'അവനുള്ള ഡിസ്‌മിസൽ അടിച്ചിട്ടേ ഞാൻ വരൂ, എപ്പോൾ വേണേലും വിളിക്കാം': വാക്ക് പാലിച്ച് മന്ത്രി! മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടറുമായ കിരൺകുമാറിനെ സർവീസിൽ നിന്ന് പിരിച്ചുവിട്ടതായി ഗതാഗത മന്ത്രി ആൻ്റണി രാജുവാണ് വ്യക്തമാക്കിയത്. സർക്കാർ നടപടിയിൽ നന്ദിയുണ്ടെന്ന് കുടുംബം വ്യക്തമാക്കി. സംസ്ഥാനത്തെ ഞെട്ടിച്ച വിസ്‌മയയുടെ മരണത്തിൽ ആരോപണവിധേയനായ ഭർത്താവ് കിരൺ കുമാറിനെ സർവീസിൽ നിന്നും പിരിച്ചുവിട്ട സർക്കാർ തീരുമാനത്തെ സ്വാഗതം ചെയ്ത് വിസ്‌മയയുടെ കുടുംബം. കഴിഞ്ഞ ജൂൺ 21നാണ് കിരണിൻ്റെ വീട്ടിൽ ഭാര്യ വിസ്‌മയയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. സ്ത്രീധന പീഡനത്തെ തുടർന്നുള്ള കൊലപാതകമാണെന്നായിരുന്നു വിസ്‌മയയുടെ മാതാപിതാക്കളുടെ ആരോപണം.




  സംഭവത്തിൽ സ്ത്രീധന പീഡനത്തിനും ഗാർഹിക പീഡനത്തിനും പോലീസ് കേസെടുത്ത് അന്വേഷണം നടത്തുകയാണ്. സ്ത്രീധനത്തിൻ്റെ പേരിൽ കിരൺ വിസ്‌മയയെ ക്രൂരമായി മർദ്ദിച്ചിരുന്നുവെന്ന് ബന്ധുക്കൾ വെളിപ്പെടുത്തിയിരുന്നു. മരണം സംഭവിക്കുന്നതിന് മുൻപ് വിസ്‌മയ ബന്ധുവിന് അയച്ച വാട്ട്സാപ്പ് സന്ദേശങ്ങളുടെ അടിസ്ഥാനത്തിലാണ് സംഭവം കൊലപാതകമാണെന്ന് ബന്ധുക്കൾ ആരോപിച്ചത്. കേരള സിവിൽ സർവീസ് ചട്ടം എട്ടാം വകുപ്പനുസരിച്ചാണ് നടപടിയെന്ന് മന്ത്രി ആൻ്റണി രാജു പറഞ്ഞു. "അന്വേഷണത്തിൽ സംശയാതീതമായി കുറ്റം തെളിഞ്ഞതിനാലാണ് നടപടി. സർക്കാർ ജീവനക്കാർ സ്ത്രീധനം വാങ്ങുകയോ കൊടുക്കുകയോ ചെയ്യരുതെന്നാണ് ചട്ടം. 1960ലെ കേരള സിവിൽ സർവീസ് റൂൾ പ്രകാരമാണ് നടപടി. കിരണിന് ഇനി സർക്കാർ ജോലി ലഭിക്കില്ല.





  പ്രൊബേഷനിലായിരുന്നതിനാൽ പെൻഷനും അർഹതയുണ്ടാവില്ല. സർക്കാർ സർവീസിൽ ഇനി ജോലി ചെയ്യാൻ കഴിയില്ല. വിസ്‌മയയുടെ മരണത്തിൽ പോലീസ് നടത്തുന്ന അന്വേഷണവും വകുപ്പുതല അന്വേഷണവും രണ്ടും രണ്ടാണ്. പോലീസ് അന്വേഷണ പ്രകാരമല്ല വകുപ്പുതല അന്വേഷണം നടക്കുക. ഭാര്യയുടെ മരണത്തെ തുടർന്ന് ഭർത്താവിനെ സർക്കാർ സർവീസിൽ നിന്നും പിരിച്ചുവിടുന്ന ആദ്യ സംഭവമാണ് ഈ കേസിൽ സർക്കാർ സ്വീകരിച്ചത്" - എന്നും മന്ത്രി വ്യക്തമാക്കി. വകുപ്പ് തല അന്വേഷണത്തിന് ശേഷമാണ് അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ ആയിരുന്നു കിരൺ കുമാറിനെ സർവീസിൽ നിന്നും സർക്കാർ പുറത്താക്കിയത്.കിരൺ കുമാറിനെ സർവീസിൽ നിന്നും പിരിച്ചുവിട്ട നടപടിയിലൂടെ മന്ത്രി വാക്ക് പാലിച്ചെന്ന് വിസ്‌മയയുടെ പിതാവ് ത്രിവിക്രമൻ നായർ വ്യക്തമാക്കി. "അരുണിനുള്ള ഡിസ്‌മിസ് ഉത്തരവ് അടിച്ചിട്ടേ കാണാൻ വരൂ എന്ന വാക്ക് അദ്ദേഹം പറഞ്ഞിരുന്നു.




   മകളുടെ മരണവുമായി ബന്ധപ്പെട്ട് കാണാൻ ചെന്നപ്പോഴാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്. ആ വാക്ക് മന്ത്രി പാലിച്ചു. മാതൃകപരമായ തീരുമാനമെടുത്ത സർക്കാരിനും മുഖ്യമന്ത്രിക്കും നന്ദി അറിയിക്കുന്നു. വാക്ക് പാലിച്ചതിന് താനും കുടുംബവും സർക്കാരിനോട് കടപ്പെട്ടിരിക്കും. എന്ത് ആവശ്യമുണ്ടെങ്കിലും വിളിക്കാമെന്ന് മന്ത്രി അറിയിച്ചിരുന്നു" - എന്നും അദ്ദേഹം വ്യക്തമാക്കി.വിസ്‌മയയുടെ മരണത്തിൽ പ്രത്യേക അന്വേഷണ സംഘം നടത്തുന്ന അന്വേഷണം മികച്ച രീതിയിലാണ് മുന്നോട്ട് പോകുന്നതെന്ന് കുടുംബം പറഞ്ഞു. അന്വേഷണത്തിൽ പൂർണ തൃപ്തിയുണ്ട്. നല്ല രീതിയിലാണ് അന്വേഷണം പുരോഗമിക്കുന്നത്. അന്വേഷണവുമായി ബന്ധപ്പെട്ട് യാതൊരു പരാതിയുമില്ല. എൻ്റെ സർക്കാർ ഉള്ളിടത്തോളം എനിക്ക് നീതി ലഭിക്കുമെന്ന് പൂർണ വിശ്വാസമുണ്ടെന്നും ത്രിവിക്രമൻ നായർ പറഞ്ഞു. 





  വിസ്‌മയയ്ക്ക് നീതി ലഭിക്കുന്നതിൻ്റെ സൂചനയാണ് കിരൺ കുമാറിനെ സർവീസിൽ നിന്നും പുറത്താക്കിക്കൊണ്ടുള്ള സർക്കാർ നടപടിയെന്ന് കുടുംബം പറഞ്ഞു. കിരൺ കുമാറിനെ സർവീസിൽ നിന്നും പുറത്താക്കിയത് ചരിത്രപരമായ തീരുമാനമെന്ന് വിസ്‌മയയുടെ സഹോദരൻ വിജിത്ത് പറഞ്ഞു. നാളെ ഒരു പെൺകുട്ടിയോട് ഇങ്ങനെ പെരുമാറാതിരിക്കാൻ സർക്കാരിൻ്റെ ഈ നടപടി സഹായകമാകും. കുറ്റം ചെയ്തെങ്കിൽ ശിക്ഷ ഉറപ്പാക്കുമെന്ന് മന്ത്രി പറഞ്ഞിരുന്നു. അദ്ദേഹം നൽകിയ വാക്ക് പാലിച്ചു. ചരിത്രത്തിൽ ആദ്യമായാണ് ഇത്തരത്തിലൊരു നടപടിയെന്നും സഹോദരൻ മാധ്യമങ്ങളോട് വ്യക്തമാക്കി.

Find out more: