സംഗീതത്തിൽ അലിഞ്ഞു ആദിപുരുഷ്! ബാഹുബലിയിലൂടെ താരമൂല്യം കുതിച്ചുയർന്ന പ്രഭാസിനെ നായകനാക്കി 'താനാജി' സംവിധായകൻ ഓം റാവുത് ഒരുക്കുന്ന ബ്രഹ്മാണ്ഡ ചിത്രം എന്നതായിരുന്നു ആദിപുരുഷിൻ്റെ ആദ്യ ആകർഷണം. ചിത്രം വാൽമീകി രാമായണത്തെ ആധാരമാക്കിയതാണെന്ന് അറിഞ്ഞപ്പോൾ ആശങ്കകൾ ഉടലെടുത്തെങ്കിലും, താനാജി കണ്ടവർ സംവിധായകനിൽ വിശ്വസിച്ചു. പക്ഷേ, പ്രതീക്ഷകളെ തച്ചുടയ്ച്ചുകൊണ്ടാണ് ചിത്രത്തിൻ്റെ ടീസർ എത്തിയത്. പ്രഖ്യാപനം മുതൽ വാർത്തകളിലും, ടീസർ റിലീസായ ശേഷം ട്രോളുകളിലും ഒരുപോലെ നിറഞ്ഞുനിന്ന സിനിമയാണ് ആദിപുരുഷ്. 'കയ്ച്ചിട്ട് ഇറക്കാനും വയ്യ, മധുരിച്ചിട്ട് തുപ്പാനും വയ്യെ'ന്ന അവസ്ഥയിലാണ് സാധാരണ പ്രേക്ഷകർ ചിത്രത്തെ വരവേൽക്കുന്നത്. കാരണം വിഎഫ്എക്സിലെ പ്രശ്നങ്ങൾ പരിഹരിച്ചെന്ന് അവകാശപ്പെടുന്നുണ്ടെങ്കിലും പിന്നീടെത്തിയ ട്രെയിലറുകൾക്കും പ്രേക്ഷകരുടെ ആശങ്ക അകറ്റാനായിട്ടില്ല.
ഒരു വിഭാഗം പ്രേക്ഷകർ പരിഹസിക്കുകയും തള്ളിക്കളയുകയും ചെയ്യുന്നുണ്ടെങ്കിലും ചിത്രത്തെ ഉത്സാഹത്തോടെ വരവേൽക്കുന്നവരും കുറവല്ല. പ്രഭാസിനൊപ്പം കൃതി സനോൻ, സെയ്ഫ് അലി ഖാൻ, സണ്ണി സിംഗ്, ദേവ്ദത്ത നാഗേ തുടങ്ങിയവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തിയത്.പിന്നീട് ഇതുവരെയുള്ള 'ആദിപുരുഷി'ൻ്റെ യാത്രയേക്കുറിച്ച് കൂടുതൽ പറയേണ്ടതില്ലല്ലോ! നീണ്ട കാത്തിരിപ്പുകൾക്കൊടുവിൽ ചിത്രം പാൻ ഇന്ത്യൻ റിലീസ് ചെയ്തിരിക്കുകയാണ്. രാവണന് ബ്രഹ്മാവ് വരദാനം കൊടുക്കുന്ന രംഗത്തിന് ശേഷം ശ്രീരാമൻ്റെ വനവാസ കാലത്തേക്കാണ് ചിത്രം നീങ്ങുന്നത്. രാവണൻ സീതയെ കടത്തിക്കൊണ്ട് പോകുന്നതും, രാമൻ വാനരസേനയെ ഒപ്പം കൂട്ടി ലങ്കയിലെത്തി രാവണനെ നിഗ്രഹിക്കുന്നതുമായ ഭാഗമാണ് ചിത്രത്തിൽ ആവിഷ്കരിച്ചിട്ടുള്ളത്. നമുക്ക് പരിചയമുള്ള രാമയണത്തെ തൽക്കാലം മറന്നുകൊണ്ട് വേണം ചിത്രം കാണാൻ, അല്ലെങ്കിൽ ഉറപ്പായും തീയേറ്ററിൽ നിന്നും ഇറങ്ങിപ്പോകാനുള്ള തോന്നൽ ഉണ്ടായേക്കാം!
രാമായണത്തിൻ്റെ വ്യക്തമായ വ്യാഖ്യാനങ്ങൾ അപഗ്രഥിച്ചാണ് ചിത്രം ഒരുക്കിയതെന്ന് സംവിധായകൻ അവകാശപ്പെടുന്നുണ്ട്. ചിത്രത്തിനായി എടുത്ത ഓരോ തീരുമാനങ്ങളേയും ന്യായീകരിക്കാനും അദ്ദേഹം ശ്രമിച്ചിരുന്നു.
പക്ഷേ, പ്രേക്ഷകരിൽ ഉടലെടുക്കുന്ന സംശയങ്ങൾക്ക് സിനിമയിലോ അതിന് വെളിയിലോ കൃത്യമായ മറുപടി നൽകാൻ അദ്ദേഹത്തിന് കഴിഞ്ഞിട്ടില്ല. മീശയും താടിയും ഒതുക്കിയ ലക്ഷ്മണനേയും, വനവാസകാലത്തും താടി വളരാത്ത രാമനേയും, ജെൽ തേച്ച് മിനുക്കിയ മുടിയുള്ള രാവണനേയും-കൂട്ടരയും എല്ലാം നമ്മൾ ഉൾക്കൊള്ളണമെന്നാണ് സംവിധായകൻ പറയുന്നത്!ഭൂരിഭാഗം പ്രേക്ഷകരുടേയും സങ്കൽപ്പങ്ങളുമായി ഒത്തുപോകാത്തതിനാലാണ് കഥാപാത്രങ്ങളുടെ ലുക്കുകൾ വിമർശിക്കപ്പെട്ടത്. സംവിധായകൻ്റെ ഭാവനയെ മാനിച്ച് കഥാപാത്രങ്ങളുടെ രൂപവും വേഷവിധാനങ്ങളും ഉൾക്കൊള്ളാമെന്ന് വിചാരിച്ചാലും പ്രശ്നങ്ങൾ അവിടെ തീരുന്നില്ല.
ടീസർ റിലീസായതിന് ശേഷം ഏറ്റവും കൂടുതൽ വിമർശിക്കപ്പെട്ട രണ്ട് കാര്യങ്ങളാണ് നിലവാരമില്ലാത്ത വിഎഫ്എക്സും,കഥാപാത്രങ്ങളുടെ ലുക്കും.ചിത്രത്തിനൊപ്പം യാത്ര തുടരുമ്പോൾ ഓരോ സീനിലും എന്തെങ്കിലും വിഷയങ്ങൾ നമ്മളെ അലട്ടിക്കൊണ്ടിരിക്കും. കഥയേയും, കഥാപാത്രങ്ങളേയും, പശ്ചാത്തലത്തേയും, അന്നത്തെ കാലഘട്ടത്തേയും കുറിച്ച് കാണികളുടെ മനസ്സിലുണ്ടായിരുന്ന സങ്കൽപ്പങ്ങളുടെ ഏഴയലത്ത് എത്താൻ ആദിപുരുഷിന് കഴിയില്ല. എങ്ങനെയാകണം ഈ ചിത്രം അവതരിപ്പിക്കേണ്ടതെന്ന സംവിധായകൻ്റെ കണക്കുകൂട്ടൽ ആരംഭത്തിൽ തന്നെ പിഴച്ചിരുന്നു. രാമായണം പോലൊരു ഇതിഹാസ മഹാകാവ്യത്തെ ആസ്പദമാക്കിയ ചിത്രത്തിൽ ഇത്രത്തോളം ആനിമേഷൻ കുത്തിനിറയ്ക്കാൻ ശ്രമിച്ചതാണ് ഏറ്റവും വലിയ പിഴവ്.
Find out more: