കൊച്ചി വാട്ടർ മെട്രോയെ കോപ്പിയടിച്ച് മുംബൈ; 29 ടെർമിനലുകളും 10 റൂട്ടുകളും! ഇന്ത്യയിലെ മഹാനഗരങ്ങളിൽ ഉൾപ്പെടെ വൈകാതെ വാട്ടർ മെട്രോ എത്തും. നഗരങ്ങളിലെ ഗതാഗത സംവിധാനം ശക്തമാക്കാൻ റെയിൽ - റോഡ് ഗതാഗതത്തിൽ വൻ മാറ്റങ്ങൾ കൊണ്ടുവരുത്തുന്നതിനൊപ്പം തന്നെ ജലഗതാഗത മാർഗമായ വാട്ടർ മെട്രോ സംവിധാനവും വ്യാപിക്കുകയാണ് ലക്ഷ്യം. രാജ്യത്തിൻ്റെ വിവിധ കോണുകളിലേക്ക് വ്യാപിക്കുകയാണ് കൊച്ചി വാട്ടർ മെട്രോയുടെ മാതൃക. രാജ്യത്തെ ആദ്യ വാട്ടർ മെട്രോ സംവിധാനമായ കൊച്ചി വാട്ടർ മെട്രോ വിവിധ സംസ്ഥാനങ്ങളിലേക്ക് എത്തുകയാണ്. ചുരുങ്ങിയ സമയത്തിനുള്ള പദ്ധതിയുമായി ബന്ധപ്പെട്ട വിശദമായ വിവരങ്ങൾ കൈമാറിയ കെഎംആർഎല്ലിന് മന്തി നിഥീഷ് റാണ അഭിനന്ദനം അറിയിച്ചു. റിപ്പോർട്ട് അംഗീകരിക്കുകയും പദ്ധതി മഹാരാഷ്ട്രയിൽ നടപ്പാക്കാൻ തീരുമാനിക്കുകയും ചെയ്തു. ഇതുസംബന്ധിച്ച് ബന്ധപ്പെട്ട വകുപ്പുകൾക്ക് നിർദേശം നൽകി. മുംബൈ വാട്ടർ മെട്രോയുടെ ഡിപിആർ തയാറാക്കാനുള്ള ചുമതല കെഎംആർ എല്ലിലേക്ക് വന്നുചേരുമെന്ന റിപ്പോർട്ടുകൾ മുൻപ് പുറത്തുവന്നിരുന്നു.
കേന്ദ്ര ഉൾനാടൻ ജലഗതാഗത അതോറിറ്റിയുടെ നിർദേശപ്രകാരം രാജ്യത്തെ 11 സംസ്ഥാനങ്ങളിലെയും കേന്ദ്ര പ്രദേശങ്ങളിലെയും 21 വ്യത്യസ്ത നഗരങ്ങളിൽ വാട്ടർ മെട്രോ ആരംഭിക്കുന്നതിനായുള്ള സാധ്യത പഠനം കെഎംആർഎൽ നടത്തുകയാണ്. ഈ പഠനവും അംഗീകരിക്കപ്പെടുകയും വിശദ പദ്ധതി റിപ്പോർട്ട് തയാറാക്കാനും പദ്ധതി നടത്തിപ്പിനുമുള്ള ചുമതല ലഭിക്കുകയും ചെയ്താൽ കെഎംആർഎല്ലിന് മുന്നിൽ വലിയ സാധ്യതകളാണ് തുറക്കുക. മെട്രോ റെയിൽ സംവിധാനത്തിൻ്റെ കാര്യത്തിൽ ഡിഎംആർസിക്ക് ഇന്ത്യയിലുള്ള അതേ ബ്രാൻഡ് വാല്യൂ ആണ് വാട്ടർ മെട്രോയുടെ കാര്യത്തിൽ രാജ്യത്ത് കെഎംആർഎല്ലിനുള്ളത്. ആദ്യമായാണ് ടെൻഡർ നടപടികളിൽ പങ്കെടുത്ത് മറ്റ് സംസ്ഥാനങ്ങളുമായി മത്സരിച്ച് കൺസൾട്ടൻസി സേവനം കെഎംആർഎൽ നേടിയെടുക്കുന്നത്.
പദ്ധതി നടത്തിപ്പിലെ അനുഭവസമ്പത്തും വൈദഗ്ധ്യവും മുതലാക്കി ആരംഭിച്ച കെഎംആർഎൽ കൺസൾട്ടൻസി വിഭാഗത്തിന് മുന്നിൽ വലിയ സാധ്യതകളാണ് ഉണ്ടാകുന്നത്. കൊച്ചി മെട്രോയ്ക്ക് ഇതുവഴി അധികവരുമാനവും ലഭിക്കും. കൊച്ചി മെട്രോയുടെ പദ്ധതി നിർവഹണത്തിൽ പങ്കാളികളായ വിദഗ്ധർ തന്നെയാണ് നിലവിൽ ഉത്തരവാദിത്തങ്ങൾ നിർവഹിക്കുന്നത്. ഏറെ തിരക്കുള്ള മുംബൈ മെട്രോപോളിറ്റൻ പ്രദേശങ്ങളെ മുഴുവൻ ഉൾപ്പെടുത്തി പദ്ധതി നടപ്പാക്കാനുള്ള സാധ്യത പഠന റിപ്പോർട്ടാണ് കെഎംആർഎൽ കൺസൾട്ടൻസി വിഭാഗം മഹാരാഷ്ട്ര തുറമുഖ - ഷിപ്പിങ് വകുപ്പ് മന്ത്രി നിഥീഷ് റാണയ്ക്ക് സമർപ്പിച്ചത്.
വയ് തർണ, വസായ്, മനോരി, താനേ, പനവേൽ, കാരഞ്ജ എന്നീ ജലാശയങ്ങളെ ബന്ധിപ്പിച്ചാണ് മുംബൈയിൽ വാട്ടർ മെട്രോ സംവിധാനം നടപ്പാക്കുക. 250 കിലോമീറ്റർ നീണ്ട ജലപാത ഉൾപ്പെടുത്തിയുള്ള പഠനമാണ് നടത്തിയത്. പദ്ധതിയുമായി ബന്ധപ്പെട്ട പഠനത്തിൽ 29 ടെർമിനലുകളും 10 റൂട്ടുകളും ഉൾപ്പെടുന്നുണ്ട്. കൊച്ചി വാട്ടർ മെട്രോയുടെ മാതൃക പഠിക്കാനും പദ്ധതി വ്യാപിക്കുന്നതിനുമായി വിവിധ സംസ്ഥാനങ്ങളിൽ നിന്ന് കൊച്ചിയിലെത്തി പഠനം നടത്തിയിരുന്നു. കെഎംആർഎൽ നേരിട്ട് വിവരങ്ങൾ കൈമാറുകയും പദ്ധതി വിശദാംശങ്ങൾ നൽകുകയും ചെയ്തു. ഏറ്റവുമൊടുവിലായി മുംബൈ നഗരത്തിലെ ഗതാഗതം ശക്തമാക്കുന്നതിന് സാധ്യത പഠന റിപ്പോർട്ട് മഹാരാഷ്ട്ര സർക്കാരിന് കെഎംആർഎൽ കൈമാറി.
Find out more: