ചൈന പിന്തുടരുന്നത് ഇസ്ലാമിക തത്വമെന്നു ഇമ്രാൻ ഖാൻ! ചൈന പിന്തുടരുന്നത് പ്രവാചകൻ മുഹമ്മദ് നബിയുടെ തത്വങ്ങളാണെന്നും ചൈന 70 കോടി ജനങ്ങളെ പട്ടിണിയിൽ നിന്ന് കരകയറ്റിയെന്നും ഇമ്രാൻ ഖാൻ പറഞ്ഞു. ഇസ്ലാമാബാദിൽ ഒരു റാലിയെ അഭിസംബോധന ചെയ്തുസംസാരിക്കുമ്പോഴായിരുന്നു ഇമ്രാൻ ഖാൻ്റെ വാക്കുകൾ. പാക് പ്രധാനമന്ത്രി സ്ഥാനത്തു നിന്നു പുറത്താക്കാനായി പ്രതിപക്ഷം നടത്തുന്ന അവിശ്വാസ പ്രമേയ നീക്കങ്ങൾക്കിടെ ചൈനയെ പുകഴ്ത്തി ഇമ്രാൻ ഖാൻ. കഴിഞ്ഞ 30 വർഷത്തിനിടെ 70 കോടി ജനങ്ങളെയാണ് ചൈന പട്ടിണിയിൽ നിന്ന് രക്ഷിച്ചതെന്ന് ഇമ്രാൻ ഖാൻ പറഞ്ഞു. "അവർ പിന്തുടരുന്നത് പ്രവചാകൻ്റെ തത്വങ്ങളാണ്. ലോകമെമ്പാടുമുള്ള ജനങ്ങൾക്കായി ദൈവിക കാരുണ്യമായാണ് പ്രവാചകൻ വന്നത്.
അള്ളാഹുവിൻ്റെ വഴിയെ നടക്കുന്നവർക്കെല്ലാം ഐശ്വര്യമുണ്ടാകും." ഇമ്രാൻ ഖാൻ പറഞ്ഞു. ഉയിഗുർ മുസ്ലീം വിഭാഗക്കാർക്കെതിരെ ചൈനീസ് ഭരണകൂടം നടത്തുന്ന അതിക്രമങ്ങൾക്കെതിരെ അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനകൾ പ്രചാരണം തുടരുന്നതിനിടെയാണ് ഇമ്രാൻ ഖാൻ്റെ പ്രശംസ എന്നതാണ് ശ്രദ്ധേയം. കൂടാതെ മേഖലയിലെ മുസ്ലീം വിഭാഗങ്ങൾക്കെതിരെ ചൈന ക്രൂരമായ നടപടികൾ തുടരുകയാണെന്നും വിമർശനമുണ്ട്. നാസി ഭരണകൂടം ജൂതന്മാർക്കെതിരെ നടത്തിയ അതിക്രമത്തിനു സമാനമാണ് ഉയിഗുർ മുസ്ലീങ്ങൾക്കെതിരെ ചൈന സ്വീകരിക്കുന്ന നയമെന്നാണ് യുഎസിൻ്റെ വിമർശനം. പടിഞ്ഞാറൻ ചൈനയിലെ ഷിൻജിയാങ് പ്രവിശ്യയിൽ 20 ലക്ഷത്തോളം ഉയിഗുർ മുസ്ലീങ്ങളെ ചൈന കരുതൽ തടങ്കലിലാക്കിയിരിക്കുകയാണെന്നാണ് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെൻ്റിൻ്റെ കണക്ക്.
ചൈന ഡെവലപ്മെൻ്റ് ബാങ്ക്, ബാങ്ക് ഓഫ് ചൈന, ഇൻഡസ്ട്രിയൽ ആൻ്റ് കൊമേഴ്സ്യൽ ബാങ്ക് ഓഫ് ചൈന തുടങ്ങിയ ചൈനീസ് ബാങ്കുകളുടെ കൺസോർഷ്യമായിരുന്നു ഉഭയകക്ഷി കരാറുകളുടെ ഭാഗമായി പാകിസ്ഥാന് ലോൺ നൽകിയത്. ചൈന - പാകിസ്താൻ സാമ്പത്തിക ഇടനാഴി അടക്കമുള്ള സുപ്രധാന പദ്ധതികൾക്കായാണ് ചൈന പാകിസ്ഥാന് വായ്പ അനുവദിച്ചത്. സാമ്പത്തിക പ്രതിസന്ധിയിലായ പാകിസ്ഥാന് വായ്പ അനുവദിക്കാൻ വിദേശ ഏജൻസികൾ മടിക്കുന്ന സാഹചര്യത്തിൽ ചൈന ഉയർന്ന പലിശ നിരക്കുള്ള വായ്പകളുമായി പാകിസ്ഥാനെ കുടുക്കുകയാണെന്ന് വിമർശനമുണ്ട്.
ഇതിനിടെ ചൈനീസ് വിദേശകാര്യ മന്ത്രി വാങ് ഷി കഴിഞ്ഞ ദിവസം നടന്ന ഓർഗനൈസേഷൻ ഓഫ് ഇസ്ലാമിക് കോപ്പറേഷൻ യോഗത്തിൽ പങ്കെടുത്തിരുന്നു. സാമ്പത്തിക പ്രതിസന്ധി രൂക്ഷമാകുന്നതിനിടെ ചൈനയിൽ നിന്ന് കൂടുതൽ സാമ്പത്തിക സഹായം ആവശ്യപ്പെട്ടിരിക്കുകയാണ് പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. നിലവിലുള്ള വായ്പകൾ തിരിച്ചടയ്ക്കാനാണ് ഇമ്രാൻ ഖാൻ ചൈനീസ് വായ്പ ആവശ്യപ്പെട്ടിട്ടുള്ളത് എന്നാണ് റിപ്പോർട്ടുകൾ. മൂന്ന് വർഷം മുൻപ് 15 ബില്യൺ ചൈനീസ് യുവാനായിരുന്നു പാകിസ്ഥാൻ മുൻപ് കടമെടുത്തത്.
Find out more: