ഷാങ്ഹായ് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ മികച്ച നടിയായി തിരഞ്ഞെടുക്കപ്പെട്ട താരം; മീനാക്ഷിയെ പ്രശംസിച്ച് മഞ്ജു വാര്യർ! ഏഷ്യൻ ന്യൂ ടാലന്റ് വിഭാഗത്തിലാണ് ശിവരഞ്ജിനി സംവിധാനം ചെയ്ത വിക്ടോറിയ എന്ന ചിത്രത്തിലെ അഭിനയത്തിന് മീനാക്ഷിയ്ക്ക് പുരസ്കാരം ലഭിച്ചത്. മഞ്ജു വാര്യർ നടിയെ പ്രശംസിച്ച് സോഷ്യൽ മീഡിയയിൽ ഇൻസ്റ്റഗ്രാം സ്റ്റോറി പങ്കുവച്ചു. സന്തോഷം കൊണ്ടും അഭിമാനം കൊണ്ടും കരഞ്ഞുകൊണ്ടാണ് മീനാക്ഷി സംസാരിച്ചത്. ചൈനീസ് ഭാഷയിൽ പുരസ്കാരത്തിനായി തിരഞ്ഞെടുത്തതിന് നന്ദി അറിയിച്ച മീനാക്ഷി, തന്റെ ചൈനീസ് ഭാഷ എങ്ങനെയുണ്ട് എന്നും ചോദിയ്ക്കുന്നുണ്ട്. ഈ സിനിമയ്ക്ക് വേണ്ടി എന്നെ തിരഞ്ഞെടുക്കുകയും ധൈര്യത്തോടെ കഥാപാത്രം തന്നെ ഏൽപിക്കുകയും ചെയ്ത ശിവരഞ്ജിനിയോട് തന്നെയാണ് മീനാക്ഷി നന്ദി പറയുന്നത്.മലയാളികൾക്കും മലയാള സിനിമയ്ക്കും മറ്റൊരു അഭിമാന നേട്ടം കൂടെ.




 27-ാമത് ഷാങ്ഹായ് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ, മികച്ച നടിയായി തെരഞ്ഞെടുക്കപ്പെട്ടത് മലയാളി താരം മീനാക്ഷി ജയൻ . ഡബ്ബിങ് ആർട്ടിസ്റ്റായി കരിയർ ആരംഭിച്ചതാണ് മീനാക്ഷി ജയൻ. 2016 ൽ പുറത്തിറങ്ങിയ ആനന്ദം എന്ന ചിത്രത്തിൽ നായിക സിദ്ധി മഹാജൻകട്ടിയ്ക്ക് ശബ്ദം നൽകിക്കൊണ്ടായിരുന്നു തുടക്കം. അന്ന് കമ്പ്യൂട്ടർ സയൻസ് എൻജിനീയറിങ് പഠിക്കുകയായിരുന്നു മീനാക്ഷി. ബിരുദം പൂർത്തിയാക്കിയ ശേഷം, മീനാക്ഷി അസിസ്റ്റന്റ് ഡയറക്ടറായി സിനിമയിലേക്ക് കടന്നു. അതിനൊപ്പം തന്നെ സ്വതന്ത്ര ഹ്രസ്വചിത്രങ്ങളിലും വെബ് സീരീസുകളിലും അഭിനയിക്കുകയും ചെയ്യുന്നുണ്ടായിരുന്നു.




ത്രിശങ്ക് എന്ന സിനിമയിലൂടെയാണ് മീനാക്ഷി ഒരു ഫീച്ചർ ഫിലിമിൽ ആദ്യമായി അഭിനയിക്കുന്നത്. പിന്നീട് WCD, MYOP എന്നിവയുടെ പരസ്യങ്ങളിലും മീനാക്ഷി അഭിനയിച്ചു.ഒരു പൂവൻ കോഴിയും ആറ് സ്ത്രീ കഥാപാത്രങ്ങളും മാത്രമുള്ള ഒരു കുഞ്ഞു മലയാളം സിനിമയാണ് വിക്ടോറിയ. ബ്യൂട്ടിപാർലറിൽ ജോലി ചെയ്യുന്ന വിക്ടോറിയ എന്ന പെൺകുട്ടിയിലൂടെയാണ് കഥ പറഞ്ഞു പോകുന്നത്. ഈ വർഷത്തെ ഷാങ്ഹായ് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ ഇന്ത്യയിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട ഒരേ ഒരു സിനിമയാണ് കേരള സ്റ്റേറ്റ് ഫിലിം ഡെവലപ്മെന്റ് കോർപറേഷന്റെ കീഴിലിലുള്ള വിമൺ എംപവർമെന്റ് ഗ്രാന്റ് നിർമിച്ച വിക്ടോറിയ എന്ന ചിത്രം. 




കഴിഞ്ഞ ഐഎഫ്എഫ്കെയിൽ മികച്ച നവാഗത സംവിധായികയ്ക്കുള്ള പുരസ്കാരം സ്വന്തമാക്കിയത് ഈ ചിത്രത്തിലൂടെ സംവിധാന ലോകത്തേക്ക് കടന്ന ശിവരഞ്ജിനിയാണ്.ഇമോഷൻ അടക്കി നിർത്താൻ കഴിയാതെ സംസാരിച്ചു തുടങ്ങിയ താരം പിന്നീട്, ഓകെ, ഇനി ഞാൻ നന്നായി സംസാരിക്കാൻ പോകുന്നു എന്ന് പറഞ്ഞുകൊണ്ട് മീനാക്ഷി പറഞ്ഞു, ഈ പരസ്കാരം മിണ്ടാതിരിക്കാൻ നിർദ്ദേശിക്കപ്പെട്ട സ്ത്രീകൾക്ക് വേണ്ടിയുള്ളതാണ്. ഇതൊക്കെ കുറച്ച് കൂടുതലാണ്, നിങ്ങളെക്കൊണ്ട് പറ്റില്ല, മിണ്ടാതിരിക്കൂ എന്ന് കേട്ടവർക്ക്. നമ്മൾ അത് പൂർത്തിയാക്കി, ഇനി മിണ്ടാതിരിക്കാൻ പോകുന്നില്ല, കുറച്ച് കൂടുതലാവാൻ പോകുകയാണ് - എന്ന്.

Find out more: