പരീക്ഷയാണോ കുട്ടികളുടെ ജീവനാണോ വലുതെന്ന് സർക്കാർ ചിന്തിക്കണമെന്ന് കെ സുധാകരൻ! കൊവിഡ് നിരക്ക് കുറയാത്ത സാഹചര്യത്തിൽ പരീക്ഷകൾ നിർത്തിവെയ്ക്കണമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. കേരളത്തിൽ ടിപിആർ നിരക്ക് കുറയാത്തത് സർക്കാർ നടപടികൾ ഫലപ്രദമല്ലാത്തതിനാലാണ്. കൊവിഡിന്റെ പേരിൽ കോടാനുകോടി രൂപ പിരിച്ചിട്ട് പ്രതിരോധത്തിനു വേണ്ടി എന്ത് ചെയ്തുവെന്നും സുധാകരൻ ചോദിച്ചു. പ്രസക്തമായ ചോദ്യം ഉന്നയിക്കുമ്പോൾ പുച്ഛിച്ചിട്ട് കാര്യമില്ലെന്നും കെപിസിസി പ്രസിഡന്റ് പറഞ്ഞു. പരീക്ഷ മാറ്റിവെയ്ക്കണമെന്ന് ആവശ്യപ്പെട്ടിട്ടും തികഞ്ഞ ഏകാധിപത്യ സമീപനമാണ് സർക്കാർ സ്വീകരിച്ചത്.



   വാക്സിൻ നൽകിയിട്ടാണ് പരീക്ഷ നടത്തിയതെങ്കിൽ കുഴപ്പമില്ലായിരുന്നു. മനുഷ്യത്വത്തിന്റെ പേരിൽ ഇപ്പോൾ നടക്കുന്ന പരീക്ഷകൾ മാറ്റിവെയ്ക്കണമെന്ന് സുധാകരൻ ആവശ്യപ്പെട്ടു. അദ്ദേഹത്തിന്റെ ആശ്രിതർക്ക് സഹായം ആവശ്യമില്ലെങ്കിലും ഇത്തരത്തിൽ കണക്കിൽ പെടാത്ത ആയിരങ്ങളുണ്ട്. ആശ്രിതർക്ക് സഹായം ലഭിക്കുന്നതിന് സർക്കാർ കണക്ക് പുനഃപരിശോധിക്കണമെന്നും സുധാകരൻ ആവശ്യപ്പെട്ടു. കൊവിഡ് ബാധിച്ച മരിച്ചവരുടെ കുടുംബത്തിന് നഷ്ടപരിഹാരം നൽകാനുള്ള സുപ്രീംകോടതി വിധിയെ സ്വാഗതം ചെയ്യുകയാണ്. തന്റെ സഹോദരൻ കൊവിഡ് ബാധിച്ചാണ് മരിച്ചതെങ്കിലും കൊവിഡ് മരണത്തിന്റെ കണക്കിലില്ല.



    അതേസമയം പുതിയ കെപിസിസി പ്രസിഡൻ്റ് ചുമതലയേറ്റ ശേഷമുള്ള ആദ്യ രാഷ്ട്രീയകാര്യ സമിതി നാളെ ചേരും. ഡിസിസികളിൽ വലിയ അഴിച്ചുപണിയ്ക്കാണ് സുധാകരൻ ഒരുങ്ങുന്നതെന്നാണ് റിപ്പോർട്ടുകൾ. മുഖ്യമന്ത്രി പിണറായി വിജയനുമായുള്ള ഏറ്റുമുട്ടലിനു പിന്നാലെ പാർട്ടി പുനഃസംഘടനയുടെ തിരക്കുകളിലേയ്ക്ക് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ.  കെപിസിസിയിലും ഡിസിസികളിലും ജംബോ കമ്മിറ്റികൾ ഉണ്ടാക്കുന്ന പതിവ് ഇത്തവണ ഉണ്ടാകില്ലെന്നാണ് കെ സുധാകരൻ പറയുന്നത്. 



   അതേസമയം, പുതിയ ഭാരവാഹി പട്ടികയിലേയ്ക്ക് നേതാക്കളുടെ വലിയ തള്ളിക്കയറ്റമാണ് ഉണ്ടാകുന്നത്. ഇതിനെ അതിജീവിച്ച് ഡിസിസികൾക്ക് പുതിയ മുഖം നൽകുകയാണ് സുധാകരൻ്റെ മുന്നിലെ വെല്ലുവിളി. കെ സുധാകരൻ്റെ നീക്കങ്ങൾക്കെതിരെ ഇരുഗ്രൂപ്പുകളും രംഗത്തെത്തുന്നതിനിടെയാണ് കെപിസിസിയിലും ഡിസിസിയിലും വരുത്തുന്ന പുതിയ പരിഷ്കാരങ്ങൾ. നിർവാഹക സമിതി അടക്കം കെപിസിസിയിൽ 51 അംഗങ്ങൾ എന്നതാണ് സുധാകരൻ്റെ നിലപാട്. വൈസ് പ്രസിഡൻ്റുമാരും ജനറൽ സെക്രട്ടറിമാരുമായി പത്തുപേരിൽ താഴെ മാത്രമാണ് ഉണ്ടാകുക. മുല്ലപ്പള്ളി രാമചന്ദ്രൻ 96 സെക്രട്ടറിമാരെ നിയമിച്ചിരുന്നെങ്കിൽ സെക്രട്ടറിമാരായി ആരെയെങ്കിലും നിയമിക്കേണ്ടതുണ്ടോ എന്നാണ് സുധാകരൻ പരിശോധിക്കുന്നത്.

Find out more: