സോഷ്യൽ മീഡിയ പേജുകൾ ഡിആക്ടിവേറ്റ് ചെയ്തു, ഒരു വർഷത്തിലേറെയായി അഭിമുഖങ്ങളിലോ പൊതുപരിപാടികളിലോ പ്രത്യക്ഷപ്പെട്ടില്ല: ഫഹദ് ഫാസിലിന്റെ മാറ്റത്തിന് കാരണം എന്ത്? സംവിധായകൻ ഫാസിലിന്റെ നാല് മക്കളും മരുമക്കളും കൊച്ചുമക്കളും എല്ലാം അടങ്ങുന്ന ഒരു ഫോട്ടോ. ആ ഫോട്ടോയിൽ ആരാധകർ എല്ലാം ആദ്യം ശ്രദ്ധിച്ചത് ഫഹദ് ഫാസിലിനെയാണ്. ചിത്രത്തിന്റെ ഒരോരത്തായി തന്റെ സ്വതസിദ്ധമായ ആ നോട്ടത്തോടെ, നിറഞ്ഞ ചിരിയോടെ ഫഹദ് ഫാസിൽ ഇരിക്കുന്നു. 'അവസാനം ഫഹദിനെ ഒന്ന് കാണാൻ പറ്റി' എന്നു പറഞ്ഞുകൊണ്ടാണ് പലരും ചിത്രത്തിന് താഴെ കമന്റിട്ടത്. ഇന്നലെ വൈകുന്നേരമാണ് നസ്‌റിയ നസീം തന്റെ സോഷ്യൽ മീഡിയ പേജിൽ ഒരു കുടുംബ ചിത്രം പങ്കുവച്ചത്.ഇൻസ്റ്റഗ്രാം പേജ് ഫഹദ് പൂർണമായും ഒഴിവാക്കി, ഡി ആക്ടിവേറ്റ് ചെയ്തു. ഫേസ്ബുക്ക് പേജ് ഡിആക്ടിവേറ്റ് ചെയ്തിട്ടില്ല, അവിടെ പോസ്റ്റുകൾ പങ്കുവയ്ക്കാറുണ്ട്.
അതും അപൂർവ്വമായി. തന്റെ മുഖം വ്യക്തമാകുന്ന ഒരു ഫോട്ടോ പോലും കഴിഞ്ഞ കുറച്ച് കാലങ്ങളായി ഫഹദ് ഫേസ്ബുക്കിലും പങ്കുവച്ചിട്ടില്ല എന്നത് ശ്രദ്ധേയമാണ്. വിവാഹ വാർഷികത്തിന് പങ്കുവച്ച ഫോട്ടോ പോലും, നസ്‌റിയയ്‌ക്കൊപ്പം പുറം തിരിഞ്ഞു നിൽക്കുന്നതാണ്. ശരിയാണ്, കഴിഞ്ഞ ഒരു വർഷത്തോളമായി ഫഹദ് ഫാസിലിനെ എവിടെയും കാണാനില്ല. സിനിമ പ്രമോഷന്റെ ഭാഗമായി സ്ഥിരം അഭിമുഖങ്ങൾ നൽകുന്ന നടൻ, കഴിഞ്ഞ ഒരു വർഷത്തോളമായി അങ്ങനെ യാതൊരു അഭിമുഖങ്ങളും നൽകിയതായി കണ്ടില്ല. വിവാഹം, അവാർഡ് നിശ പോലുള്ള ഒരു പൊതു പരിപാടികളിലും ഫഹദ് തന്റെ സാന്നിധ്യം അറിയിച്ചില്ല. അതൊക്കെ പോട്ടെ എന്ന് കരുതിയാലും, സോഷ്യൽ മീഡിയിയൽ ആക്ടീവ് ആയിരുന്ന ഫഹദ് അവിടെ നിന്നും എന്തിന് പോയി എന്ന ചോദ്യം ബാക്കിയാണ്.
ഫഹദിന്റെ താത്പര്യക്കുറവ് അറിഞ്ഞതുകൊണ്ടാണോ എന്തോ, ഭർത്താവിനൊപ്പമുള്ള ഫോട്ടോകൾ നിരന്തരം പങ്കുവയ്ക്കുന്ന നസ്‌റിയയും ബേർത്ത് ഡേയ്ക്കും, വെഡ്ഡിങ് ആനിവേഴ്‌സറിക്കും മാത്രമാണ് ഫഹദിനൊപ്പമുള്ള ചിത്രങ്ങൾ പങ്കുവച്ചത്. പെട്ടന്നിങ്ങനെ മാറാൻ മാത്രം എന്തു സംഭവിച്ചു എന്നാണ് ആരാധകരുടെ ചോദ്യം. വളരെ സജീവമായി ആളുകളുമായി സംവദിച്ചുകൊണ്ടിരുന്ന ഒരു താരത്തിന്റെ പെട്ടന്നുള്ള ഉൾവലിവ് നസ്‌റിയ പുതിയ കുടുംബ ചിത്രം പങ്കുവച്ച സാഹചര്യത്തിലാണ് പലരുടെയും ശ്രദ്ധയിൽ പെടുന്നത്. മുൻപൊരിക്കൽ ഒരു അഭിമുഖത്തിൽ, എന്തുകൊണ്ടാണ് അഭിമുഖങ്ങൾ അധികം നൽകാത്തത് എന്ന് ഫഹദ് ഫാസിലനോട് ചോദിച്ചിരുന്നു. എന്തെങ്കിലും പറയാനുണ്ടെങ്കിലല്ലേ വരേണ്ടതുള്ളൂ എന്നായിരുന്നു അപ്പോൾ ഫഹദിന്റെ പ്രതികരണം.
മാത്രമല്ല, ഞാൻ പറഞ്ഞതും പറയാത്തതുമായ കാര്യങ്ങൾ ഇഷ്ടമുള്ളത് പോലെ തിരുത്തി കൊടുക്കുമ്പോൾ എന്തിനാണ് അഭിമുഖങ്ങൾ നൽകുന്നതെന്നും ഫഹദ് ചോദിച്ചിരുന്നു. ഇതാണോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ നിന്നടക്കം എല്ലായിടത്തു നിന്നും മാറി നിൽക്കാനുള്ള കാരണം എന്ന സന്ദേഹം ആരാധകർക്കുണ്ട്. അതല്ല എങ്കിൽ അജിത്തിനെ പോലെ സിനിമ എന്റെ തൊഴിലാണ്, മറ്റു തൊഴിൽ പോലെ ഞാൻ എന്റെ തൊഴിൽ ചെയ്യുന്നു പോകുന്ന എന്ന ലൈൻ ഫഹദും സ്വീകരിച്ചോ എന്നാണ് മറ്റു ചിലരുടെ ചോദ്യം ഫഹദിന്റെ സമീപകാല സിനിമകൾ എടുത്തു നോക്കിയിൽ അവിടെയും വലിയ പരാജയങ്ങളൊന്നും സംഭവിച്ചിട്ടില്ല. മാമണ്ണൻ എന്ന തമിഴ് സിനിമയിലെ രത്‌നവേലു എന്ന കഥാപാത്രം ഏറെ ശ്രദ്ധ നേടിയിരുന്നു.
പുഷ്പ എന്ന ചിത്രത്തിലെ വില്ലൻ വേഷത്തിലൂടെ തെലുങ്ക് സിനിമയെയും വിറപ്പിച്ചു. വിക്രം എന്ന തമിഴ് ചിത്രവും സൂപ്പർ ഹിറ്റായി. എന്നാൽ മലയാളത്തിലേക്ക് വന്നാൽ മലയൻ കുഞ്ഞ്, പാച്ചുവും അത്ഭുത വിളക്കും പോലുള്ള സിനിമകളൊന്നും പ്രതീക്ഷിച്ച വിജയത്തിൽ എത്തിയിരുന്നില്ല. നിലവിൽ ഇപ്പോൾ ഫഹദ് ഫാസിലിന്റെ പുഷ്പ 2 ആണ് പ്രേക്ഷകർ ആവേശത്തോടെ കാത്തിരിയ്ക്കുന്ന സിനിമ. സ്‌റ്റൈൽ മനന്നൻ രജിനികാന്തിനൊപ്പം പുതിയ ഒരു സിനിമ പ്രഖ്യാപിച്ചിട്ടുണ്ട്. ആവേശം, പാട്ട്, ഹനുമാൻ ദ ഗ്രേറ്റ് എന്നിവയാണ് ഫഹദിന്റേതായി പ്രഖ്യാപിച്ച മൂന്ന് മലയാള സിനിമകൾ.
Find out more: