വിജയ് ആരാധകരെ ബീസ്റ്റ് നിരാശപ്പെടുത്തിയോ? ചിത്രം ആഘോഷമാക്കാനുള്ള ഒരുക്കങ്ങൾ ദിവസങ്ങൾക്ക് മുൻപേ ആരാധകർ തുടങ്ങിയിരുന്നു. ഇതിനോടകം തന്നെ നിരവധി റെക്കോർഡുകൾ ചിത്രം തകർത്തിരിക്കുകയാണ്. കേരളത്തിലും വൻ ആവേശത്തോടെയാണ് സിനിമ ആരാധകർ ബീസ്റ്റിനായി കാത്തിരുന്നത്. വലിയ കാത്തിരിപ്പുകൾക്കൊടുവിൽ ബീസ്റ്റ് തീയേറ്ററുകളിലേക്ക് എത്തിയിരിക്കുകയാണ്. ചിത്രം തീയേറ്ററുകളിലെത്തുന്നത് കാണാനായി രാജ്യമൊട്ടാകെ ഉള്ള വിജയ് ആരാധകർ ആഘോഷങ്ങളുമായി കാത്തിരിക്കുകയായിരുന്നു. ബീസ്റ്റ് പ്രദർശനത്തിനൊരുങ്ങുന്ന ഒരുവിധം തീയേറ്ററുകളിലെല്ലാം ബുക്കിങ് ദിവസങ്ങൾക്ക് മുൻപേ പൂർത്തിയായിരുന്നു. വിജയ് ആരാധകർ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന ബീസ്റ്റ് ഒരു വിഷുക്കൈനീട്ടമെന്നോണം പ്രേക്ഷകരിലേക്ക് എത്തിയിരിക്കുകയാണ്.
എന്നാൽ വലിയ ആവേശത്തിൽ തീയേറ്ററുകളിലേക്കെത്തിയ ബീസ്റ്റ് ഫാൻസിനെപ്പോലും നിരാശപ്പെടുത്തുകയായിരുന്നു. ദളപതി ചിത്രം ബീസ്റ്റിൽ വൻ പ്രതീക്ഷയോടെയായിരുന്നു ആരാധകർ വരവേറ്റത്. ഇന്ന് പുലർച്ചെ നാല് മണിയോടെയാണ് ബീസ്റ്റ് തീയേറ്ററുകളിൽ പ്രദർശിപ്പിച്ച് തുടങ്ങിയത്. ബീസ്റ്റ് ആരാധകരെ നിരാശപ്പെടുത്തിയെന്നാണ് ആദ്യം പുറത്ത് വരുന്ന റിവ്യൂകൾ. വെളുപ്പിന് നടന്ന ആദ്യ ഷോ കണ്ടിറങ്ങിയ പ്രേക്ഷകരാണ് സിനിമ അത്ര പോരെന്ന അഭിപ്രായം പങ്കുവെക്കുന്നത്. ചിത്രത്തിലുൾപ്പെടുത്തിയിരിക്കുന്ന ഇസ്ലാമിക തീവ്രവാദവും വയലൻസും കാരണം ബീസ്റ്റിന് രണ്ട് രാജ്യങ്ങൾ വിലക്ക് ഏർപ്പെടുത്തിയിരുന്നു. കുവൈറ്റും ഖത്തറുമാണ് ചിത്രത്തിന് പ്രദർശന അനുമതി നിഷേധിച്ചിരിക്കുന്നത്.
ചിത്രത്തിന്റേതായി പുറത്തിറങ്ങിയ ട്രെയ്ലറിലും വയലൻസ് നിറഞ്ഞിരുന്നു. തമിഴ്നാട്ടിലെ തന്നെ ചില മുസ്ലീം സംഘടനകളും ചിത്രം നിരോധിക്കണമെന്നാവശ്യപ്പെട്ട് രംഗത്ത് വന്നിരുന്നു. ചിത്രം തീയേറ്ററുകളിലെത്താൻ മണിക്കൂറുകൾ മാത്രം അവശേഷിക്കേ അണിയറപ്രവർത്തകർ രണ്ട് പുതിയ ടീസറുകളും കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. സംഭാഷണങ്ങൾ ഇല്ലാത്ത ഒരു ടീസറും ഇതോടൊപ്പം അണിയറപ്രവർത്തകർ പുറത്തുവിട്ടിരുന്നു. വെടിയുണ്ടകൾ പായുന്നതിന്റെയും കത്തി വീശുന്നതിന്റെയുമൊക്കെ ശബ്ദങ്ങളാണ് ടീസറിൽ ഉൾപ്പെടുത്തിയിരുന്നത്.
വൻ പ്രതീക്ഷയോടെ തീയേറ്ററുകളിലെത്തിയ പ്രേക്ഷകർക്ക് നിരാശരായി മടങ്ങേണ്ടി വന്നു. ഈ നിലയിലാണ് പോക്ക് എങ്കിൽ ചിത്രം ആദ്യ ദിനം ബോക്സോഫീസിൽ എത്ര കളക്ഷൻ നേടുമെന്നതും ചർച്ചയായി കഴിഞ്ഞു. 350 ഓളം ഫാൻസ് ഷോകളാണ് കേരളത്തിലും ഒരുക്കിയിരുന്നത്. മികച്ച ദൃശ്യവിരുന്നാകും ബീസ്റ്റ് പ്രേക്ഷകർക്ക് നൽകുക എന്ന പ്രതീക്ഷയിലായിരുന്നു വിജയ് ആരാധകരെങ്കിലും പ്രതീക്ഷ കാക്കാൻ വിജയ്ക്ക് സാധിക്കാതെ പോവുകയായിരുന്നു.
Find out more: