മൂന്നാം തവണയും ഡല്‍ഹി പട്യാല ഹൗസ്‌ കോടതി മരണ വാറണ്ട് പുറപ്പെടുവിച്ചിരിക്കുകയാണ് നിർഭയ കേസിൽ പ്രതികളെ തൂക്കിലേറ്റുന്നതിനായി .ആദ്യ രണ്ട് തവണയും കോടതി മരണ വാറണ്ട് പുറപ്പെടുവിച്ചതിനു പിന്നാലെ പ്രതികൾ ദയാഹർജിയുമായി രാഷ്ട്രപതിയെ സമീപിച്ചതോടെയാണ് മരണവാറണ്ട് പുറപ്പെടുവിച്ചിട്ടും ശിക്ഷ നടപ്പിലാകാതെ പോയത്.

 

 

 

 

   മാർച്ച് മൂന്നിന് രാവിലെ ആറ് മണിക്ക് വധശിക്ഷ നടപ്പാക്കണമെന്നാണ് ഡല്‍ഹി പട്യാല ഹൗസ്‌ കോടതി അഡീഷണല്‍ സെഷന്‍ ജഡ്ജ് ധര്‍മേന്ദര്‍ റാണ പുറപ്പെടുവിച്ച മരണ വാറണ്ട് പറയുന്നത്.കേസിൽ രണ്ട് തവണയാണ് ഇതുവരെ പട്യാല കോടതി മരണ വാറണ്ട് പുറപ്പെടുവിച്ചത്. ആദ്യത്തെ വാറണ്ട് പ്രകാരം ജനുവരി 22ന് രാവിലെ 7 മണിക്ക് വധശിക്ഷ നടപ്പാക്കണമെന്നായിരുന്നു ഉത്തരവ്.

 

 

  എന്നാൽ പ്രതികൾ ദയാഹർജിയുമായി മുന്നോട്ട് പോയതോടെ കോടതി പുതിയ മരണ വാറണ്ട് പുറപ്പെടുവിക്കുകയായിരുന്നു. ഫെബ്രുവരി ഒന്നിന് രാവിലെ ആറ് മണിക്ക് ശിക്ഷ നടപ്പിലാക്കണമെന്നായിരുന്നു രണ്ടാമത്തെ വാറണ്ട്. എന്നാൽ വീണ്ടും പ്രതികൾ നിയമനടപടിയുമായി മുന്നോട്ട് പോയതോടെ ദയാഹര്‍ജി തള്ളി 14 ദിവസത്തിന് ശേഷം മാത്രമെ പ്രതികളെ തൂക്കിലേറ്റാവു എന്ന നിയമ പ്രകാരം ശിക്ഷ നടപ്പിലാക്കുന്നത് വീണ്ടും വൈകുകയായിരുന്നു.

 

 

 

  മാർച്ച് മൂന്നിന് രാവിലെ ആറ് മണിക്കകം കേസിലെ നാല് പ്രതികളെയും തൂക്കിക്കൊല്ലണമെന്നാണ് പുതിയ വാറണ്ട്. വധശിക്ഷ നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് പ്രതികൾ കോടതിയിൽ ഉന്നയിച്ച എല്ലാ ആവശ്യങ്ങളും തള്ളിയാണ് വിചാരണക്കോടതി പുതിയ മരണവാറണ്ട് പുറപ്പെടുവിച്ചത്. ഇത് പ്രകാരം മാർച്ച് മൂന്നിന് തന്നെ നിർഭയ കേസ് പ്രതികളെ തൂക്കിലേറ്റുമെന്നാണ് കരുതപ്പെടുന്നത്.

 

 

 

 

   കേസിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട നാല് പേരിൽ മൂന്ന് പേരുടെയും ദയാഹർജി രാഷ്ട്രപതി തള്ളിയെങ്കിലും മറ്റൊരു പ്രതിയായ പവന്‍ ഗുപ്തക്ക് ദയാഹര്‍ജിയും തിരുത്തല്‍ ഹര്‍ജിയും നല്‍കാനുള്ള അവസരം അവശേഷിക്കുന്നുണ്ട്. പവൻ രാഷ്ട്രപതിയെ സമീപിക്കുകയാണെങ്കിൽ നിയമപ്രകാരം വധ ശിക്ഷ നടപ്പിലാക്കുന്നത് വീണ്ടും നീട്ടിവെക്കേണ്ടിവരും.

 

 

 

 

   നിയപരമായ അവസരങ്ങൾ അവസാനിച്ച് 14 ദിവസങ്ങൾക്ക് ശേഷം മാത്രമെ ശിക്ഷ നടപ്പാക്കാവൂവെന്ന നിയമം നിലനിൽക്കുന്നതിനാലാണ് ഇത്.നേരത്തെ കേസിലെ മറ്റ് മൂന്ന് പ്രതികളും നിയമപരമായ വഴികളെല്ലാം തേടിയപ്പോഴും പവൻ ഗുപ്ത ഇതിന് തയ്യാറായിരുന്നില്ല. ഇതോടെ അവേശഷിക്കുന്ന നിയമസഹായങ്ങൾ തേടാൻ ഡൽഹി ഹൈക്കോടതി പവൻ ഗുപ്തയ്ക്ക് ഏഴ് ദിവസത്തെ സമയം അനുവദിച്ചിരുന്നു. എന്നാൽ ഇത് വിനിയോഗിക്കാൻ പ്രതി തയ്യാറായില്ല.

 

 

 

   ഈ അവസരങ്ങൾ നിലനിൽക്കുന്നതിനാൽ തന്നെ മരണവാറണ്ട് പുറപ്പെടുവിച്ചത് മാറ്റിവെക്കേണ്ടി വന്നേക്കാമെന്നാണ് വിദഗ്ദർ പറയുന്നത്. പക്ഷേ പ്രതി ഈ വഴികൾ തേടുന്നില്ലെങ്കിൽ ശിക്ഷ നടപ്പിലാക്കുന്നതിനെ ഇത് യാതൊരു തരത്തിലും ബാധിക്കില്ല.നിർഭയ കേസിൽ പ്രതിപ്പട്ടികയിലുണ്ടായിരുന്നത് ആറ് പ്രതികളായിരുന്നു.

 

 

 

 

   ഇതിൽ ഒന്നാം പ്രതി രാം സിങ് വിചാരണ തടവുകാരനായി കഴിയവേ തിഹാർ ജയിലിൽ നിന്ന് തൂങ്ങിമരിക്കുകയായിരുന്നു. മറ്റൊരു പ്രതിക്ക് പ്രായപൂർത്തിയാകാത്തതിനാൽ ജുവനൈൽ നിയമപ്രകാരം മൂന്നുവർഷത്തെ തടവ് ശിക്ഷയ്ക്കാണ് വിധിച്ചിരുന്നത്. തടവ് ശിക്ഷയുടെ കാലാവധി പൂർത്തിയായതിനാൽ ഇയാൾ പുറത്തിറങ്ങുകയും ചെയ്തു.

మరింత సమాచారం తెలుసుకోండి: