ബോളിവുഡിൽ അരങ്ങേറ്റം കുറിച്ച് നടി അമല പോൾ! മലയാളത്തിൽ നിന്നും ബോളിവുഡിലേക്കെത്തുന്ന നായികമാരിലേക്കാണ് അമല പോളും ഇടംപിടിച്ചിരിക്കുന്നത്. ബോളിവുഡും സൗത്തിന്ത്യൻ പ്രേക്ഷകരും ഏറെ കാത്തിരിക്കുന്ന ചിത്രത്തിൽ നിർണായക കഥാപാത്രമായാണ് അമല പോളിൻ്റെ അരങ്ങേറ്റം. ദൃശ്യം രണ്ടിൻ്റെ വലിയ വിജയത്തിനു പിന്നാലെ സൗത്തിന്ത്യയിൽ മറ്റൊരു സൂപ്പർ ഹിറ്റ് ചിത്രത്തിൻ്റെ റീമേക്കുമായി എത്തുന്ന അജയ് ദേവ്ഗണിനൊപ്പമാണ് അമല പോളിൻ്റെ അരങ്ങേറ്റം. തെന്നിന്ത്യൻ നായികയിൽ നിന്നും ബോളിവുഡിലേക്ക് അരങ്ങേറ്റം കുറിച്ച് അമല പോളും. ചിത്രത്തിലെ വീഡിയോ ഗാനം ഇതിനോടകം സോഷ്യൽ മീഡിയൽ വളരെ ശ്രദ്ധ നേടിക്കഴിഞ്ഞു. ഗുണ്ടയായ അജയ് ദേവ്ഗണിൻ്റെ കഥാപാത്രവും അമല പോളും തമ്മിലുള്ള പ്രണയമാണ് ദൃശ്യവൽക്കരിച്ചിരിക്കുന്നത്.





  പതിവ് പ്രണയ സീനുകളാണെങ്കിലും അജയ് ദേവ്ഗൺ - അമല കോമ്പിനേഷൻ പ്രേക്ഷകരുടെ ഇഷ്ടം നേടുന്നുണ്ട്. അമല പോൾ മലയാളത്തിൽ അഭിനയിച്ച ക്രിസ്റ്റഫർ തിയറ്ററിൽ വിജയകരമായി പ്രദർശനം തുടരുകയാണ്. മമ്മൂട്ടി ടൈറ്റിൽ കഥാപാത്രമായെത്തിയ ചിത്രത്തിൽ പോലീസ് വേഷത്തിലായിരുന്നു അമല പോൾ പ്രത്യക്ഷപ്പെട്ടത്. മാർച്ച് 30 ന് തിയറ്ററിലെത്തുന്ന ഭോല എന്ന ചിത്രത്തിൽ അജയ് ദേവ്ഗണിൻ്റെ നായിക കഥാപാത്രത്തെയാണ് അമല പോൾ അവതരിപ്പിക്കുന്നത്. ചിത്രത്തിനു റീമേക്ക് ഒരുക്കുമ്പോൾ കൈതിയിൽ നിന്നും വളരെ മാറ്റം വരുത്തിയാണ് അജയ് ദേവ്ഗൺ ചിത്രം ഒരുക്കുന്നത്. കൈതിയിൽ കാർത്തിയുടെ ദില്ലി പറയുന്ന കഥയിലെ കഥാപാത്രത്തെ ഭോലയിൽ ദൃശ്യവൽക്കരിച്ചിരിക്കുകയാണ്.




ദില്ലിയുടെ ഫ്ലാഷ് ബാക്ക് ഭാഗത്താണ് അമല പോൾ പ്രത്യക്ഷപ്പെടുന്നത്. ഭോലയിൾ ദില്ലിയായി അജയ് ദേവഗൺ എത്തുന്നു.അജയ് ദേവ്ഗൺ തന്നെ സംവിധാനം ചെയ്യുന്ന ഭോല ഹെവി ആക്ഷൻ ത്രില്ലർ മൂഡിലാണ് ഒരുക്കുന്നത്. 2019 ൽ‍ പുറത്തിറങ്ങിയ തമിഴ് ചിത്രം കൈതിയുടെ റീമേക്കാണ് ഭോല. ലോകേഷ് കനകരാജ് സംവിധാനം ചെയ്തു കാർത്തി നായകനായെത്തിയ കൈതി വലിയ വിജയമാണ് നേടിയത്. തമിഴ്, തെലുങ്ക്, മലയാളം ഭാഷകളിൽ തിളങ്ങി നിൽക്കുന്ന അമല പോൾ മൈന, രാക്ഷസൻ, ആടൈ, കടാവർ, ടീച്ചർ തുടങ്ങിയ ചിത്രങ്ങളിലൂടെ ഏറെ ശ്രദ്ധ നേടിയിരുന്നു. മലയാളത്തിൽ പൃഥ്വിരാജിൻ്റെ ആടുജീവിതം, തമിഴിൽ അതോ അന്ത പാർവൈ പോലെ എന്നീ ചിത്രങ്ങളാണ് ഇനി അമല പോളിൻ്റെതായി എത്തുന്നത്. 2022 ഡിസംബറിലാണ് അമല ഭോലയിൽ ജോയിൻ ചെയ്തത്. 




തമിഴിൽ നരേൻ അവതരിപ്പിച്ച കഥാപാത്രത്തെയാണ് തബു ഭോലയിൽ അവതരിപ്പിക്കുന്നത്. സഞ്ജയ് മിശ്ര, മകരന്ദ് ദേശ്പാണ്ഡെ, ഗജ്‌രാജ് റാവു എന്നിവരും ചിത്രത്തിലെ പ്രധാന താരങ്ങളാണ്. ടി സീരിസ്, റിലയൻസ് എൻ്റർടെയ്ൻമെൻ്റ്, ഡ്രീം വാരിയേഴ്സ് പിക്ചേഴ്സ് എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്. അച്ഛൻ മകൾ സ്നേഹത്തിന് വളരെ പ്രധാന്യം കൊടുത്ത് ഒരുക്കിയിരിക്കുന്ന ചിത്രം ത്രീഡി ഫോർമാറ്റിലാണ് റിലീസ് ചെയ്യുന്നത്.അജയ് ദേവ്ഗൺ സംവിധാനം ചെയ്യുന്ന നാലാമത്തെ ചിത്രത്തിൽ തബുവും പ്രധാന കഥാപാത്രമാണ്. 2008 ൽ പുറത്തിറങ്ങിയ മേ ഔർ ഹും, 2016 ൽ പുറത്തിറങ്ങിയ ശിവായ്, 2022 ൽ പുറത്തിറങ്ങിയ റൺവേ 34 എന്നിവയാണ് മുമ്പ് അജയ് ദേവ്ഗൺ സംവിധാനം ചെയ്ത ചിത്രങ്ങൾ.

Find out more: