2024 മുന്നിൽ കണ്ട് പദ്ധതി; അമിത് ഷായുടെ വരവിന് പിന്നാലെ ഉണർന്ന് ബിജെപി! ന്യൂനപക്ഷങ്ങളെ ഒപ്പം നിർത്തി ഒരു സുപ്രധാന മണ്ഡലത്തിൽ വിജയം ഉറപ്പാക്കാനാണ് ബിജെപി ശ്രമിക്കുന്നത്. മാസങ്ങൾക്കു മുൻപു തന്നെ ഇതിനുള്ള ശ്രമങ്ങൾ ആരംഭിച്ചെങ്കിലും കഴിഞ്ഞ ദിവസം അമിത് ഷാ കേരളത്തിലെത്തിയ സാഹചര്യത്തിൽ പുതിയ ഉണർവിലാണ് പാർട്ടി നേതൃത്വം. ന്യൂനപക്ഷങ്ങളെ ഒപ്പം നിർത്തി പരമാവധി വോട്ട് സമാഹരിക്കാനും കുറഞ്ഞ മാർജിനിൽ തോറ്റ പല മണ്ഡലങ്ങളിലും നേരിയ ഭൂരിപക്ഷത്തിൽ വിജയിക്കാനുമാണ് പാർട്ടിയുടെ പദ്ധതി. വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് കേരളത്തിൽ അക്കൗണ്ട് തുറക്കാനും പരമാവധി വോട്ട് സമാഹരിക്കാനുമായി പദ്ധതിയുമായി ബിജെപി. അടുത്ത തെരഞ്ഞെടുപ്പിൽ ലോക്സഭയിൽ അംഗബലം 300ന് മുകളിലെത്തിക്കുക എന്നതാണ് ബിജെപിയുടെ ലക്ഷ്യം. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ നേരിയ ഭൂരിപക്ഷത്തിനു തോറ്റ 144 മണ്ഡലങ്ങൾ പിടിച്ചെടുക്കുക എന്ന ലക്ഷ്യം പാർട്ടിയ്ക്കുണ്ട്.
എന്നാൽ ഈ മണ്ഡലങ്ങളിൽ കേരളത്തിലെ ഒന്നു പോലുമില്ല. ഈ സാഹചര്യത്തിൽ കേരളത്തിനു വേണ്ടി മറ്റൊരു പദ്ധതിയാണ് ബിജെപി തയ്യാറാക്കുന്നത്. തെക്കൻ കേരളത്തിലെ സുപ്രധാന മണ്ഡലമായ തിരുവനന്തപുരവും ഇതിനു പുറമെ കന്യാകുമാരി മണ്ഡലവും പിടിക്കാനായി ക്രിസ്ത്യൻ വോട്ട് ബാങ്ക് സഹായിക്കുമെന്നാണ് ബിജെപിയുടെ പ്രതീക്ഷ. തിരുവനന്തത്തെ വിജയം കേരളത്തിൽ വേരൂന്നാൻ സഹായിക്കുമെന്നും ബിജെപി കരുതുന്നു. ലോക്സഭാ തെരഞ്ഞെുപ്പിനു മുന്നോടിയായി പാർട്ടിയെ നവീകരിക്കാൻ കഴിഞ്ഞ ദിവസം ബിജെപി ഉന്നതതല യോഗം ചേർന്നിരുന്നു. ബിജെപി അനുകൂല വോട്ടുകൾക്ക് പിന്നാലെ പലയിടത്തും ക്രിസ്ത്യൻ സഭകളിൽ നിന്ന് ലഭിച്ച പിന്തുണ ഗുണം ചെയ്തു. ഈ തന്ത്രം കേരളത്തിലും ഗുണം ചെയ്യുമെന്നാണ് പാർട്ടിയുടെ ആത്മവിശ്വാസം. ഏതാനും മാസം മുൻപു തന്നെ സംസ്ഥാനത്തെ ചില ക്രിസ്ത്യൻ മതനേതാക്കളുമായി ബിജെപി നേതാക്കൾ കൂടിക്കാഴ്ച നടത്തിയിരുന്നു.
ചർച്ച ചെയ്ത വിഷയങ്ങൾ എന്തെല്ലാമെന്ന് വ്യക്തതയില്ലെങ്കിലും ന്യൂനപക്ഷ വോട്ടുകൾ സമാഹരിക്കുക എന്നത് ബിജെപിയുടെ പ്രഖ്യാപിത ലക്ഷ്യമാണ്. കേരളത്തിലും കരുനീക്കങ്ങൾ ശക്തമാണെങ്കിലും ഇതുവരെ ഇത് ലോക്സഭാ സീറ്റിലെ വിജയം എന്ന ലക്ഷ്യത്തിലേയ്ക്ക് എത്തിയിട്ടില്ല. ബിജെപിയ്ക്ക് ചരിത്രപരമായി വേരോട്ടമില്ലാത്ത വടക്കുകിഴക്കൻ സംസ്ഥാനങ്ങളെ കൈപ്പിടിയിലാക്കാൻ പാർട്ടിയെ സഹായിച്ചത് ക്രിസ്ത്യൻ വിഭാഗങ്ങലുമായി സ്ഥാപിച്ച അടുപ്പമായിരുന്നു.2019 ലോക്സഭാ തെരഞ്ഞെടുപ്പിൽ 31 ശതമാനം വോട്ടുകളുമായി ബിജെപി സ്ഥാനാർഥി കുമ്മനം രാജശേഖരൻ രണ്ടാം സ്ഥാനത്ത് എത്തിയിരുന്നു. 2014ലും ബിജെപി സ്ഥാനാർഥി ഒ രാജഗോപാൽ രണ്ടാം സ്ഥാനത്ത് എത്തിയ മണ്ഡലമാണിത്.
അന്ന് കഴക്കൂട്ടം, വട്ടിയൂർക്കാവ്, നേമം, തിരുവനന്തപുരം നിയമസഭാ മണ്ഡലപരിധികളിൽ ബിജെപി സ്ഥാനാർഥിയായിരുന്നു ഒന്നാം സ്ഥാനത്തും എത്തിയത്. രണ്ട് വട്ടം അവസരം ലഭിച്ച ശശി തരൂരിനെ നാലാമതും മണ്ഡലത്തിൽ നിന്ന് കോൺഗ്രസ് പരിഗണിക്കുമോ എന്നത് വ്യക്തതയില്ല. 20 ശതമാനത്തോളം ക്രിസ്ത്യൻ ജനസംഖ്യയുള്ള മണ്ഡലത്തിൽ ആ വിഭാഗത്തിൽ നിന്ന് ചെറിയൊരു ശതമാനം വോട്ട് ലഭിച്ചാൽ പോലും തെരഞ്ഞെടുപ്പ് ഫലം തിരിച്ചാകാൻ സാധ്യതയുണ്ടെന്നാണ് ബിജെപി പ്രതീക്ഷിക്കുന്നത്. 41 ശതമാനത്തോളം വോട്ടുകളുമായി വിജയിച്ച കോൺഗ്രസ് നേതാവ് ശശി തരൂരാണ് നിലവിൽ തിരുവനന്തപുരം എംപി. ഇത് മൂന്നാം വട്ടമാണ് തരൂർ തിരുവനന്തപുരത്തു നിന്ന് വിജയിക്കുന്നത്.
Find out more: