ബദൽചേരിയെ നയിക്കാനുള്ള ശേഷി കോൺഗ്രസിന് ഇല്ലായെന്നു ബിനോയ് വിശ്വം! സിപിഐ- കോൺഗ്രസ് സഖ്യത്തെക്കുറിച്ചുള്ള ചർച്ചകൾ പോലും ഇതിന് പിന്നാലെ വിവിധ കോണുകളിൽ നിന്ന് ഉയരുകയും ചെയ്തു. ഇപ്പോഴിതാ ദേശീയ തലത്തിൽ കോൺഗ്രസിനെ ഒഴിച്ച് നിർത്തിയുള്ള ബദലിന് പ്രസക്തിയില്ലെന്ന തൻറെ നിലപാടിൽ വ്യക്തത വരുത്തിയിരിക്കുകയാണ് സിപിഐ കേന്ദ്ര സെക്രട്ടറിയറ്റ് അംഗമായ ബിനോയ് വിശ്വം. രാജ്യത്ത് ബദൽചേരിയെ നയിക്കാനുള്ള ശേഷി ഇന്നത്തെ കോൺഗ്രസിന് ഇല്ലെന്നാണ് ബിനോയ് വിശ്വം പറയുന്നത്. മലയാള മനോരമയ്ക്ക് നൽകിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിൻറെ വാക്കുകൾ. കനയ്യ കുമാറുമായുള്ള ബന്ധത്തെക്കുറിച്ചും അദ്ദേഹം മനസ് തുറന്നു.





  കോൺഗ്രസ് തകർന്നാൽ ആ വിടവ് നികത്താൻ ഇടതുപക്ഷത്തിന് കഴിയില്ലെന്ന സിപിഐ നേതാവ് ബിനോയ് വിശ്വത്തിൻറെ പ്രസ്താവന സംസ്ഥാന രാഷ്ട്രീയത്തിൽ ഏറെ ചർച്ചയായിരുന്നു.  കോൺഗ്രസ് തകർന്ന് കാണാൻ ആഗ്രഹിക്കുന്ന ഒരു ഇടതുപക്ഷക്കാരനല്ല താനെന്നും മനോരമയ്ക്ക് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു. കോൺഗ്രസ് തകർന്നാലുള്ള ശൂന്യത നികത്താൻ ഇടതുപക്ഷത്തിനു കഴിയില്ല. അതിന് കഴിയുമായിരുന്നെങ്കിൽ നല്ല കാര്യമാണെന്നും എന്നാൽ നിലവിലെ സാഹചര്യത്തിൽ കോൺഗ്രസ് കൂടുതൽ ക്ഷയിച്ചാൽ ആ ഇടം കൂടി കവരുന്നത് ബിജെപിയാകുമെന്നും ബിനോയ് വിശ്വം ചൂണ്ടിക്കാട്ടുന്നു. കോൺഗ്രസിൻറെ നേതൃത്വത്തിൽ മാത്രമേ ബിജെപി വിരുദ്ധ മുന്നേറ്റം ഉണ്ടാകൂ എന്ന് താൻ ചിന്തിച്ചിട്ടില്ലെന്നാണ് ബിനോയ് വിശ്വം പറയുന്നത്.




  അതേസമയം ബിജെപിയ്ക്കെതിരായ പോരാട്ടത്തിൽ ഒരു പങ്ക് വഹിക്കാൻ കഴിയുന്നതും കഴിയേണ്ടതുമായ പാർട്ടിയാണ് കോൺഗ്രസെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു.  ബിജെപി വിരുദ്ധ ചേരിയിലെ പല പാർട്ടികളിൽ ഒന്നുമാത്രമാണ് കോൺഗ്രസ്. അതേസമയം മതനിരപേക്ഷത എന്ന ആശയത്തോട് പ്രതിപത്തി കാണിക്കുന്ന പാർട്ടിയാണ് കോൺഗ്രസെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. രാജ്യത്തിൻറെ മൂക്കിലും മൂലയിലും കോൺഗ്രസുണ്ടെന്നും അങ്ങനെയുള്ള പാർട്ടിക്ക് ബിജെപി വിരുദ്ധ സഖ്യത്തിൽ ഒരു പങ്ക് വഹിക്കാനുണ്ടെന്ന സത്യം എല്ലാവരും അംഗീകരിക്കണമെന്നും സിപിഐ നേതാവ് പറയുന്നു. ഇന്നത്തെ സാഹചര്യത്തിൽ ബദൽചേരിയെ നയിക്കാനുള്ള ശേഷി ഈ കോൺഗ്രസിന് ഇല്ലെന്നും ബിനോയ് വിശ്വം അഭിമുഖത്തിൽ പറഞ്ഞു. കോൺഗ്രസിൻറെ പഴയ പ്രതാപമെല്ലാം പോയി. 




 ഒരേസമയം രണ്ടു ശത്രുക്കൾക്കെതിരെ പോരാടരുതെന്ന് രണ്ടാം ലോകമഹായുദ്ധക്കാലം മുതൽ കമ്മ്യൂണിസ്റ്റുകാർ പഠിച്ച പാഠമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഏതു സമരത്തിലും ഒരു മുഖ്യശത്രു ഉണ്ടാകണം. ഞങ്ങളുടെ ദൃഷ്ടിയിൽ ആ മുഖ്യശത്രു ആർഎസ്എസിൻറെ ഫാസിസ്റ്റ് ആശയസംഹിതകളാൽ നയിക്കപ്പെടുന്ന ബിജെപിയാണെന്നും അദ്ദേഹം പറഞ്ഞു. ബിജെപി വിരുദ്ധ– കോൺഗ്രസ് വിരുദ്ധ രാഷ്ട്രീയം ഇന്ത്യൻ യാഥാർഥ്യങ്ങൾക്കു ചേർന്നതല്ലെന്നും ബിനോയ് വിശ്വം ചൂണ്ടിക്കാട്ടുന്നു. ബിജെപിയും കോൺഗ്രസും ഒരു പോലുള്ള രണ്ടു ശത്രുക്കളല്ല. രാജ്യത്ത് കോൺഗ്രസ് ഇല്ലാത്ത ഒരു ബദലിനെപ്പറ്റി ചിന്തിക്കാൻ സാധിക്കില്ലെന്നും ബിനോയ് വിശ്വം ചൂണ്ടിക്കാട്ടി. അതേസമയം കോൺഗ്രസിന് ആ ബദലിൽ മുഖ്യ പങ്ക് ഇല്ലെന്നും മുന്നണിയെ നയിക്കാൻ അവർക്ക് കഴിയില്ലെന്നും അദ്ദേഹം വിശദീകരിച്ചു.  

Find out more: