യഥാർത്ഥ കുട്ടിയമ്മയോടൊപ്പം മഞ്ജു പിള്ള; തനിപ്പകർപ്പാണെന്ന് ആരാധകരും! ഇന്ദ്രൻസ്, മഞ്ജു പിള്ള, ശ്രീനാഥ് ഭാസി, നസ്ലൻ, കൈനകരി തങ്കരാജ് തുടങ്ങി നിരവധി താരങ്ങൾ ഒന്നിച്ച ചിത്രമാണ് റോജിൻ തോമസ് രചനയും സംവിധാനവും നിർവ്വഹിച്ച ഫ്രൈഡേ ഫിലിം ഹൗസിൻറെ ബാനറിൽ വിജയ് ബാബു നിർമ്മിച്ച '#ഹോം' എന്ന ചിത്രം. ആമസോൺ പ്രൈമിലൂടെയെത്തി വലിയ ചർച്ചയായിരിക്കുകയാണ് ഹോം. നിരവധി താരങ്ങൾ ഒന്നിച്ച ചിത്രം പ്രേക്ഷകരുടെ മനസ്സ് നിറച്ച ചിത്രമെന്നാണ് ഏവരും വാഴ്ത്തുന്നത്. മാത്രമല്ല സിനിമപോലെ തന്നെ അതിലെ കഥാപാത്രങ്ങളെയും ഏവരും ഏറ്റെടുത്തു കഴിഞ്ഞു. ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളായ ഒലിവർ ട്വിസ്റ്റും കുട്ടിയമ്മയുമായി എത്തിയത് ഇന്ദ്രൻസും മഞ്ജു പിള്ളയുമാണ്. ഇപ്പോഴിതാ, യഥാർത്ഥ കുട്ടിയമ്മയ്ക്ക് ഒപ്പമുള്ള ഒരു ചിത്രം പങ്കുവെച്ചിരിക്കുകയാണ് നടി മഞ്ജുപിള്ള.
റോസമ്മയോടൊപ്പം നിൽക്കുന്ന ചിത്രമാണ് മഞ്ജു പിള്ള ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരിക്കുന്നത്. യഥാർത്ഥ കുട്ടിയമ്മയോടൊപ്പം എന്ന് കുറിച്ചുകൊണ്ടാണ് മഞ്ജു ചിത്രം പങ്കുവെച്ചിരിക്കുന്നത്. നിരവധി കമൻറുകളും ചിത്രത്തിന് താഴെ ലഭിച്ചിട്ടുണ്ട്. അത് മറ്റാരുമല്ല സംവിധായകൻ റോജിൻ തോമസിൻറെ അമ്മ റോസമ്മയാണ്. രണ്ട് കുട്ടിയമ്മമാർ ഒരുമിച്ച് നിൽക്കുന്നു, എന്താ അഭിനയം ഒന്നും പറയാനില്ല, പെർഫെക്ട് കാസ്റ്റിംഗ്, രണ്ടുപേരും ഒരുപോലെ അതാണ് ഈ സിനിമയുടെ വിജയം, മഞ്ജുചേച്ചി അവരുടെ തനിപ്പകർപ്പാണ് തുടങ്ങി നിരവധി കമൻറുകളാണ് ലഭിച്ചിട്ടുള്ളത്. ഹോം ഇത് നമ്മൾ ഓരോരുത്തരുടെയും കഥയാണ്. ഏത് നേരവും മുങ്ങിത്തപ്പുന്ന കയ്യിലെ സ്മാർട്ട്ഫോൺ മാറ്റി വച്ച് നോക്കിയാൽ നിങ്ങൾക്ക് കാണാം ഒലിവർ ട്വിസ്റ്റിനെയും കുട്ടിയമ്മയെയും ചാൾസിനെയും ആന്റണിയെയുമെല്ലാം.
സാങ്കേതികവിദ്യയ്ക്ക് സ്വാധീനമുള്ള കാലത്ത് ജീവിക്കുന്ന മക്കൾക്കിടയിൽ സാങ്കേതികജ്ഞാനത്തിന്റെ അഭാവം കാരണം പിന്തള്ളപ്പെട്ടുപോവുന്ന രക്ഷിതാക്കളുള്ള അനേകം വീടുകൾ നമ്മുടെ നാട്ടിലുണ്ട്. സ്മാർട്ട്ഫോൺ ഉപയോഗിക്കാനറിയാത്ത, ഫെയ്സ്ബുക്കും വാട്സാപ്പും ഇൻസ്റ്റഗ്രാമും എന്തെന്നറിയാത്ത, ഫോണിൽ ഒരു ഫോട്ടോ പോലും എടുക്കാനറിയാത്ത 'വേറെ ഏതോ ലോകത്ത്' ജീവിക്കുന്ന മാതാപിതാക്കൾ.അവരുടെ സന്തോഷം മക്കളുമൊത്തുള്ള നിമിഷങ്ങളാണ്. എന്നാൽ ഫോണിൽ നിന്ന് ഒരു നിമിഷം പോലും കണ്ണെടുക്കാനാവാത്ത, തങ്ങളുടെ സന്തോഷങ്ങൾക്കും സങ്കടങ്ങൾക്കുമുള്ള ഉത്തരങ്ങൾ ഫോണിൽ നിന്ന് തന്നെ കണ്ടെത്തുന്ന ഇന്നത്തെ തലമുറയ്ക്ക് അച്ഛനമ്മമാരെ മനസിലാക്കാനും അറിയാത്ത കാര്യങ്ങൾ പഠിപ്പിച്ച് കൊടുക്കാനും എവിടെ നേരം.
സ്മാർട്ട്ഫോൺ ഇന്നത്തെ കുടുംബങ്ങളെ എത്രമാത്രം ബാധിച്ചിട്ടുണ്ട്? അതിന്റെ സാധ്യതകൾ എത്രമാത്രം കുടുംബ ബന്ധങ്ങളിൽ മാറ്റങ്ങൾ കൊണ്ട് വന്നിട്ടുണ്ട്? #ഹോമിൽ പ്രേക്ഷകർക്ക് അത് കാണാനാകും. ഒലിവറിന്റെ ആത്മാർഥ സുഹൃത്ത് സൂര്യനായി എത്തിയ ജോണി ആന്റണി, കൈനകരി തങ്കച്ചൻ, ശ്രീകാന്ത് മുരളി, ആശ അരവിന്ദ്, ദീപ തോമസ്, കെ.പി.എ.സി ലളിത, പ്രിയങ്ക, വിജയ് ബാബു തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ. രാഹുൽ സുബ്രഹ്മണ്യന്റെ സംഗീതവും വീടിനകത്തെയും പുറത്തെയും കാഴ്ച്ചകൾ മനോഹരമായി ഒപ്പിയെടുത്ത നീൽ ഡി കുഞ്ഞയുടെ ക്യാമറയും ചിത്രത്തിന്റെ പ്ലസുകളിൽ ഒന്നാണ്.
Find out more: