന്നും ഇതു മനസിൽ കണ്ടാണ് കേന്ദ്ര സർക്കാർ പദ്ധതി തയ്യാറാക്കിയതെന്നും അമിത് ഷാ പറയുന്നു. ആറു മാസത്തെ പരിശീലനത്തിനും മൂന്നര വർഷത്തെ ജോലിയ്ക്കും ശേഷം പുറത്തിറങ്ങുന്ന അഗ്നിവീർമാരുടെ തൊഴിൽ സുരക്ഷയാണ് പ്രതിഷേധക്കാർ ചോദ്യം ചെയ്യുന്നത്. എന്നാൽ പദ്ധതിയെക്കുറിച്ചുള്ള തെറ്റിദ്ധാരണകളാണ് പ്രതിഷേധത്തിന് പിന്നിലെന്ന് കേന്ദ്രസർക്കാർ കരുതുന്നു. അഗ്നിപഥ് പദ്ധതി പിൻവലിക്കില്ലെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിങും വ്യക്തമാക്കുന്നു. ഇതിനായി ഉടൻ റിക്രൂട്ട്മെൻ്റ് തുടങ്ങുമെന്നും യുവാക്കൾ തയ്യാറെടുക്കണമെന്നും കേന്ദ്രമന്ത്രി ആവശ്യപ്പെട്ടു.
Find out more: