ജൂലൈയ്ക്കു മുൻപ് 25 കോടി ഇന്ത്യക്കാർക്ക് കൊവിഡ് വാക്സിൻ. 2021 ജൂലൈയോടു കൂടി 25 കോടി ഇന്ത്യക്കാർക്ക് കൊവിഡ് പ്രതിരോധ വാക്സിൻ നൽകുമെന്നാണ് 'സൺഡേ സംവാദ്' പരിപാടിയിൽ ആരോഗ്യമന്ത്രി വ്യക്തമാക്കിയത്. പക്ഷപാതമില്ലാതെ വാക്സിൻ വിതരണം ചെയ്യുമെന്നും മന്ത്രി വ്യക്തമാക്കി. ഇന്ത്യയിൽ ഉൾപ്പെടെ കൊവിഡ് 19 പ്രതിരോധ വാക്സിൻ്റെ ക്ലിനിക്കൽ പരീക്ഷണം അന്തിമഘട്ടത്തിലെത്തി നിൽക്കുമ്പോൾ വാക്സിൻ വിതരണം സംബന്ധിച്ച് സുപ്രധാന പ്രഖ്യാപനമാണ് കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹർഷ് വർധൻ ഞായറാഴ്ച നടത്തിയത്. പല കൊവിഡ് 19 പ്രതിരോധ വാക്സിനുകളുടെയും ക്ലിനിക്കൽ പരീക്ഷണങ്ങൾ അന്തിമഘട്ടത്തിലെത്തിയ സാഹചര്യത്തിലായിരുന്നു കേന്ദ്ര ആരോഗ്യമന്ത്രിയുടെ പ്രഖ്യാപനം. "ഇന്ത്യയിലെ വാക്സിൻ നിർമാതാക്കൾക്ക് സർക്കാർ പൂർണപിന്തുണ പ്രഖ്യാപിക്കുന്നു.



  വാക്സിൻ പക്ഷപാതമില്ലാതെ സുതാര്യമായി വിതരണം ചെയ്യാലുള്ള എല്ലാ മാർഗങ്ങളും സ്വീകരിക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണ്." മന്ത്രി വ്യക്തമാക്കി. 25 കോടി ജനങ്ങൾക്ക് വാക്സിൻ വിതരണം ചെയ്യാനായി സർക്കാരിന് 40 കോടി മുതൽ 50 കോടി വരെ ഡോസ് വരെ വാക്സിൻ ലഭിക്കുമെന്നാണ് കേന്ദ്രമന്ത്രി അറിയിച്ചത്. വാക്സിൻ മുൻഗണനാക്രമമനുസരിച്ച് ഏറ്റവുമാദ്യം വിതരണം ചെയ്യേണ്ട വിഭാഗങ്ങളെ കണ്ടെത്തി പട്ടിക അയയ്ക്കാൻ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണപ്രദേശങ്ങൾക്കും നിർദേശം നൽകിയതായി ആരോഗ്യമന്ത്രി വ്യക്തമാക്കി. "വാക്സിൻ വാങ്ങുന്നത് കേന്ദ്രീകൃതമായിട്ടായിരിക്കും. ഓരോ കൺസൈൻമെൻ്റും എത്തുന്നത് തത്സമയ നിരീക്ഷിക്കും. മുൻനിര ആരോഗ്യപ്രവർത്തകർക്കായിരിക്കും ഏറ്റവുമാദ്യം വാക്സിൻ ലഭ്യമാക്കുക." മന്ത്രി പരിപാടിയിൽ പറഞ്ഞു.


130 കോടിയിലധികം ജനസംഖ്യയുള്ള രാജ്യത്തെ 25 കോടി ജനങ്ങൾക്ക് ആദ്യഘട്ടത്തിൽ വാക്സിൻ ലഭ്യമാക്കുമെന്നാണ് ആരോഗ്യമന്ത്രിയുടെ പ്രഖ്യാപനം. ലോകത്തു തന്നെ ഗവേഷണത്തിൽ ഏറ്റവും മുന്നിലുള്ള ഓക്സ്ഫഡ് ആസ്ട്രസെനക്ക വാക്സിൻ ഉൾപ്പെടെ മൂന്ന് വാക്സിനുകളുടെ ക്ലിനിക്കൽ പരീക്ഷണം രാജ്യത്ത് മുന്നേറുന്നുണ്ട്. കൊവിഷീൽഡ് എന്ന പേരിൽ രാജ്യത്തെ വിപണിയിലിറക്കുന്ന വാക്സിൻ പൂനെയിലെ സിറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ വൻതോതിൽ ഉത്പാദനം ആരംഭിച്ചിട്ടുണ്ട്. വാക്സിൻ്റെ 2,3 ഘട്ട ക്ലിനിക്കൽ പരീക്ഷണങ്ങളാണ് നടക്കുന്നത്.



ആരോഗ്യപ്രവർത്തകർക്കാണ് ഏറ്റവുമാദ്യം വാക്സിൻ ലഭ്യമാക്കുക എന്നാണ് കേന്ദ്രമന്ത്രി വ്യക്തമാക്കിയത്. രാജ്യത്തെ സർക്കാർ , സ്വകാര്യ ആശുപത്രികളിലെ ആരോഗ്യപ്രവർത്തകർക്ക് ഒക്ടോബർ മാസം അവസാനത്തോടെ വാക്സിൻ ലഭ്യമാക്കും. ഈ വാക്സിൻ്റെ 10 കോടി ഡോസാണ് യുകെ സർക്കാർ ഓർഡർ ചെയ്തിരിക്കുന്നത്. ആറ് മാസത്തിനകം രാജ്യത്തെ മുഴുവൻ ജനങ്ങൾക്കും പ്രതിരോധ കുത്തിവെയ്പ്പ് നൽകാനാണ് യുകെ സർക്കാർ പദ്ധതിയിടുന്നതെന്നാണ് ബന്ധപ്പെട്ട സർക്കാർ വൃത്തങ്ങളെ ഉദ്ധരിച്ചുള്ള റിപ്പോർട്ട്.  

Find out more: